Photo: PTI

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ റിങ്കു സിങ്ങിനെ ടീമിലെടുക്കാത്തതില്‍ ബിസിസിഐക്കെതിരേ വിമര്‍ശനം ശക്തം. കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കായി അരങ്ങേറിയ റിങ്കുവില്‍ നിന്ന് മികച്ച പ്രകടനങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ടീം ആവശ്യപ്പെടുന്ന തരത്തില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങിയ റിങ്കുവിനെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റിയുടെ നടപടിക്കെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും വലിയതരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ റിസര്‍വ് നിരയിലായിരുന്നു റിങ്കുവിന്റെ സ്ഥാനം. ഇതിനെതിരേ മുന്‍ താരം അമ്പാട്ടി റായുഡു ശക്തമായി രംഗത്തെത്തുകയും ചെയ്തു. ഒരു കളിക്കാരന്റെ ക്രിക്കറ്റ് മികവിനാണ് മറ്റ് താരങ്ങളുടെ ഇന്‍സ്റ്റഗ്രാം ലൈക്കിനേക്കാള്‍ പ്രധാന്യം നല്‍കേണ്ടതെന്ന് റായുഡു തുറന്നടിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു റായുഡുവിന്റെ പ്രതികരണം.

നിലവില്‍ തിരഞ്ഞെടുത്തിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ ആരാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ടി20 മത്സരങ്ങളില്‍ 16-ാമത്തെയോ 17-ാമത്തെയോ ഓവറില്‍ ഇറങ്ങി ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ ഒഴുക്കോടെ കളിച്ച് ടീമിനെ വിജയത്തിലെത്തിച്ചിട്ടുള്ളതെന്ന് റായുഡു ചോദിച്ചു. റിങ്കു ഇല്ലാത്തത് വലിയ നഷ്ടമാണ്. നിലവാരമാണ് പ്രധാനമായും വേണ്ടത്. ഏറ്റവും പ്രധാനമായി ഇന്‍സ്റ്റഗ്രാം ലൈക്കിനേക്കാള്‍ പ്രാധാന്യം ഒരു കളിക്കാരന്റെ ക്രിക്കറ്റ് മികവിനായിരിക്കണം, റായുഡു കുറിച്ചു.

ഒറ്റയ്ക്ക് മത്സരത്തിന്റെ ഗതി തന്നെ മാറ്റാന്‍ കെല്‍പ്പുള്ള റിങ്കുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്ന് മുന്‍താരം ഹര്‍ഭജന്‍ സിങ്ങും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഇന്ത്യയ്ക്കായി അരങ്ങേറിയ റിങ്കു 15 ടി20 മത്സരങ്ങളില്‍ നിന്നായി 89 റണ്‍സ് ശരാശരിയില്‍ 356 റണ്‍സടിച്ചിട്ടുണ്ട്. അതും 176.24 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍.