Photo: twitter.com

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇനിയുള്ള ഏത് സയത്തും പ്രഖ്യാപിച്ചേക്കും. താരാധിക്യം ബി.സി.സി.ഐ.യുടെ സെലക്ഷന്‍ പ്രക്രിയയെ കടുപ്പമേറിയതാക്കുന്നു. ആരെ കൊള്ളണം, ആരെ തള്ളണം എന്നതില്‍ ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ലെന്ന തരത്തിലാണ് റിപ്പോര്‍ട്ട്. ഒരുവശത്ത് അനുഭവപരിചയമുള്ള താരങ്ങള്‍, മറുവശത്ത് പുത്തന്‍ എന്നു പറയാവുന്ന, എന്നാല്‍ അപാരമായ വൈഭവമുള്ള താരങ്ങള്‍. ഇവ രണ്ടും കൂട്ടിച്ചേര്‍ത്ത് ഒരു ടീമിനെ ഒരുക്കുക എന്നത് കടുത്ത പണിതന്നെ.

ഐ.പി.എല്‍. ആരംഭിക്കുംവരെ സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുമെന്ന് മലയാളികള്‍പോലും വിചാരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. തഴയാന്‍ കഴിയാത്ത വിധത്തിലുള്ള പ്രകടനമാണ് സഞ്ജു രാജസ്ഥാന്‍ ടീമില്‍ കാഴ്ചവെച്ചിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്ററെന്ന നിലയിലുമെല്ലാം സഞ്ജു ഏറെ മുന്നേറി. ഇതോടെ റിഷഭ് പന്തിനും കെ.എല്‍. രാഹുലിനുമൊപ്പം, അല്ലെങ്കില്‍ അതിനുമപ്പുറത്തേക്ക് സഞ്ജുവിന്റെ പേര് ഉയര്‍ന്നുവരാന്‍ തുടങ്ങി.

ഇ.എസ്.പി.എന്‍.ക്രിസ്ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം വിക്കറ്റ് കീപ്പര്‍മാരില്‍ നിലവില്‍ ആദ്യ ചോയ്‌സ് സഞ്ജുവിനാണ്. സെലക്ഷന്‍ കമ്മിറ്റി ആ വിധത്തിലാണ് അവസാനഘട്ടത്തില്‍ വിലയിരുത്തുന്നത്. രണ്ടാമതൊരാളായി റിഷഭ് പന്തിനെയാണോ കെ.എല്‍. രാഹുലിനെയാണോ പരിഗണിക്കേണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ്.