അതിജീവിത ആശുപത്രിയിൽ
കോഴിക്കോട്: കൊടും ചൂടിനിടയ്ക്കും നീതി തേടി കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സമരം ചെയ്തുവരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.കുഴഞ്ഞുവീണയുടനെ കോട്ടപ്പറമ്പ് ആശുപത്രിയിലും പിന്നീട് ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തു.
ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണറിപ്പോര്‍ട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തര മേഖല ഐ.ജി. കെ. സേതുരാമന്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലായിരുന്നു അതിജീവിത തിങ്കളാഴ്ച മുതല്‍ കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ സമരം പുനരാരംഭിച്ചത്.
അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് അക്കാര്യം അന്വേഷിക്കാന്‍ കഴിഞ്ഞ ഏപ്രില്‍ 21-നാണ് ഡി.ജി.പി ഐ.ജി.യെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിരുന്നു. തുടര്‍ന്ന് അതിജീവിതയും സമരസമിതി പ്രവര്‍ത്തകരും ഐ.ജി.യെ കണ്ടപ്പോഴാണ് മൂന്നുദിവസത്തിനകം വിവരം അറിയിക്കാമെന്ന് ഉറപ്പ് നല്‍കിയത്. ഇതേത്തുടര്‍ന്ന് 23-ന് അതിജീവിത താത്കാലികമായി സമരം നിര്‍ത്തുകയായിരുന്നു. എന്നാല്‍, അഞ്ചുദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും സമരം ആരംഭിച്ചത്.
സമരസമിതി പ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍, വി.പി സുഹറ എന്നിവരാണ് അതിജീവിതയെ ആശുപത്രിയില്‍ എത്തിച്ചത്.
