Photo: twitter.com/MumbaiCityFC

മുംബൈ: ഐഎസ്എല്‍ സെമി ഫൈനല്‍ ആദ്യപാദത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ രണ്ടാം പാദ മത്സരത്തിലും എഫ്‌സി ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍. സ്വന്തം മൈതാനത്തു നടന്ന രണ്ടാംപാദ സെമിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ വിജയം. ആദ്യപാദ മത്സരത്തില്‍ നേടിയ 3-2ന്റെ ജയമടക്കം ഇരുപാദങ്ങളിലുമായി 5-2ന് ഗോവയെ തകര്‍ത്തെറിഞ്ഞാണ് മുംബൈയുടെ ഫൈനല്‍ പ്രവേശനം.

69-ാം മിനിറ്റില്‍ യോര്‍ഗെ പെരെയ്‌ര ഡിയാസും 83-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയുമാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. ശനിയാഴ്ച വൈകീട്ട് 7.30-ന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സാണ് മുംബൈയുടെ എതിരാളികള്‍.

ഗോവയുടെ മൈതാനത്ത് നടന്ന ആദ്യപാദത്തില്‍ 89 മിനിറ്റുവരെ രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം 90-ാം മിനിറ്റിലും ഇന്‍ജുറി ടൈമിലുമായി മൂന്നുഗോള്‍ തിരിച്ചടിച്ച് നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു മുംബൈ. ഫൈനലിലെത്താന്‍ ജയം അനിവാര്യമായിരുന്ന ഗോവയ്ക്കായി നോവ സദോയി, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, റൗളിങ് ബോര്‍ഗസ് എന്നിവരെല്ലാം തന്നെ നിറഞ്ഞുകളിച്ചു. ഗോവയുടെ മികച്ച മുന്നേറ്റങ്ങള്‍ പലതും പ്രതിരോധിച്ച മുംബൈ പ്രതിരോധത്തിന്റെ മികവാണ് അവരെ ഫൈനലിലെത്തിച്ചത്. രാഹുല്‍ ബേക്കെയും ടിരിയും മെഹ്താബ് സിങ്ങുമടങ്ങിയ മുംബൈ പ്രതിരോധം ഉറച്ചുനിന്നതോടെ ഗോവയ്ക്ക് കാര്യങ്ങള്‍ കടുപ്പമായി.

ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 69-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്നായിരുന്നു മുംബൈയുടെ ആദ്യഗോള്‍ വന്നത്. വാന്‍ നിയെഫെടുത്ത കോര്‍ണര്‍ രാഹുല്‍ ബേക്കേ ഹെഡ് ചെയ്തത് ഗോള്‍പോസ്റ്റിന് മുന്നില്‍വെച്ച് ഗോവ താരം തടഞ്ഞു. എന്നാല്‍ റീബൗണ്ട് വന്ന പന്ത് പെരെയ്‌ര ഡിയാസ് വലയിലാക്കുകയായിരുന്നു.

ആദ്യപാദത്തില്‍ ഗോവയെ തകര്‍ത്ത ചാങ്‌തെയുടെ വകയായിരുന്നു മത്സരത്തിലെ രണ്ടാം ഗോള്‍. വിക്രം നല്‍കിയ പാസ് സ്വീകരിച്ച ചാങ്‌തെ ഗോവ ഗോളി ധീരജിനെയും രണ്ട് ഡിഫന്‍ഡര്‍മാരെയും വെട്ടിയൊഴിഞ്ഞ് പന്ത് വലയിലെത്തിക്കുകയായിരുന്നു.