സഞ്ജു, ജോമോൻ ചക്കാലക്കൽ, Photo:PTI, Screengrab

പാലക്കാട്: മലയാളി താരം സഞ്ജു സാംസണെ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത് ബി.ജെ.പിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാവ്. ബി.ജെ.പി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന്‍ ചക്കാലക്കലാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ബി.ജെ.പി. സംഘടനാ സെക്രട്ടറി സുഭാഷ് ഇടപെട്ടാണ് സഞ്ജുവിനെ ടീമിലെടുത്തതെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ജോമോന്‍ പറയുന്നത്.

തിരുവനന്തപുരത്ത് നടന്ന ഒരു യോഗത്തില്‍ താന്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നില്ലെന്ന കാര്യം സുഭാഷിനുമുന്നിൽ ഉന്നയിച്ചിരുന്നു. അതിന് ശേഷം സുഭാഷ് ഇടപെടല്‍ നടത്തിയാണ് സഞ്ജു ടീമിലെത്തുന്നത്. പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായുമൊക്കെ നേരിട്ട് ഇടപെടാന്‍ തക്ക ബന്ധമുള്ളയാളാണ് സുഭാഷെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം ഇടപെട്ടാണ് പോസ്റ്റ് പിന്‍വലിപ്പിച്ചതെന്നാണ് സൂചന.

ജോമോന്‍ ചക്കാലക്കലിന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ചൊവ്വാഴ്ചയാണ് ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജു ഉള്‍പ്പെടെ 15-അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. കരിയറില്‍ ആദ്യമായാണ് ഇന്ത്യയുടെ ലോകകപ്പ് ടീമിൽ സഞ്ജു ഇടംപിടിക്കുന്നത്. നേരത്തേ ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ടെങ്കിലും ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. 2024 ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജുവിന്റേത്.