Photo: PTI
ന്യൂഡല്‍ഹി: ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍നിന്ന് തഴയപ്പെട്ടതോടെ റിങ്കു സിങ്ങിന്റെ ഹൃദയം തകര്‍ന്നെന്ന് പിതാവ് ഖന്‍ചന്ദ്ര സിങ്. റിങ്കു ടീമിലുള്‍പ്പെടുമെന്ന് തങ്ങള്‍ വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്നതായും ആഘോഷങ്ങള്‍ക്കായി മധുരപലഹാരങ്ങളും പടക്കങ്ങളും തയ്യാറാക്കിവെച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘വലിയ പ്രതീക്ഷയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയ നിരാശയുമുണ്ട്. ആഘോഷിക്കാനായി ഞങ്ങള്‍ മധുരപലഹാരങ്ങളും പടക്കങ്ങളും വാങ്ങിവെച്ചിരുന്നു. റിങ്കു ആദ്യ ഇലവനില്‍ കളിക്കുമെന്നായിരുന്നു ഞങ്ങളുടെ വിചാരം. അതുകൊണ്ടുതന്നെ വളരെ സന്തോഷത്തിലായിരുന്നു. അതെ, അവന്റെ ഹൃദയം തകര്‍ന്നുപോയി. അവന്‍ അമ്മയോട് സംസാരിച്ചു. ആദ്യ പതിനൊന്നിലും പതിനഞ്ചിലും ഉള്‍പ്പെട്ടില്ലെന്നും എന്നാല്‍ ടീമിനൊപ്പം യാത്രചെയ്യുമെന്നും പറഞ്ഞു’, ഖന്‍ചന്ദ്ര പറഞ്ഞു.
ഇന്ത്യക്കായി 15 ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച റിങ്കു സിങ്, 356 റണ്‍സ് നേടിയിട്ടുണ്ട്. 69 ആണ് ഉയര്‍ന്ന സ്‌കോര്‍. 176.24 സ്‌ട്രൈക്ക് റേറ്റോടെയും 89.0 ശരാശരിയോടെയുമാണിത്.
