Photo | AFP
മ്യൂണിക്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി ഫൈനല്‍ ആദ്യ പാദത്തില്‍ ബയേണ്‍ മ്യൂണിക് – റയല്‍ മാഡ്രിഡ് മത്സരം സമനിലയില്‍. ബയേണ്‍ മ്യൂണിക്കിന്റെ ഗ്രൗണ്ടായ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ 2-2 എന്ന നിലയില്‍ ആദ്യപാദം അവസാനിച്ചു. റയലിന്റെ രണ്ട് ഗോളുകളും വിനീഷ്യസ് ജൂനിയറിന്റെ വകയാണ്. ബയേണിനായി ലെറോയ് സനെയും ഹാരി കെയ്‌നും ഗോളുകള്‍ നേടി. പെനാല്‍റ്റി വഴിയാണ് രണ്ട് ടീമിന്റെയും ഓരോ ഗോള്‍.
മത്സരത്തിന്റെ 24-ാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് ആണ് ആദ്യ മുന്നേറ്റം നടത്തിയത്. ടോണി ക്രൂസിന്റെ പാസിലായിരുന്നു വിനിഷ്യസിന്റെ ഗോള്‍. മധ്യത്തില്‍നിന്ന് ബോക്‌സിനകത്തേക്ക് ക്രൂസ് തൊടുത്തുവിട്ട പന്ത്, അതിവേഗത്തിലെത്തിയ വിനീഷ്യസ് പോസ്റ്റിലേക്ക് പായിച്ചു. ഇതോടെ ആദ്യ പകുതിയില്‍ റയല്‍ ഒരു ഗോളിന്റെ ആനുകൂല്യം നേടി.
53-ാം മിനിറ്റില്‍ ബയേണിന്റെ മറുപടിവന്നു. വലതു ടച്ച്‌ലൈനില്‍നിന്ന് ലഭിച്ച പന്തുമായി ബോക്‌സിലേക്ക് കുതിച്ച സനെ, മികച്ച ഒരു ഷോട്ടില്‍ ഗോള്‍ നേടി. റയല്‍ ഗോള്‍ക്കീപ്പര്‍ ആന്‍ഡ്രി ലുനിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുന്‍പുതന്നെ സനെ പന്ത് വലയിലെത്തിച്ചിരുന്നു. സനെയുടെ വ്യക്തിഗത മികവിന്റെ അടയാളംകൂടിയായി ഈ ഗോള്‍. ഇതോടെ ബയേണ്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു 1-1.
നാലു മിനിറ്റിനകംതന്നെ ബയേണിന്റെ അടുത്ത ഗോളും പിറന്നു. 56-ാം മിനിറ്റില്‍ പന്തുമായി മുന്നേറുകയായിരുന്ന ബയേണിന്റെ മുസിയാളയെ റയല്‍ താരം വാസ്‌ക്വസ് ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത ഹാരി കെയ്‌ന് പിഴച്ചില്ല. ആന്‍ഡ്രി ലുനിനെ തെറ്റായ ദിശയിലേക്ക് നയിച്ച്, കെയിന്‍ വളരെ ശാന്തമായി പന്ത് അകത്തെത്തിച്ചു. ആദ്യ പകുതിയില്‍ പിന്നിട്ടുനിന്ന ബയേണിന്റെ തിരിച്ചുവരവ് (2-1).
ബയേണിന്റെ സന്തോഷം പക്ഷേ, 83-ാം മിനിറ്റുവരെയേ നീണ്ടുനിന്നുള്ളൂ. 83-ാം മിനിറ്റില്‍ റയല്‍ താരം റോഡ്രിഗോയെ ഫൗള്‍ ചെയ്ത ബയേണിന്റെ കിം മിന്‍ ജെയുടെ പ്രവൃത്തി പെനാല്‍റ്റി അനുവദിക്കുന്നതിലേക്ക് വഴിവെച്ചു. കിം മിന് മഞ്ഞക്കാര്‍ഡും ലഭിച്ചു. കിക്കെടുത്ത വിനിഷ്യസ് ലക്ഷ്യം കണ്ടതോടെ മത്സരം സമനിലയില്‍ അവസാനിച്ചു.
