വി.കെ സനോജ്, ആര്യാ രാജേന്ദ്രൻ
‘നമ്മുടെ നാട്ടില്‍ ഇങ്ങനെ പെരുമാറുന്നവരോട് ആര്യ പ്രതികരിച്ചത് പോലെ പെൺകുട്ടികൾ പ്രതികരിക്കണമെന്നാണ് ഡി.വൈ.എഫ്.ഐയുടെ അഭിപ്രായം’
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിൽ മേയർക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ. ആര്യ തെറ്റ് ചെയ്തിട്ടില്ലെന്നും ഡ്രൈവറാണ് മോശമായി പെരുമാറിയതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.
ആര്യാ രാജേന്ദ്രനെതിരെ ആസൂത്രിതമായി നീക്കങ്ങള്‍ നടക്കുന്നു. അവര്‍ക്ക് അപകടം വരുന്ന രീതിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറികടന്നപ്പോള്‍ സ്വാഭാവികമായിട്ടുണ്ടാകുന്ന ചോദ്യംചെയ്യലാണുണ്ടായത്. അത് ചോദ്യം ചെയ്തത് ആര്യയാണെന്ന് കണ്ടപ്പോള്‍, കിട്ടിയ അവസരത്തിൽ അതിനെ മുന്‍നിര്‍ത്തി സൈബര്‍ ആക്രമണം നടത്തുന്നു.
ആര്യ തെറ്റൊന്നും ചെയ്തിട്ടില്ല. അവിടെ എന്തോ വലിയ അധികാരപ്രയോഗമുണ്ടായിട്ടുണ്ട് എന്നൊക്കെയാണ് പറയുന്നത്. അവരോടാണ് മോശമായ രീതിയില്‍ ഡ്രൈവര്‍ പെരുമാറിയത്. നമ്മുടെ നാട്ടില്‍ ഇങ്ങനെ പെരുമാറുന്നവരോട് ആര്യ പ്രതികരിച്ചത് പോലെ പെൺകുട്ടികൾ പ്രതികരിക്കണമെന്നാണ് ഡി.വൈ.എഫ്.ഐയുടെ അഭിപ്രായം.
ആര്യക്ക് പകരം മറ്റൊരു സ്ത്രീയായിരുന്നെങ്കിൽ വീരപരിവേഷം ലഭിക്കുമായിരുന്നു. ഇടതുപക്ഷത്തിന്റെ ഭാഗത്തുള്ള കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ ധിക്കാരം, ഭരണത്തിന്റെ പരാജയം എന്നിങ്ങനെയുള്ള ആഖ്യാനമായിരിക്കും അപ്പോഴുണ്ടാകുക. ഇതൊരു രാഷട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം നീക്കങ്ങളെ ശക്തമായി ഡി.വൈ.എഫ്.ഐ കൈകാര്യം ചെയ്യുമെന്നും വി.കെ സനോജ് കൂട്ടിച്ചേർത്തു.
