Photo | PTI

മുംബൈ: ഐ.പി.എലില്‍ കഴിഞ്ഞദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് മറ്റൊരു തിരിച്ചടികൂടി. കുറഞ്ഞ ഓവര്‍ നിരക്കിന് ഹാര്‍ദിക് 24 ലക്ഷം രൂപ പിഴയടക്കണമെന്ന് ബി.സി.സി.ഐ. നിര്‍ദേശം നൽകി. സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മുംബൈക്ക് ലഭിക്കുന്ന രണ്ടാമത്തെ പിഴശിക്ഷയാണിത്.

ടീമിലെ ഇംപാക്ട് പ്ലെയര്‍ ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങളും പിഴയടക്കണം. ആറ് ലക്ഷമോ മാച്ച് ഫീയുടെ 25 ശതമാനമോ ആണ് മറ്റുള്ളവര്‍ പിഴയടയ്‌ക്കേണ്ടത്. ഇതില്‍ ഏതാണോ കുറവുള്ളത് അത് അടയ്ക്കാം. നേരത്തേ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ഹാര്‍ദിക് 12 ലക്ഷം രൂപ അടച്ചിരുന്നു. ഇത്തവണ ഇരട്ടി തുക അടയ്ക്കണം.

ചൊവ്വാഴ്ച ലഖ്‌നൗവിലെ ഏകന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നും ലഖ്‌നൗവിന്റെ ജയം. മുംബൈയുടെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണിത്. ഇതോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. ഒന്‍പത് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മുംബൈ. മേയ് മൂന്നിന് വാംഖഡെയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.