മനോജ് ജരാങ്കെ പാട്ടീൽ

ജൽന: മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്പാർട്ടികൾ ഏറ്റവുംകൂടുതൽ ഭയപ്പെടുന്നത് ഈ കൊച്ചുമനുഷ്യനെയാണ് -മനോജ് ജരാങ്കെ പാട്ടീലിനെ. പ്രാദേശികനേതാവായിരുന്ന ജരാങ്കെയെ മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തിലെ പ്രധാനിയാക്കുന്നത് 2023 സെപ്റ്റംബർ ഒന്നിനുനടന്ന പോലീസ് നടപടിയാണ്.

പാട്ടീലിനെ പിന്തുണയ്ക്കാൻ ഒത്തുകൂടിയ ഒരുകൂട്ടം മറാഠസമുദായാംഗങ്ങളെ പോലീസ് ലാത്തിച്ചാർജ് ചെയ്തു. സർക്കാർജോലികളിലും വിദ്യാഭ്യാസത്തിലും മറാഠകൾക്ക് സംവരണമാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരത്തിലായിരുന്നു ജരാങ്കെ പാട്ടീൽ. ആഭ്യന്തരം കൈകാര്യംചെയ്യുന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസാണ് പോലീസ് നടപടിക്കു പിന്നിലെന്ന് ജരാങ്കെ ഉറച്ചുവിശ്വസിക്കുന്നു.

തിരഞ്ഞെടുപ്പുഫലം വന്നശേഷം ജൂൺ ആറിന് ബീഡിലെ നാരായൺ ഗഡിൽ വൻറാലി നടത്തുമെന്ന് ജരാങ്കെ പാട്ടീൽ പ്രഖ്യാപിച്ചിട്ടുണ്ട്. മറാഠസമുദായത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിളംബരമായി റാലി മാറും.

‘‘മറാഠ വിഭാഗം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും പിന്തുണച്ചിട്ടില്ല. ഞങ്ങൾക്ക് മഹാവികാസ് അഘാഡിയും മഹായുതിയും ഒരുപോലെയാണ്. എന്നാൽ, മറാഠവിഭാഗത്തിനെതിരേ നിൽക്കുന്നവരെ ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ പരാജയപ്പെടുത്തും. സംസ്ഥാന ജനസംഖ്യയുടെ 33 ശതമാനം മറാഠകളാണ്. 17 മുതൽ 18 വരെ ലോക്‌സഭാ സീറ്റുകളിൽ ഞങ്ങൾക്ക് ശക്തമായ ആധിപത്യമുണ്ട്. മറാഠ്‌ വാഡയിൽ പ്രത്യേകിച്ചും.

എനിക്ക് സർക്കാരിനെ വിശ്വാസമില്ല. മഹാരാഷ്ട്ര പിന്നാക്കവിഭാഗ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറാഠകൾക്ക് 10 ശതമാനം സംവരണം നൽകാനുള്ള ബില്ലിന് ഫെബ്രുവരിയിൽ നിയമസഭ അംഗീകാരം നൽകിയിരുന്നു. അപ്പോഴേക്കും മാതൃകാപെരുമാറ്റച്ചട്ടം നിലവിൽവന്നു. അവർ പിന്നീട് ഒന്നുംചെയ്തില്ല’’ -ജരാങ്കെ പാട്ടീൽ പറഞ്ഞു.

ചരിത്രപരമായി മറാഠസമൂഹത്തെ രാഷ്ട്രീയപ്പാർട്ടികൾ ഭിന്നിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ, ഞങ്ങളുടെ പ്രക്ഷോഭംകാരണം സമൂഹം ഇപ്പോൾ ഏകീകരിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയപ്പാർട്ടികൾ ഇപ്പോൾ ഞങ്ങളെ ഭയപ്പെടുന്നു. മറാഠസമൂഹം ഇപ്പോൾ ഏകീകരിക്കപ്പെട്ടതിനാൽ, അവരുടെ വോട്ടുകൾ ആർക്കാണുപോകുന്നതെന്ന് ആർക്കുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മനോജ് ജരാങ്കെ പാട്ടീലിനെപ്പറ്റി ‘സംഘർഷ് യോദ്ധ’ എന്നപേരിൽ മറാഠി ചിത്രം പുറത്തുവരാനിരിക്കുകയാണ്. അതോടെ അദ്ദേഹത്തിന്റെ പ്രശസ്തി ഇനിയുമുയരും. 2019-ൽ ഭാരതീയ ജനതാപാർട്ടിയും ശിവസേനയും മറാത്ത്‌വാഡ മേഖലയിൽനിന്ന് എട്ടുസീറ്റുകളിൽ ഏഴെണ്ണം നേടിയിരുന്നു.