Photo: instagram.com/imsanjusamson/
ജയ്പുര്‍: കാത്തിരിപ്പുകള്‍ക്കൊടുവില്‍ 2024-ലെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ചൊവ്വാഴ്ചയാണ് ബിസിസിഐ എക്‌സിലൂടെ ടീം പ്രഖ്യാപിച്ചത്. ഒമ്പത് വര്‍ഷം നീണ്ട ഇന്ത്യന്‍ ടീം കരിയറില്‍ ഇതാദ്യമായാണ് സഞ്ജു ഒരു ലോകകപ്പ് ടീമില്‍ ഇടംനേടുന്നത്. ഇതിനു പിന്നാലെ ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സഞ്ജു.
ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യന്‍ ടീമിന്റെ ജാക്കറ്റ് ധരിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം’ എന്നാണ് സഞ്ജു കുറിച്ചിരിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ വേടന്‍ രചിച്ച് സുഷിന്‍ ശ്യാം ഈണം നല്‍കിയ ഗാനത്തിന്റെ ആദ്യ വരിയാണിത്. തന്റെ ഇത്രയും നാളത്തെ പ്രയത്‌നത്തെ സൂചിപ്പിച്ച് സഞ്ജു കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

കെ.എല്‍ രാഹുല്‍, ജിതേഷ് ശര്‍മ, ദിനേശ് കാര്‍ത്തിക്, ധ്രുവ് ജുറേല്‍ തുടങ്ങിയവരെ പിന്നിലാക്കിയാണ് ഋഷഭ് പന്തിനൊപ്പം സഞ്ജു ലോകകപ്പ് സ്‌ക്വാഡില്‍ ഇടംനേടിയത്. ഇത്തവണത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍ത്ത് കളിക്കുന്ന സഞ്ജുവിനെ അവഗണിക്കാന്‍ സെലക്ടര്‍മാര്‍ക്കായില്ല.
ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 385 റണ്‍സോടെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് താരം. സഞ്ജുവിന്റെ ബാറ്റിങ് ശരാശരിയും സ്‌ട്രൈക്ക് റേറ്റുമെല്ലാം മികച്ചതാണ്. ഇതോടൊപ്പം രാജസ്ഥാന്റെ ക്യാപ്റ്റനെന്ന നിലയിലും തിളങ്ങുകയാണ് താരം.
