മരിച്ച സുനന്ദയും മകൾ ദീപയും, സുനന്ദയുടെ പിറന്നാളാഘോഷത്തിനിടെ പകർത്തിയ ചിത്രം(ഇടത്ത്) അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയ വീട്(വലത്ത്)

സുനന്ദയുടെ മൃതദേഹം അടുക്കളയിലും ദീപയുടേത് ഡൈനിങ് ഹാളിലുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമാണ് ഇരുവരെയും പരിസരവാസികള്‍ അവസാനം കണ്ടത്. വോട്ട് ചെയ്യാന്‍ ഇരുവരും ഒരുമിച്ച് ഓട്ടോയിലാണ് പോയത്. എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി പുറത്തുപോകുമ്പോഴെല്ലാം ഓട്ടോയിലാണ് ഇരുവരും പോകാറുള്ളത്.

കണ്ണൂര്‍: പുഴാതി പഞ്ചായത്തിലെ കൊറ്റാളിയില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാളി ‘സുവിശ്വം’ വീട്ടില്‍ സുനന്ദ വി.ഷേണായ് (78), മകള്‍ വി.ദീപ (44) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ 9.30-ഓടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.

വോട്ടെടുപ്പ് നടന്ന വെള്ളിയാഴ്ച വൈകിട്ട് ദീപ ആത്മഹത്യചെയ്‌തെന്നും മകള്‍ മരിച്ചതറിഞ്ഞ് ഹൃദയാഘാതത്താലാണ് സുനന്ദയുടെ മരണമെന്നുമാണ് പോലീസിന്റെ നിഗമനം. ബാഹ്യ ഇടപെടലുകളുണ്ടായിട്ടില്ലെന്നാണ് പോലീസ് പരിശോധനയ്ക്കുശേഷം പറഞ്ഞത്.

സുനന്ദയുടെ മൃതദേഹം അടുക്കളയിലും ദീപയുടേത് ഡൈനിങ് ഹാളിലുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് ഇരുവരെയും നാട്ടുകാര്‍ അവസാനമായി കണ്ടത്. വോട്ട് ചെയ്യാനായി ഇരുവരും ഒരുമിച്ച് ഓട്ടോയിലാണ് പോയതെന്ന് നാട്ടുകാര്‍ പറഞ്ഞു. അന്നേദിവസം വൈകിട്ട് മൂന്നുവരെ ഇവരെ വീടിനുപുറത്ത് കണ്ടവരുണ്ട്. വീട്ടില്‍നിന്ന് അനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ തൊട്ടടുത്ത വീട്ടിലുള്ളവര്‍ തിങ്കളാഴ്ച രാവിലെ പോയി നോക്കുമ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്.

വീടിന്റെ മുന്‍വാതിലിന്റെ കുറ്റിയിട്ടിട്ടില്ലായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. മൂന്നുദിവസത്തെ പത്രങ്ങള്‍ മുന്‍വാതില്‍പ്പടിയിലുണ്ടായിരുന്നു. വീട്ടിനുള്ളിൽ ഫാനുകളും ലൈറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

20 വര്‍ഷം മുന്‍പ് സുനന്ദയുടെ ഭര്‍ത്താവ് വിശ്വനാഥ് ഷേണായി കനറാ ബാങ്കില്‍നിന്ന് വിരമിച്ചശേഷമാണ് കൊറ്റാളിയിലെ വീട് വിലയ്‌ക്കെടുത്തത്. വിശ്വനാഥന്റെ മരണശേഷം 10 വര്‍ഷത്തോളമായി സുനന്ദയും മകള്‍ ദീപയും മാത്രമായാണ് ഇവിടെ താമസം. അയല്‍വാസികളുമായി ഇരുവര്‍ക്കും കൂടുതല്‍ അടുപ്പമുണ്ടായിരുന്നില്ല. ദീപ അവിവാഹിതയാണ്. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് കമ്മിഷണര്‍ അജിത്ത്കുമാര്‍ പറഞ്ഞു. സുനന്ദയുടെ മറ്റുമക്കള്‍: അര്‍ച്ചന (കക്കാട്), അമിത (എറണാകുളം).

കൊറ്റാളി ഉണര്‍ന്നത് മരണത്തിന്റെ ഗന്ധത്തിലേക്ക്

കണ്ണൂര്‍: ‘രണ്ടുദിവസമായിട്ട് അവരുടെ വീട്ടില്‍നിന്ന് ഒച്ചയും അനക്കവും ഒന്നും ഉണ്ടായിരുന്നില്ല. നമ്മളൊന്നും ആയിട്ട് അത്ര കമ്പനിയൊന്നുമില്ല, കണ്ടാല്‍ മിണ്ടുമെന്ന് മാത്രം. ഇന്ന് രാവിലെ ഒന്‍പതരയൊക്കെ ആയപ്പോള്‍ നമ്മള് അവിടെ എത്തി വിളിച്ചു, തിരിച്ച് മറുപടിയൊന്നും ഇല്ല, വീടിനടുത്തേക്ക് എത്തിനോക്കിയപ്പോള്‍ ഭയങ്കര ദുര്‍ഗന്ധം, സംശയം തോന്നി ആദ്യം തൊട്ടടുത്തുള്ള സി.പി.എം. പാര്‍ട്ടി ഓഫീസിലേക്കാണ് ചെന്നത്. ആരെയും കാണാത്തതുകൊണ്ട് പോസ്റ്റ് ഓഫീസിലേക്ക് പോയി, അവിടെനിന്നാണ് പോലീസില്‍ അറിയിച്ചത്’-കൊറ്റാളിയിലെ ‘സുവിശ്വം’ വീട്ടില്‍ സുനന്ദയുടെയും മകള്‍ ദീപയുടെയും മരണം ആദ്യമറിഞ്ഞവരില്‍ ഒരാളായ അമ്പന്‍ഹൗസില്‍ ഗീത പറയുന്നു.

കൊറ്റാളിയിലെ സി.പി.എം. ഓഫീസിന് മുന്‍വശത്തെ വഴിയിലൂടെ പത്ത് അടിവെച്ചാല്‍ ഇരട്ടമരണം നടന്ന ‘സുവിശ്വം’ വീട് എത്തും. നിരവധി വീടുകളാല്‍ ചുറ്റപ്പെട്ട ഒറ്റനില വീട്. മുറ്റത്ത് ചെറിയ ഒരു തുളസിത്തറ. മൂന്ന് ദിവസത്തെ പത്രങ്ങള്‍ ഇപ്പോഴും തുറന്നുനോക്കാതെ മുന്‍വാതില്‍പ്പടിയില്‍. മരണം അറിഞ്ഞെത്തിയവര്‍ മുറ്റത്തും തൊടിയിലുമായുണ്ട്.

സുനന്ദയുടെ മൃതദേഹം അടുക്കളയിലും ദീപയുടേത് ഡൈനിങ് ഹാളിലുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമാണ് ഇരുവരെയും പരിസരവാസികള്‍ അവസാനം കണ്ടത്. വോട്ട് ചെയ്യാന്‍ ഇരുവരും ഒരുമിച്ച് ഓട്ടോയിലാണ് പോയത്. എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി പുറത്തുപോകുമ്പോഴെല്ലാം ഓട്ടോയിലാണ് ഇരുവരും പോകാറുള്ളത്.

സുനന്ദയുടെ ഭര്‍ത്താവ് പരേതനായ വിശ്വനാഥ് ഷേണായി കാനറാ ബാങ്കില്‍നിന്ന് വിരമിച്ചതാണ്. കുറച്ചുനാള്‍ മുന്‍പ് വരെ ദീപ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാറുണ്ടായിരുന്നു. വേറെ വരുമാനമാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. സുനന്ദയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളും പതിവായിരുന്നു. അടുത്തിടെയാണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്തത്.

സുനന്ദയുടെയും ദീപയുടെയും മൃതദേഹങ്ങള്‍ വീര്‍ത്തും നിറംമാറിയ രൂപത്തിലുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദീപയുടെ ശരീരമായിരുന്നു കൂടുതലായി അഴുകിയത്.

കൂളറിന്റെ വെള്ളം വീണസ്ഥലത്തായിരുന്നു ദീപയുടെ മൃതദേഹം കിടന്നത്. ഇതാണ് കൂടുതലായി അഴുകാന്‍ കാരണമെന്ന് കരുതുന്നു.

സംഭവമറിഞ്ഞ് സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത്കുമാര്‍, എ.സി.പി. സിബി ടോം, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. വി.വി. മനോജ്, സി.ഐ. കെ.സി. സുഭാഷ് ബാബു എന്നിവര്‍ സ്ഥലത്തെത്തി.

ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)