മർദനമേറ്റ രജിത്കുമാർ ആശുപത്രിയിൽ
പയ്യന്നൂര്‍ : കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ കോളേജ് അധ്യാപകനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. മാടായി കോളേജ് അധ്യാപകന്‍ പി.രജിത് കുമാറിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടെയായിരുന്നു മര്‍ദനം. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എട്ടോളം വരുന്ന അക്രമികള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചുവെന്ന് കെ.പി.സി.ടി.എ ഭാരവാഹികള്‍ ആരോപിച്ചു.
രജിത് കുമാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. കള്ളവോട്ട് തടയാനുള്ള ശ്രമം രജിത് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായതിലുഉള്ള പകയാണ് ആക്രമത്തില്‍ കലാശിച്ചതെന്ന ആക്ഷേപമുണ്ട്. പരിക്കേറ്റ രജിത് കുമാര്‍ പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ ചികിത്സയിലാണ്.
രജിത് കുമാറിനെ കെ.പി.സി.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, കണ്ണൂര്‍ സര്‍വകലാശാല മേഖലാ പ്രസിഡണ്ട് ഡോ. ഷിനോ പി ജോസ്, കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ഡോ.ജോബി തോമസ് എന്നിവര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
മര്‍ദനത്തില്‍ പോലീസ് ഇടപെടലുണ്ടായില്ലെങ്കില്‍ നിയമപരമായി നേരിടുമെന്ന് കെ.പി.സി.ടി.എ മേഖലാ കമ്മിറ്റി അറിയിച്ചു. അധ്യാപകനെ ആക്രമിച്ചതില്‍ സംസ്ഥാന മേഖല ഭാരവാഹികളായ ഡോ. ആര്‍ അരുണ്‍ കുമാര്‍, ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത് , ഡോ.ഷിനോ പി ജോസ്, ഡോ. പി പ്രജിത, ഡോ. വി പ്രകാശ് എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി.
