അബ്ദുൾറഹീം

നിലമ്പൂര്‍: പതിനേഴു വയസ്സുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ 34 വയസ്സുകാരന് ജീവപര്യന്തം തടവും പുറമെ 10 വര്‍ഷം കഠിനതടവിനും 1,00,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. തൃശ്ശൂര്‍ പള്ളിക്കലിലെ നായാട്ടുവളപ്പില്‍ വീട്ടില്‍ അബ്ദുള്‍ റഹീ (34) മിനെയാണ് നിലമ്പൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.പി. ജോയി ശിക്ഷിച്ചത്.

2018 ഒക്ടോബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം. ലൈംഗികമായി പീഡിപ്പിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ പ്രതി പരാതിക്കാരിയുടെ വീട്ടില്‍നിന്ന് വശീകരിച്ച് മനപൂര്‍വം കടത്തിക്കൊണ്ടുപോയെന്നും 2018 നവംബര്‍ 13 വരെയുള്ള കാലയളവില്‍ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് കേസ്. അതിക്രമത്തിന് ഇരയാക്കിയ കാര്യത്തിന് നിലമ്പൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്.

പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം സാധാരണ തടവും അനുഭവിക്കണം. ജയിലില്‍ക്കിടന്ന കാലം ശിക്ഷ ആയി പരിഗണിക്കും. പ്രതി പിഴ അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു നല്‍കണം. നിലവില്‍ പേരാമ്പ്ര ഡിവൈ.എസ്.പി.യും അന്നത്തെ നിലമ്പൂര്‍ ഇന്‍സ്‌പെക്ടറുമായ കെ.എം. ബിജു ആണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ അതിജീവിതയെ ചൈന്നെയില്‍നിന്ന് കണ്ടെത്തി. കൂടെയുണ്ടായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സുനില്‍ പുളിക്കല്‍ ആണ് കേസന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി.

പ്രോസിക്യൂഷനു വേണ്ടി 20 സാക്ഷികളെ വിസ്തരിച്ചു. 28 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.