Photo: PTI
ലഖ്നൗ: ബൗളര്‍മാര്‍ക്കു പിന്നാലെ ബാറ്റിങ് നിരയും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നാലു വിക്കറ്റിന്റെ ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ടോസ് നേടിയ ശേഷം ബൗളിങ് തിരഞ്ഞെടുത്ത് മുംബൈയെ 144 റണ്‍സിലൊതുക്കിയ ലഖ്‌നൗ നാലു പന്ത് ബാക്കിനില്‍ക്കേ ആറു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ജയത്തോടെ 10 കളികളില്‍ നിന്ന് 12 പോയന്റുമായി ലഖ്‌നൗ മൂന്നാം സ്ഥാനത്തെത്തി. ഏഴാം തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച അവസ്ഥയിലാണ്.
അര്‍ധ സെഞ്ചുറി നേടിയ മാര്‍ക്കസ് സ്റ്റോയ്‌നിസ് ഒരിക്കല്‍ കൂടി ടീമിന്റെ വിജയശില്‍പിയായി. 45 പന്തുകള്‍ നേരിട്ട സ്റ്റോയ്‌നിസ് രണ്ട് സിക്‌സറുകളുടെയും ഏഴ് ഫോറിന്റെയും അകമ്പടിയോടെ 62 റണ്‍സെടുത്തു.
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ (0) നഷ്ടമായ ലഖ്‌നൗവിന്റെ തുടക്കം പാളിപ്പോയിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ – സ്റ്റോയ്‌നിസ് സഖ്യം ഇന്നിങ്‌സ് ട്രാക്കിലാക്കി. എട്ടാം ഓവറില്‍ രാഹുലിനെ മടക്കി ഹാര്‍ദിക്ക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെ സ്ഥാനം നഷ്ടപ്പെട്ട രാഹുല്‍ 22 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 28 റണ്‍സെടുത്താണ് പുറത്തായത്.
പിന്നാലെ ദീപക് ഹൂഡ (18), സ്റ്റോയ്‌നിസ്, ആഷ്ടണ്‍ ടര്‍ണര്‍ (5), ആയുഷ് ബധോനി (6) എന്നിവരെ പുറത്താക്കി മുംബൈ സമ്മര്‍ദം ചെലുത്തിയെങ്കിലും ക്രീസില്‍ ഉറച്ചുനിന്ന നിക്കോളാസ് പുരന്‍ (14*) ടീമിനെ വിജയത്തിലെത്തിച്ചു.
മുംബൈക്കായി ഹാര്‍ദിക് രണ്ടു വിക്കറ്റ് വീഴ്ത്തി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ജസ്പ്രീത് ബുംറ പതിവുപോലെ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് മാത്രമാണ് നേടാനായത്.
രോഹിത് ശര്‍മ (4), സൂര്യകുമാര്‍ യാദവ് (10), തിലക വര്‍മ (7), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (0) എന്നിവരെല്ലാം ലഖ്നൗ ബൗളിങ്ങിനു മുന്നില്‍ കളിമറന്നപ്പോള്‍ ആറാമനായി ക്രീസിലെത്തിയ നേഹന്‍ വധേരയുടെ ഇന്നിങ്സാണ് മുംബൈയെ മാന്യമായ സ്‌കോറിലെത്തിച്ചത്. 41 പന്തുകള്‍ നേരിട്ട വധേര രണ്ട് സിക്സും നാല് ഫോറുമടക്കം 46 റണ്‍സെടുത്തു.
ഒരു ഘട്ടത്തില്‍ നാലിന് 27 റണ്‍സെന്ന നിലയില്‍ തകര്‍ന്ന മുംബൈയെ കരകയറ്റിയത് ഇഷാന്‍ കിഷനെ കൂട്ടുപിടിച്ച് വധേര നടത്തിയ രക്ഷാപ്രവര്‍ത്തനമാണ്. അഞ്ചാം വിക്കറ്റില്‍ 53 റണ്‍സാണ് ഈ സഖ്യം ചേര്‍ത്തത്. കിഷന്‍ 36 പന്തില്‍ നിന്ന് 32 റണ്‍സെടുത്തു. മൂന്ന് ബൗണ്ടറികള്‍ മാത്രം ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
അവസാന ഓവറുകളില്‍ മെച്ചപ്പെട്ട ബാറ്റിങ് പുറത്തെടുത്ത ടിം ഡേവിഡാണ് മുംബൈ സ്‌കോര്‍ 144-ല്‍ എത്തിച്ചത്. വെറും 18 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം ഡേവിഡ് 35 റണ്‍സോടെ പുറത്താകാതെ നിന്നു.
ലഖ്നൗവിനായി മൊഹ്സിന്‍ ഖാന്‍ രണ്ടു വിക്കറ്റെടുത്തു.
