കൊല്ലം റെയിൽവേ യാഡിലെത്തിയ ചരക്കുതീവണ്ടിയിൽനിന്ന് സിമന്റ് ചാക്കുകൾ ട്രക്കിലേക്കു കയറ്റിയതിനുശേഷം വാഗണിന്റെ സമീപം വിശ്രമിക്കുന്ന തൊഴിലാളികൾ

കൊല്ലം: ഇന്ന് സാർവദേശീയ തൊഴിലാളിദിനം. സംഘടിച്ചു ശക്തരായതിന്റെ ഓർമ്മയ്ക്കായി ലോകമത് ആചരിക്കുമ്പോൾ തൊഴിലാളിസമര ചരിത്രത്തിലെ കൊല്ലത്തിന്റെ സംഭാവനയും ഓർക്കാം. കൊല്ലത്തെ വിദേശ കമ്പനികളായിരുന്ന എ.ഡി. കോട്ടൺമിൽ, ഹാരിസൺ ക്രോസ് ഫീൽഡ് എന്നിവിടങ്ങളിലെ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്കിനെ തുടർന്നാണ് 1942-ൽ ആദ്യമായി ബോണസ് നൽകിയത്. ഇംഗ്ലണ്ടിൽപ്പോലും ബോണസ് എന്നൊരു ഏർപ്പാടില്ലെന്നും അടിച്ചമർത്തുമെന്നുമായിരുന്നു ഹാരിസൺ കമ്പനി മാനേജ്‌മെന്റിന്റെ നിലപാട്.

ഇംഗ്ലണ്ടിലെ സാമൂഹിക സുരക്ഷിതത്വമല്ല ഇവിടെയെന്നും പട്ടിണിക്കാശിന് പണിയെടുക്കുന്നവർക്ക് ബോണസ് തന്നേ പറ്റൂ എന്നുമായി തൊഴിലാളികൾ. ബോണസ് കൂടിയേ തീരൂ എന്ന നിലപാടിൽ ക്വയിലോൺ ഫാക്ടറി വർക്കേഴ്‌സ് യൂണിയൻ നേതാക്കളായ ശ്രീകണ്ഠൻ നായരും ടി.കെ.ദിവാകരനുമെല്ലാം ഉറച്ചുനിന്നു. ഓണത്തിന് മൂന്നര ഇടങ്ങഴി അരി നൽകാം എന്നതായിരുന്നു ആദ്യത്തെ ബോണസ് വ്യവസ്ഥ. ഏഴുനാളുകളിൽ പ്രതിദിനം രണ്ടുനാഴി അരിവീതം നൽകി. അടുത്ത വർഷങ്ങളിൽ അത് വർധിച്ച്‌ ഒൻപത്‌ ഇടങ്ങഴിവരെയായി. 44-45 കാലത്ത് ഭക്ഷ്യദൗർലഭ്യം രൂക്ഷമായപ്പോഴാണ് ബോണസ് പണമായി നൽകാൻ തുടങ്ങിയതെന്നും ചരിത്രം. ബോണസ് സമ്പ്രദായം തുടങ്ങിയിട്ട് 82 കൊല്ലമാകുകയാണ്. ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ട് 77 വർഷവും.

1946-ൽ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. വിളിച്ചുചേർത്ത ത്രികക്ഷിയോഗത്തിലാണ് ബോണസിന് അംഗീകാരം ലഭിച്ചത്. ലാഭനഷ്ട പരിഗണന കൂടാതെ എല്ലാ വ്യവസായ തൊഴിലാളികൾക്കും മാറ്റിവയ്ക്കപ്പെട്ട കൂലി എന്നനിലയിൽ നാലുശതമാനം ബോണസ് നൽകിത്തുടങ്ങി. 1948 സെപ്റ്റംബർ 23 തിരുവിതാംകൂർ സമ്മേളനത്തിൽ തൊഴിൽമന്ത്രി സി.കേശവൻ വിളിച്ചുചേർത്ത രണ്ടാമത് ത്രികക്ഷി സമ്മേളനത്തിൽ തീരുമാനം ഉറപ്പിച്ചു. ഗുൽസാരിലാൽ നന്ദ കേന്ദ്ര തൊഴിൽമന്ത്രിയായപ്പോൾ വാർഷിക ബോണസ് എന്ന തൊഴിലാളികളുടെ അവകാശവാദത്തെപ്പറ്റി സമഗ്രമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബോണസ് കമ്മിഷനും രൂപവത്കരിച്ചു. 1965-ൽ പേമെന്റ്‌ ഓഫ് ബോണസ് ആക്ട് ലോക്‌സഭ പാസാക്കുകയും ചെയ്തു. നാലുശതമാനം മിനിമം ബോണസും ലാഭവീത ബോണസും ലഭിക്കാനുള്ള തൊഴിലാളികളുടെ അവകാശം അംഗീകരിക്കപ്പെട്ടു. പിൽക്കാലത്ത് മിനിമം ബോണസ് 8.33 ശതമാനമായി ഉയർത്തുകയും ചെയ്തു. പല മേഖലകളിലും പല രീതിയിലാണ് ഇപ്പോൾ ബോണസ്. തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയാണ് പലയിടങ്ങളിലും തീരുമാനിക്കുന്നത്. ഇപ്പോൾ പരമാവധി ബോണസ് 20 ശതമാനമാണ്.