മാരുതി സുസുക്കി പുറത്തുവിട്ട പുതിയ സ്വിഫ്റ്റിന്റെ ടീസർ ചിത്രം | Photo: Maruti Suzuki
പുതുതലമുറ സ്വിഫ്റ്റിന്റെ ഡിസൈന്‍ സംബന്ധിച്ച സൂചനകള്‍ നല്‍കുന്ന ടീസര്‍ ചിത്രവും മാരുതി സുസുക്കി പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യയിലെ തന്നെ ഹോട്ട് സെല്ലിങ് ഹാച്ച്ബാക്ക് വാഹനമാണ് മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്. മൂന്ന് തലമുറ പിന്നിടുന്ന ഈ വാഹനത്തിന്റെ പുതുതലമുറ മോഡല്‍ മെയ് ഒമ്പതിന് വിപണിയില്‍ എത്തുകയാണ്. അവതരണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്വിഫ്റ്റിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് പുതിയ സ്വിഫ്റ്റിനുള്ള ബുക്കിങ് സ്വീകരിക്കുന്നതെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.
ബുക്കിങ് ആരംഭിച്ചുകൊണ്ടുള്ള അറിയിപ്പിനൊപ്പം പുതുതലമുറ സ്വിഫ്റ്റിന്റെ ഡിസൈന്‍ സംബന്ധിച്ച സൂചനകള്‍ നല്‍കുന്ന ടീസറും മാരുതി സുസുക്കി പുറത്തുവിട്ടിട്ടുണ്ട്. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രിൽ, എല്‍ ഷേപ്പില്‍ തീര്‍ത്തിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ഹെഡ്‌ലാമ്പ്, ബോണറ്റ് എന്നിവ വെളിപ്പെടുത്തുന്ന ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ബോഡി കളറില്‍ നിന്ന് മാറി കറുപ്പണിയിച്ചിരിക്കുന്ന റിയര്‍ വ്യൂ മിററിന്റെ ചിത്രവും ടീസറില്‍ ഇടംനേടിയിട്ടുണ്ട്.
ലുക്കില്‍ വരുത്തുന്ന മാറ്റത്തിനൊപ്പം മെക്കാനിക്കലായുള്ള മാറ്റവും 2024 സ്വിഫ്റ്റില്‍ നല്‍കും. നിലവിലെ സ്വിഫ്റ്റിലുള്ള 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിന് പകരമായി ഇസഡ് സീരീസ് 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ സ്വിഫ്റ്റില്‍ നല്‍കുക. കെ-സീരീസ് എന്‍ജിന്‍ ഉത്പാദിപ്പിച്ചിരുന്ന 90 എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കും പുതിയ എന്‍ജിനും ലഭിക്കും. ഉയര്‍ന്ന ഇന്ധനക്ഷമത, കുറഞ്ഞ എമിഷന്‍ എന്നിവയാണ് എന്‍ജിന്റെ ഹൈലൈറ്റ്.
ടീസറിലൂടെ അറിയിച്ചതും പരീക്ഷണയോട്ടത്തിനിടെ ലഭിച്ച സൂചനകളില്‍ നിന്ന് ഡിസൈനില്‍ കാര്യമായ അഴിച്ചുപണി നടത്തിയിട്ടുണ്ട്. ഹണികോമ്പ് ഡിസൈനിലെ ഗ്രിൽ. ബ്ലാക്ക് സ്മോഗ്ഡ് പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്. എല്‍ ഷേപ്പില്‍ തീര്‍ത്തിരിക്കുന്ന ഡി.ആര്‍.എല്‍, ഗ്രില്ലില്‍ നിന്ന് ബോണറ്റിലേക്ക് സ്ഥാനം മാറിയിട്ടുള്ള ലോഗോ എന്നിവയാണ് പ്രധാന പുതുമ. ബമ്പറിന്റെ ഡിസൈനിലും കാര്യമായ മാറ്റം വരുത്തിയിരിക്കുന്നതിനൊപ്പം ബ്ലാക്ക് ഫിനീഷിങ് ലോവര്‍ലിപ്പും കൊടുത്തിരിക്കുന്നു.
കൂടുതല്‍ പ്രീമിയം ഭാവത്തോടെയായിരിക്കും അകത്തളം ഒരുങ്ങുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഡി-കട്ട് ഡിസൈനിനൊപ്പം സില്‍വര്‍ ഇന്‍സേര്‍ട്ടുകളും നല്‍കിയാണ് സ്റ്റിയറിങ് വീല്‍ തീര്‍ത്തിരിക്കുന്നത്. ഫ്ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പുതിയ സ്വിഫ്റ്റില്‍ നല്‍കിയിട്ടുള്ളത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റും ഇതില്‍ നല്‍കിയിട്ടുണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ മാറ്റം വരുത്തിയിട്ടില്ല. ഇരട്ട നിറങ്ങളിലാണ് ഇന്റീരിയര്‍ തീര്‍ത്തിരിക്കുന്നതെങ്കിലും കറുപ്പിനാണ് ആധിപത്യം.
