അതുൽ,ശിവനുണ്ണി

കാട്ടൂര്‍(തൃശ്ശൂര്‍): ബൈക്ക് കടന്നുപോകുന്നതിനിടെ അസഭ്യവര്‍ഷം നടത്തിയെന്നാരോപിച്ച് രണ്ടുസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. കാട്ടൂര്‍ വാഴക്കാല കണ്ടംകുളത്തി വീട്ടില്‍ അതുല്‍ (24), എടക്കുളം പഷ്ണത്ത് വീട്ടില്‍ ശിവനുണ്ണി (28) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കുഞ്ഞിമോയിന്‍കുട്ടി, കാട്ടൂര്‍ ഐ.എസ്.എച്ച്.ഒ. പി.പി. ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇല്ലിക്കാട് മദ്രസയ്ക്ക് മുന്‍പില്‍വെച്ച് 27-ന് രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.

ഇരിങ്ങാലക്കുട ഉത്സവത്തിനു പോയശേഷം സുഹൃത്തിന്റെ കല്യാണവീട്ടിലേക്ക് പ്രതികള്‍ പോകുമ്പോള്‍ റോഡില്‍നിന്നിരുന്ന ശ്രീരാഗ് ചെന്ത്രാപ്പിന്നി, ഷനില്‍ എടമുട്ടം, അതുല്‍ കഴിമ്പ്രം എന്നിവരെ അസഭ്യം പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംഭവത്തില്‍ പ്രതികളിലൊരാളായ ശിവനുണ്ണിക്കും പരിക്കേറ്റിരുന്നു. തളിക്കുളം ബാറില്‍ നടന്ന കൊലപാതകക്കേസിലെ പ്രതിയായ അതുല്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും പോലീസ് പറഞ്ഞു.

സംഭവത്തിനുശേഷം ഒളിവില്‍ പോയ അതുലിനെ വലപ്പാട് ബീച്ച് പരിസരത്തുനിന്ന് പോലീസ് പിടിക്കുകയായിരുന്നു. അന്വേഷണസംഘത്തില്‍ എസ്.ഐ.മാരായ സുജിത്ത്, ഷാഫി, ഗോപി, എ.എസ്.ഐ. ശ്രീജിത്ത്, സീനിയര്‍ സി.പി.ഒ.മാരായ വിജയന്‍, ധനേഷ്, നിബിന്‍, ശബരി കൃഷ്ണന്‍, ശ്യാം, ജോയ്മോന്‍, ബിന്നല്‍, സാവിത്രി, ഫെബിന്‍, സി.പി.ഒ. കിരണ്‍ എന്നിവരുണ്ടായിരുന്നു.