പ്രധാനമന്ത്രി നരേന്ദ്ര മോദി | ഫോട്ടോ – പി.ടി.ഐ
ബെംഗളൂരു: ബാലാകോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ആദ്യം പറഞ്ഞത് പാകിസ്താനോടായിരുന്നുവെന്നും മുന്നിൽ നിന്ന് പോരാടുകയാണ് ഇന്ത്യയുടെ നയമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കൻ കർണാടകയിലെ ബാഗൽകോട്ടിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വ്യോമാക്രമണം നടത്തിയെന്നും ഇത്രയധികം ആളുകൾ കൊല്ലപ്പെട്ടെന്നും നാശനഷ്ട്ടങ്ങൾ വരുത്തിയെന്നും പാകിസ്ഥാൻ അധികൃതരെ ഫോണിൽ അറിയിച്ചതിന് ശേഷമാണ് വ്യോമാക്രമണത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കാൻ താൻ ഇന്ത്യൻ സൈന്യത്തിന് നിര്‍ദേശം നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്താൻ സൈന്യത്തെ ബന്ധപ്പെടാൻ കഴിയുന്നതുവരെ വിവരം വെളിപ്പെടുത്തരുതെന്ന് താൻ നിർദേശിച്ചു. ഒളിച്ചിരിക്കുന്നതിലോ പിന്നിൽ നിന്ന് ആക്രമിക്കുന്നതിലോ താൻ വിശ്വസിക്കുന്നില്ല. ഒളിച്ചോടുന്നതിനേക്കാൾ എതിരാളിയുടെ കണ്ണിൽ നോക്കി സത്യം സംസാരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
