രേവണ്ണ കുടുംബത്തിന്റെ മുൻ ഡ്രൈവറായ കാർത്തിക്(ഇടത്ത്) പ്രജ്വൽ രേവണ്ണ(വലത്ത്) | Photo Courtesy: twitter.com/onlineGhosh & facebook.com/iPrajwalRevanna

2976 സെക്‌സ് വീഡിയോകളാണ് പെന്‍ഡ്രൈവിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇതില്‍ ചില വീഡിയോകളുടെ ദൈര്‍ഘ്യം ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ്. ഏറെ മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോകളും പെന്‍ഡ്രൈവിലുണ്ട്. . 2019-ന് ശേഷം ഹാസനിലെയും ബെംഗളൂരുവിലെയും വീടുകളില്‍വെച്ചാണ് ഇവ ചിത്രീകരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോകളടങ്ങിയ പെന്‍ഡ്രൈവ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൈമാറിയെന്ന ആരോപണം നിഷേധിച്ച് അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ രംഗത്ത്. പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോകളടങ്ങിയ പെന്‍ഡ്രൈവ് ബി.ജെ.പി. നേതാവ് ദേവരാജ ഗൗഡയ്ക്ക് മാത്രമാണ് താന്‍ നല്‍കിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൈമാറിയിട്ടില്ലെന്നും രേവണ്ണയുടെ മുന്‍ ഡ്രൈവറായ കാര്‍ത്തിക്ക് വെളിപ്പെടുത്തി. ചൊവ്വാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലായിരുന്നു കാര്‍ത്തിക്കിന്റെ വെളിപ്പെടുത്തല്‍.

പ്രജ്വല്‍ രേവണ്ണയുടെ ചൂഷണത്തിനിരയായ സ്ത്രീകള്‍ക്ക് നീതി ലഭിക്കാനായാണ് ബി.ജെ.പി. നേതാവായ ദേവരാജ ഗൗഡയെ സമീപിച്ചത്. തന്റെ പേരിലുള്ള ഭൂമി രേവണ്ണ കുടുംബം ഭീഷണിപ്പെടുത്തി അവരുടെ പേരിലാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി. നേതാവായ ദേവരാജ ഗൗഡയെ കണ്ടത്. അദ്ദേഹത്തിന് മാത്രമാണ് വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് നല്‍കിയത്. ആ പെന്‍ഡ്രൈവ് ദേവരാജ ഗൗഡ മറ്റാര്‍ക്കെങ്കിലും കൈമാറിയോ എന്നത് തനിക്കറിയില്ല. അദ്ദേഹത്തിനല്ലാതെ മാറ്റാര്‍ക്കും താന്‍ പെന്‍ഡ്രൈവ് കൈമാറിയിട്ടില്ല. എന്നാല്‍, ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പെന്‍ഡ്രൈവ് കൈമാറിയെന്ന് പറഞ്ഞ് അദ്ദേഹം തന്നെ കുറ്റപ്പെടുത്തുകയാണ്. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ പിന്നെ എന്തിനാണ് താന്‍ ദേവരാജ ഗൗഡയെ സമീപിക്കേണ്ട ആവശ്യമെന്നും കാര്‍ത്തിക് ചോദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്നും തന്റെ കൈവശമുള്ള മുഴുവന്‍ രേഖകളും കൈമാറുമെന്നും കാര്‍ത്തിക് പറഞ്ഞു.

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോകളടങ്ങിയ പെന്‍ഡ്രൈവ് അദ്ദേഹത്തിന്റെ മുന്‍ഡ്രൈവര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൈമാറിയെന്നായിരുന്നു ബി.ജെ.പി. നേതാവ് ദേവരാജ ഗൗഡയുടെ ആരോപണം. ഇതിനുപിന്നാലെയാണ് ഡ്രൈവറായിരുന്ന കാര്‍ത്തിക് പ്രതികരണവുമായി രംഗത്തെത്തിയത്.

നേരത്തെ പ്രജ്വലിന്റെ വീഡിയോകള്‍ സംബന്ധിച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന് ദേവരാജ ഗൗഡ കത്ത് നല്‍കിയിരുന്നു. പ്രജ്വല്‍ രേവണ്ണയുടെ മൂവായിരത്തോളം സെക്‌സ് വീഡിയോകളടങ്ങിയ പെന്‍ഡ്രൈവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഹാസനില്‍ ജെ.ഡി.എസിസ് സീറ്റ് നല്‍കിയാല്‍ അത് തിരിച്ചടിയാകുമെന്നുമാണ് ദേവരാജ ഗൗഡ കത്തില്‍ സൂചിപ്പിച്ചിരുന്നത്.

പ്രത്യേക അന്വേഷണസംഘം…

പ്രജ്വല്‍ രേവണ്ണയുടെ സെക്‌സ് വീഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെ എം.പി.യുടെ ചൂഷണത്തിനിരയായ സ്ത്രീ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെ പ്രജ്വലിനെതിരേയും പിതാവ് എച്ച്.ഡി.രേവണ്ണക്കെതിരേയും ഇവരുടെ വീട്ടുജോലിക്കാരിയും പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരേ പോലീസ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രജ്വല്‍ രേവണ്ണയുടെ കേസില്‍ അന്വേഷണം നടത്താനായി പ്രത്യേകസംഘകത്തെയും സര്‍ക്കാര്‍ നിയോഗിച്ചു. സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണത്തിനായി പ്രത്യേകസംഘത്തെ രൂപവ്തകരിച്ചത്.

പെന്‍ഡ്രൈവില്‍ 2976 വീഡിയോകള്‍…

ഏപ്രില്‍ 26-നായിരുന്നു ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സിറ്റിങ് എം.പി.യും എന്‍.ഡി.എ. സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികവീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്. തുടര്‍ന്ന് വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സംഭവത്തില്‍ പരാതിയുമെത്തി.

പ്രജ്വലിന്റെ 2976 സെക്‌സ് വീഡിയോകളാണ് പെന്‍ഡ്രൈവിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇതില്‍ ചില വീഡിയോകളുടെ ദൈര്‍ഘ്യം ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ്. ഏറെ മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോകളും പെന്‍ഡ്രൈവിലുണ്ട്.

കണ്ടെടുത്ത വീഡിയോകളില്‍ മിക്കതും മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചതാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. 2019-ന് ശേഷം ഹാസനിലെയും ബെംഗളൂരുവിലെയും വീടുകളില്‍വെച്ചാണ് ഇവ ചിത്രീകരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സസ്‌പെന്‍ഡ് ചെയ്ത് ജെ.ഡി.എസ്…

അതേസമയം, സെക്‌സ് വീഡിയോ വിവാദവും പീഡനപരാതിയും ഉയര്‍ന്നതോടെ പ്രജ്വല്‍ രേവണ്ണയെ ജെ.ഡി.എസ്. സസ്‌പെന്‍ഡ് ചെയ്തു. ചൊവ്വാഴ്ച ഹുബ്ബള്ളിയില്‍ നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലാണ് പ്രജ്വലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമെടുത്തത്. പ്രജ്വലിനെ പുറത്താക്കണമെന്ന് ജെ.ഡി.എസ്. എം.എല്‍.എമാരും കഴിഞ്ഞദിവസം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.