അറസ്റ്റിലായ സാദിക്കുൽ ഇസ്ലാം

പെരുമ്പാവൂര്‍: ലഹരിമരുന്നുമായി മറുനാടന്‍ തൊഴിലാളി പിടിയില്‍. അസം നൗഗാവ് ജൂരിയ സ്വദേശി സാദിക്കുല്‍ ഇസ്ലാ(25)മിനെയാണ് 36 കുപ്പി ഹെറോയിനുമായി പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ഹെറോയിന്‍ വില്‍പ്പനയ്ക്കിടെ പെരുമ്പാവൂര്‍ മാര്‍ക്കറ്റ് ഭാഗത്തുനിന്നാണ് ഇയാള്‍ പിടിയിലായത്.

മറുനാടന്‍ തൊഴിലാളികള്‍ക്കിടയില്‍ ഒരുകുപ്പിക്ക് ആയിരം രൂപ നിരക്കിലാണ് പ്രതി ഹെറോയിന്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ലഹരിമരുന്ന് വില്‍പ്പനയിലൂടെ കിട്ടിയ 9000 രൂപയും പ്രതിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ നേരത്തെയും ലഹരിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ്.

പെരുമ്പാവൂര്‍ എ.എസ്.പി. മോഹിത് രാവത്തിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ടോണി ജെ. മറ്റം, എ.എസ്.ഐ. പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സി.പി.ഒ.മാരായ ടി.എന്‍. മനോജ് കുമാര്‍, ടി.എ. അഫ്‌സല്‍, ബെന്നി ഐസക് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.