ലിബിൻ ജോസ്

ആദ്യ കുര്‍ബാന ചടങ്ങിനോടനുബന്ധിച്ചുനടന്ന സത്കാരത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ ചീട്ടുകളിച്ചു. ഇതിനിടെ തര്‍ക്കം ഉണ്ടായി. തുടര്‍ന്നാണ് ലിബിന് കുത്തേറ്റത്.

പാലാ(കോട്ടയം): പ്രവിത്താനത്ത് സത്കാരത്തില്‍ പങ്കെടുത്തവര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും സംഘര്‍ഷത്തിനുമൊടുവില്‍ കത്രികകൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു. പ്രവിത്താനം ചെറിയന്‍മാക്കല്‍ ലിബിന്‍ ജോസ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോടിയാനിച്ചിറ കണിയാന്‍മുകളില്‍ ബിനീഷിന്റെ വീട്ടിലായിരുന്നു സംഭവം.

ഈ വീട്ടിലെ കുട്ടിയുടെ ആദ്യ കുര്‍ബാന ചടങ്ങിനോടനുബന്ധിച്ചുനടന്ന സത്കാരത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ ചീട്ടുകളിച്ചു. ഇതിനിടെ തര്‍ക്കം ഉണ്ടായി. തുടര്‍ന്നാണ് ലിബിന് കുത്തേറ്റത്. ബിനീഷിന്റെ ബന്ധുക്കളും ലിബിന്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

ലിബിനെ ഉടന്‍ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് പറഞ്ഞു.

ജോസുകുട്ടിയുടെയും ലൂസിയുടെയും മകനാണ് ലിബിന്‍. സഹോദരങ്ങള്‍: ലിന്റോ, ലിജോ. ലിബിന്റെ സംസ്‌കാരം തിങ്കളാഴ്ച 2.30-ന് പ്രവിത്താനം സെയ്ന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടത്തി.