പരിക്കേറ്റ നിമർ അക്ബർ, അമൻ ഷൗക്കത്ത്
തലപ്പുഴ(വയനാട്): വയനാട് ഗവ. എന്‍ജിനിയറിങ് കോളേജിലുണ്ടായ വിദ്യാര്‍ഥിസംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. എസ്.എഫ്.ഐ. യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായ നിമര്‍ അക്ബര്‍ (23), മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിറിങ് വിദ്യാര്‍ഥി അമന്‍ ഷൗക്കത്ത്(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച 12.30-ഓടെയായിരുന്നു സംഭവം. എം.എസ്.എഫ്. യൂണിറ്റ് പ്രസിഡന്റ് ബാസിത്ത്, ഷമീം, അഫ്നാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘം ഇടിക്കട്ടയും വടികളും ഉപയോഗിച്ച് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പറഞ്ഞു. നിമര്‍ അക്ബറിന്റെ മുന്‍വശത്തെ പല്ലിനും ചുണ്ടിനും നാഭിക്കും പരിക്കുണ്ട്. അമന്‍ ഷൗക്കത്തിന്റെ നെഞ്ചിനും നാഭിക്കുമാണ് പരിക്ക്. ഇരുവരേയും വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദീകരണത്തിനായി യു.ഡി.എസ്.എഫ്. പ്രവര്‍ത്തകരെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല.
കര്‍ശന നടപടിവേണം-എസ്.എഫ്.ഐ.
തലപ്പുഴ: വയനാട് ഗവ. എന്‍ജിനിയറിങ് കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ അകാരണമായി മര്‍ദിച്ച യു.ഡി.എസ്.എഫ്. പ്രവര്‍ത്തകരുടെപേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ. മാനന്തവാടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.എസ്. സാരംഗ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി മുഹമ്മദ് നിഷാന്‍, ടി.എസ്. സെബാസ്റ്റ്യന്‍, മുഹമ്മദ് റഷ്ദാന്‍ എന്നിവര്‍ സംസാരിച്ചു.
