Photo | AP

ഡോര്‍ട്ട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമിഫൈനലിലെ ആദ്യ പാദത്തില്‍ കരുത്തരായ പി.എസ്.ജി.യെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്. ഡോര്‍ട്ട്മുണ്ടിലെ സിഗ്നല്‍ ഇദുന പാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതിയില്‍ നിക്ലാസ് ഫുള്‍ക്രഗ് നേടിയ ഗോളാണ് ഡോര്‍ട്ട്മുണ്ടിന്റെ ആദ്യപാദ ജയത്തിന് വഴിയൊരുക്കിയത്.

36-ാം മിനിറ്റിലാണ് പി.എസ്.ജി.യുടെ നെഞ്ചുതകര്‍ത്ത വിജയഗോള്‍ പിറന്നത്. ഡോര്‍ട്ട്മുണ്ട് താരം ഷ്‌ലോട്ടര്‍ബെക്ക് സ്വന്തം പകുതിയില്‍നിന്ന് ഉയര്‍ത്തി നല്‍കിയ പാസ് നിലത്തുവീഴുംമുന്‍പേ കാലിലേക്കെടുത്ത ഫുള്‍ക്രഗ്, ഒട്ടും സമയം പാഴാക്കാതെ വലയിലെത്തിച്ചു. പന്ത് വലതുകാലിലേക്കെടുത്ത മാത്രയില്‍ത്തന്നെ ബോക്‌സിനകത്തെത്തിച്ച ശേഷം ഇടങ്കാല്‍ ഷോട്ടിലായിരുന്നു ഗോള്‍ കണ്ടെത്തിയത്. അപകടം തടയാന്‍ ഡോണറുമ്മ പന്തെത്തിയ വശത്തേക്കു തന്നെ ചാടിയെങ്കിലും പ്രതിരോധിക്കാനായില്ല.

മത്സരത്തിലുടനീളം പി.എസ്.ജി.യാണ് മികച്ച കളി പുറത്തെടുത്തതെങ്കിലും വിജയം ഡോര്‍ട്ട്മുണ്ടിനൊപ്പം നിന്നു. കിലിയന്‍ എംബാപ്പെയടക്കം കളിച്ചിട്ടും പി.എസ്.ജി.ക്ക് ഗോള്‍ നേടാനായില്ല. രണ്ടാംപാദ സെമി മേയ് എട്ടിന് നടക്കും.