സഞ്ജു സാംസൺ |ഫോട്ടോ:PTI
”അത് അങ്ങനെയാണ്. മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം” -കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമില്‍നിന്ന് സ്ഥാനം നഷ്ടമായപ്പോള്‍ സഞ്ജു സാംസണ്‍ നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു. അധികം വൈകാതെ സഞ്ജുവിന്റെ കാത്തിരിപ്പ് ഫലംകണ്ടിരിക്കുന്നു. ഒമ്പതാം ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു ടീമില്‍. കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, ദിനേശ് കാര്‍ത്തിക് അടക്കമുള്ളവരെ പിന്തള്ളിയാണ് സഞ്ജു 15 അംഗ ടീമില്‍ ഇടംപിടിച്ചത്.
ടീം പ്രഖ്യാപനംവരെ സഞ്ജുവിനെ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍. ഗൗതം ഗംഭീറടക്കമുള്ള മുന്‍താരങ്ങള്‍ സഞ്ജുവിനായി പരസ്യമായി രംഗത്തെത്തി. എക്‌സ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും സഞ്ജു ട്രെന്‍ഡായി. ഒടുവില്‍ മറ്റുചര്‍ച്ചകള്‍ക്കൊന്നും അവസരം നല്‍കാതെ 29-കാരനെ സെലക്ഷന്‍ കമ്മിറ്റി ടീമിലുള്‍പ്പെടുത്തി.
ഐ.പി.എലിലെ മികച്ചഫോമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ നായകന് തുണയായത്. സീസണില്‍ ഇതുവരെ ഒമ്പത് ഇന്നിങ്‌സില്‍ 77 ശരാശരിയില്‍ 385 റണ്‍സടിച്ചു. 161.08 സ്‌ട്രൈക്കറ്റ് റേറ്റുള്ള താരം സീസണില്‍ സ്ഥിരതയോടെ ബാറ്റുവീശി. അനാവശ്യഷോട്ടിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. തന്നെ മാറ്റിനിര്‍ത്താനാവില്ലെന്ന് സ്വയം തെളിയിച്ചാണ് സഞ്ജുവിന്റെ ടീം പ്രവേശനം.
2015-ല്‍ സിംബാബ്വേക്കെതിരായ ട്വന്റി-20 പരമ്പരയില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച സഞ്ജു ആദ്യമായാണ് ലോകകപ്പ് ടീമിലെത്തുന്നത്. മുമ്പ് രണ്ടുവട്ടം ലോകകപ്പ് ടീമിന്റെ പടിവാതില്‍ക്കലെത്തിയെങ്കിലും അവസാനനിമിഷം തഴയപ്പെട്ടു.
2022-ല്‍ ഓസ്‌ട്രേലിയന്‍ ട്വന്റി-20 ലോകകപ്പായിരുന്നു അതില്‍ ആദ്യം. ആ ടൂര്‍ണമെന്റിന് മുന്നോടിയായി സഞ്ജുവിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ളവര്‍ പ്രശംസിച്ചിരുന്നു. സഞ്ജുവിന്റെ പുള്‍ ഷോട്ടും കട്ട് ഷോട്ടും ടീമിന് മുതല്‍ക്കൂട്ടാകുമെന്നു പറഞ്ഞ രോഹിത് ഇങ്ങനെ കളിക്കുന്നവരെ ടീമില്‍ ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ പ്രസ്താവനയ്ക്കു ശേഷംനടന്ന ഐ.പി.എലിലും സഞ്ജു തിളങ്ങി. 146.76 സ്‌ട്രൈക്ക് റേറ്റില്‍ 458 റണ്‍സ്. എന്നാല്‍, ഐ.പി.എലിനുശേഷം വലംകൈ ബാറ്ററെ അവഗണിച്ചു. അതിനുശേഷം ഇന്ത്യ ആറ് ദ്വിരാഷ്ട്ര പരമ്പരയും ഏഷ്യാകപ്പും കളിച്ചു. ഇതില്‍ അവസരം കിട്ടിയത് രണ്ടുതവണ മാത്രം. ഈ രണ്ടിലും തിളങ്ങിയെങ്കിലും ടീമിലെടുത്തില്ല. ദിനേശ് കാര്‍ത്തിക്കും ഋഷഭ് പന്തും ഓസ്‌ട്രേലിയയിലേക്കുള്ള വിമാനം കയറി. രണ്ടുപേരും ആ ലോകകപ്പില്‍ തിളങ്ങിയതുമില്ല.
കഴിഞ്ഞ ഏകദിന ലോകകപ്പിലും അതുപോലെ സംഭവിച്ചു. അവസാനംവരെ സഞ്ജു ടീമില്‍ വരുമെന്ന് തോന്നിപ്പിച്ചു. മുതിര്‍ന്നതാരങ്ങളും സഞ്ജുവിനെ പിന്തുണച്ചു. എന്നാല്‍, രാഹുലിനെ ഉള്‍പ്പെടുത്തി. ഇത്തരം അവഗണനകളെ മറികടന്നാണ് സഞ്ജുവിന്റെ ഇപ്പോഴത്തെ ടീം പ്രവേശനം.
ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് സഞ്ജു. സുനില്‍ വാത്സണ്‍ (1983), എസ്. ശ്രീശാന്ത് (2007 ട്വന്റി-20, 2011 ഏകദിനം) എന്നിവര്‍ ലോകകപ്പുകളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി. മലയാളികള്‍ ഭാഗമായ മൂന്നു ലോകകപ്പിലും ഇന്ത്യ കിരീടംചൂടി.
