Screengrab | instagram – venky_iyer
കൊല്‍ക്കത്ത: നീന്തല്‍ മത്സരത്തിനിടെ ആന്ദ്രെ റസലിനെ പ്രാങ്ക് ചെയ്ത് സഹതാരം വെങ്കടേഷ് അയ്യര്‍. കഴിഞ്ഞദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നടന്ന മത്സരത്തിന് മുന്നോടിയായി ഇരുവരും നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ വെങ്കടേഷ് അയ്യര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു.
കുളത്തിന് സമീപം ഇരിക്കുന്ന റസലിന്റെ അടുക്കല്‍ച്ചെന്ന് വെങ്കടേഷ് നീന്തല്‍ മത്സരത്തിനുണ്ടോ എന്ന് ചോദിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. മത്സരത്തിന് തയ്യാറായ റസല്‍, വെങ്കടേഷിനൊപ്പംനിന്ന് വെള്ളത്തിലേക്ക് ചാടി. എന്നാല്‍ വെങ്കടേഷ് തന്ത്രപൂര്‍വം ചാടാതെ ഒഴിഞ്ഞുനിന്നു. തുടര്‍ന്ന് റസല്‍ എത്തും മുന്‍പേ മറുപുറത്ത് ഓടിയെത്തി വെള്ളത്തിലിറങ്ങി സ്വയം ജയിച്ചെന്ന് വാദിച്ചു. സംഭവത്തില്‍ ഒന്നുമറിയാത്തപോലെ നില്‍ക്കുന്ന റസലിനെയും കാണാം. അവസാനം വെങ്കടേഷ്, റസലിനെ കെട്ടിപ്പിടിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സില്‍ ഡല്‍ഹിക്കെതിരേ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ജയിച്ചു. ഡല്‍ഹിയെ 20 ഓവറില്‍ 153 റണ്‍സിലൊതുക്കിയ കൊല്‍ക്കത്ത, 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 33 പന്തില്‍ 68 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടാണ് കൊല്‍ക്കത്തയുടെ ജയം എളുപ്പമാക്കിയത്. നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ നേടി.
