പ്രതി ധനീഷ്(ഫയൽചിത്രം, ഇടത്ത്) ധനീഷിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ(വലത്ത്)

പകവീട്ടല്‍ പോരെന്ന് തോന്നിയതിനാലാണ് കൊല്ലാന്‍ തീരുമാനിച്ചതെന്ന് ധനീഷ് പോലീസിനോട് പറഞ്ഞു. അമ്മയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിലുള്ള വിരോധം മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തിയെന്ന് ധനീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

കോഴിക്കോട്: നഗരത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളയില്‍ സ്വദേശി പി.കെ.പി. റോഡിലെ ‘സോദരി നിവാസി’ല്‍ എന്‍.പി. ധനീഷാണ് (33) പിടിയിലായത്. പണിക്കര്‍ റോഡ് നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടില്‍ ശ്രീകാന്തിനെ (47) ഞായറാഴ്ച പുലര്‍ച്ചെ വെട്ടിക്കൊന്ന കേസിലാണ് ധനീഷ് പിടിയിലായത്. 28-ന് പുലര്‍ച്ചെ 5.45-ന് പണിക്കര്‍ റോഡിന് സമീപം കണ്ണന്‍കടവ് വെച്ചാണ് ശ്രീകാന്ത് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11.30-നാണ് ഇയാള്‍ പിടിയിലാവുന്നത്. ശ്രീകാന്തിന്റെ ബന്ധുകൂടിയായ ധനീഷ് വെല്‍ഡിങ് തൊഴിലാളിയാണ്.

ധനീഷിന്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയോടെ പെരുമാറിയതിലുള്ള വ്യക്തിവിരോധമാണ് കൊലയ്ക്ക് കാരണമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ പറഞ്ഞു. 36 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചത് അന്വേഷണസംഘത്തിന്റെ മികവാണെന്നും അദ്ദേഹം പറഞ്ഞു. 26-ന് പുലര്‍ച്ചെ 12.30-ഓടെ കേരളാസോപ്സിന്റെ പുറകുവശത്തെ ഗേറ്റിനു സമീപം പാര്‍ക്ക് ചെയ്ത ശ്രീകാന്തിന്റെ വെള്ള സാന്‍ട്രോ കാര്‍ പെട്രോളൊഴിച്ച് കത്തിച്ചതും ധനീഷാണെന്ന് പോലീസ് പറഞ്ഞു. ഇതേ കേസില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് ശ്രീകാന്ത് കൊല്ലപ്പെട്ടത്.

കാര്‍ കത്തിച്ചിട്ടും പകതീരാത്ത ധനീഷ് ഹാര്‍ബറില്‍വെച്ച് രാത്രി മദ്യപിക്കുകയായിരുന്ന ശ്രീകാന്തിനെയും സുഹൃത്ത് ജിതിനെയും കണ്ടു. പിന്നീട് മൂന്നുമണിയോടെ വീട്ടില്‍പ്പോയ ധനേഷ് ശ്രീകാന്തിനെ വകവരുത്താന്‍ തയ്യാറായി തിരികെ ഹാര്‍ബറിലേക്ക് എത്തി. എന്നാല്‍, ശ്രീകാന്തിന്റെ സുഹൃത്തുക്കള്‍ ഉള്ളതിനാല്‍ അവസരത്തിനായി കാത്തുനിന്നു. അഞ്ചരയോടെ ഓട്ടോറിക്ഷയില്‍ ശ്രീകാന്ത് പുറത്തേക്ക് പോകുന്നതുകണ്ട് പിന്നാലെ പോയി. ശ്രീകാന്ത് ഓട്ടോറിക്ഷ നിര്‍ത്തി വിശ്രമിക്കുമ്പോള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മല്‍പ്പിടിത്തത്തിനിടെ റോഡിന്റെ എതിര്‍വശത്ത് പാതയോരത്ത് തെറിച്ചുവീണ ശ്രീകാന്തിന്റെ മരണം ഉറപ്പുവരുത്തിയതിനുശേഷം സമീപത്തുള്ള ഇടവഴിയിലൂടെ സ്‌കൂട്ടര്‍ ഓടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ജി. സുരേഷ്, വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ജി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.

എസ്.എസ്.ഒ. മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, ഷാഫി പറമ്പത്ത്, എ. പ്രശാന്ത്കുമാര്‍, എം. ഷാലു, സുജിത്ത്, എസ്.ഐ. ബി.എസ്. ഭാവിഷ്, എ.എസ്.ഐ. ദീപു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. ദീപു, സൈബര്‍ സെല്ലിലെ രൂപേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

കാര്‍ കത്തിച്ചിട്ടും അരിശം അടങ്ങിയില്ല, കൊലയില്‍ കലാശിച്ചത് തീരാപ്പക

കോഴിക്കോട്: ഓട്ടോറിക്ഷ ഡ്രൈവറെ ബന്ധുവായ യുവാവ് കൊന്നത് കാര്‍ കത്തിച്ചിട്ടും പ്രതികാരം തീരാത്തതിനെത്തുടര്‍ന്ന്. പണിക്കര്‍ റോഡ് നാലുകുടി പറമ്പ് ശ്രീമന്ദിരം വീട്ടില്‍ ശ്രീകാന്തി(47)നെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബന്ധു വെള്ളയില്‍ സ്വദേശി പി.കെ.പി. റോഡില്‍ സോദരി നിവാസില്‍ എന്‍.പി. ധനീഷ് (33) ശ്രീകാന്തിന്റെ കാര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കത്തിച്ച കേസിലും പ്രതിയാണ്. പകവീട്ടല്‍ പോരെന്ന് തോന്നിയതിനാലാണ് കൊല്ലാന്‍ തീരുമാനിച്ചതെന്ന് ധനീഷ് പോലീസിനോട് പറഞ്ഞു. അമ്മയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിലുള്ള വിരോധം മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തിയെന്ന് ധനീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ധനീഷ് വീട്ടില്‍നിന്ന് ഇരുമ്പുദണ്ഡുമായിട്ടായിരുന്നു വെള്ളിയാഴ്ച കടപ്പുറത്തെത്തിയത്. ബീച്ചില്‍ നിര്‍ത്തിയിട്ട ശ്രീകാന്തിന്റെ കാറിന്റെ ചില്ല് അടിച്ചുപൊട്ടിച്ച് ആ ദ്വാരത്തിലൂടെ പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തി. കാര്‍ കത്തുന്നതുകണ്ട് പ്രദേശവാസികളിലൊരാള്‍ ബീച്ച് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഏകദേശം ആറ് മിനിറ്റിനുള്ളില്‍ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തി തീയണച്ചു. ഈ ദൃശ്യങ്ങളെല്ലാം ശ്രദ്ധിച്ചുകൊണ്ട് ഏകദേശം 200 മീറ്റര്‍ മാറി ധനീഷ് നില്‍ക്കുന്നുണ്ടായിരുന്നു. വീട്ടിലേക്കുപോയ ധനീഷ് ശനിയാഴ്ച ശ്രീകാന്തിനെയും അന്വേഷിച്ച് പകല്‍ ബീച്ചിലെത്തി.

അമ്മയോട് മോശമായി പെരുമാറിയതിനെപ്പറ്റി ശ്രീകാന്തിനോട് ചോദിക്കാനായിരുന്നു അവിടേക്ക് എത്തിയത്. എന്നാല്‍, യാതൊരു ഭാവമാറ്റവുമില്ലാതെ ബന്ധുകൂടിയായ ശ്രീകാന്ത് സ്‌നേഹം ഭാവിച്ച് ധനീഷിന് തിന്നാന്‍ നിലക്കടലകൊടുത്തു. എന്നാല്‍, ഇത് നിരസിക്കുകയും ചെറിയ വാക്കേറ്റത്തിനുശേഷം ധനീഷ് വീട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്തു. എന്നിട്ടും പകതീരാതെ ഞായറാഴ്ച പുലര്‍ച്ചെ കൊലചെയ്യുകയായിരുന്നുവെന്നാണ് മൊഴി. ഇരുസംഭവങ്ങള്‍ക്കു പിന്നിലും ഒരേ വ്യക്തിയാകാനാണ് സാധ്യതയെന്ന നിഗമനത്തിലായിരുന്നു തുടക്കംമുതലുള്ള അന്വേഷണം.

ഒട്ടേറേ സി.സി.ടി.വി. ദൃശ്യങ്ങളുടെയും മറ്റ് ശാസ്ത്രീയതെളിവുകളുടെയും അടിസ്ഥാനത്തിലാണ് ധനീഷിലേക്ക് എത്തിയത്. സംഭവസ്ഥലത്തിന് സമീപത്തുനിന്നുമാറി ചോരപുരണ്ട കൊടുവാളുമായി സ്‌കൂട്ടറില്‍ ഒരാള്‍ യാത്രചെയ്യുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കൊല്ലപ്പെട്ട ശ്രീകാന്ത് പ്രഭുരാജ് വധക്കേസുള്‍പ്പെടെ ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, അത്തരം കേസുകളുമായി ബന്ധപ്പെട്ട് ആരെങ്കിലുമായിരിക്കുമോ കൊലയ്ക്കുപിന്നിലെന്ന് ആദ്യഘട്ടത്തില്‍ സംശയമുണ്ടായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ഏകദേശം 5.30-ഓടെ ശ്രീകാന്ത് ഓട്ടോറിക്ഷ നിര്‍ത്തി വിശ്രമിക്കുമ്പോള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മല്‍പ്പിടിത്തത്തിനിടെ റോഡിന്റെ എതിര്‍വശത്ത് നടപ്പാതയില്‍ വീണ ശ്രീകാന്തിന്റെ മരണം ഉറപ്പുവരുത്തിയതിനുശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. വെസ്റ്റ്ഹില്‍ വരയ്ക്കല്‍ ഭാഗത്തുെവച്ച് ചോരപുരണ്ട വസ്ത്രങ്ങള്‍ കഴുകിയശേഷം നനഞ്ഞ അതേ വസ്ത്രങ്ങളുമായി ധനീഷ് വീട്ടിലേക്ക് പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബീച്ച് ഭാഗത്ത് ചൊവ്വാഴ്ച അന്വേഷണസംഘം ധനീഷുമായി തെളിവെടുപ്പുനടത്തി.

ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ജി. സുരേഷ്, വെള്ളയില്‍ ഇന്‍സ്പെക്ടര്‍ ജി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.