അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റുന്നു, അപകടത്തിൽപ്പെട്ട വാഹനങ്ങൾ

ചെറുകുന്ന് : ചതഞ്ഞ് ചളുങ്ങി ലോറിക്കടിയില്‍പ്പെട്ട കാര്‍ കണ്ട് നാട്ടുകാര്‍ ഒരുനിമിഷം അമ്പരന്നു. എങ്കിലും സമയം പാഴാക്കാതെ ആ കാര്‍ വലിച്ചു പുറത്തെടുക്കുമ്പോഴും നേരിയ പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നു. ഒരുജീവനെങ്കിലും രക്ഷിക്കാന്‍ സാധിക്കുമെന്ന്. ഞെരിഞ്ഞമര്‍ന്ന ആ കാറിനുള്ളില്‍നിന്ന് അവരെ പുറത്തെത്തിക്കലായിരുന്നു അവര്‍ നേരിട്ട വെല്ലുവിളി.

നാട്ടുകാര്‍ പരമാവധി ശ്രമിച്ചെങ്കിലും കാറിനുള്ളില്‍ നിന്ന് അവരെ പുറത്തെത്തിക്കാനായില്ല. പയ്യന്നൂരില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി കാര്‍ പൊളിച്ചാണ് ഇവരെ രക്ഷിച്ചത്. ചേതനയറ്റ നാല് ജീവനുകള്‍ക്കിടയില്‍നിന്ന് നേരിയ ജീവനുള്ള ഒരു കുഞ്ഞുജീവനെങ്കിലും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആസ്പത്രിയിലേക്കുള്ള വഴിയില്‍ ആംബുലന്‍സില്‍ ആ ജീവനും പൊലിഞ്ഞു.

പരേതനായ നാരായണന്‍ നായരുടെയും പദ്മിനിയമ്മയുടേയും മകനാണ് മരിച്ച പദ്മകുമാര്‍. നിര്‍മാണത്തൊഴിലാളിയാണ്. ഭാര്യ: രാധ. മക്കള്‍: ശൈലനാഥ്, ശൈലശ്രീ. മരിച്ച കൃഷ്ണന്റെ ഭാര്യ ലക്ഷ്മി. ആകാശിന്റെ അമ്മ ഐശ്വര്യയാണ്. മരിച്ച സുധാകരന്‍ മണ്ഡപം മണാട്ടി കവലയില്‍ മില്ല് നടത്തുകയാണ്. സുധാകരന്റെ സഹോദരന്റേതാണ് കാര്‍. മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍.

കരുതിക്കളം…

ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. കാര്‍ ഓടിച്ചിരുന്ന കാസര്‍കോട് നീലേശ്വരം കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പദ്മകുമാര്‍ (59), കണ്ണൂര്‍ കരിവെള്ളൂര്‍ കൊഴുമ്മല്‍ പുത്തൂരിലെ കാനത്തില്‍ കൃഷ്ണന്‍(65), കൃഷ്ണന്റെ മകള്‍ അജിത (38), അജിതയുടെ ഭര്‍ത്താവ് ചിറ്റാരിക്കാല്‍ മണ്ഡപം ചൂരിക്കാട്ട് സി.സുധാകരന്‍ (52), അജിതയുടെ സഹോദരന്‍ അജിത്തിന്റെ മകന്‍ ആകാശ് (എട്ട്) എന്നിവരാണ് മരിച്ചത്.

പദ്മകുമാറാണ് കാര്‍ ഓടിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി 10.05-ഓടെ പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് ഗ്യാസ് സിലിന്‍ഡര്‍ കയറ്റി പോകുകയായിരുന്ന ലോറിയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. സുധാകരന്റെ മകന്‍ സൗരവിനെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സിന് ചേര്‍ക്കാന്‍ കോഴിക്കോട്ട് പോയി മടങ്ങുമ്പോഴായിരുന്നു അപകടം.

പരേതനായ നാരായണന്‍ നായരുടെയും പദ്മിനിയമ്മയുടേയും മകനാണ് പദ്മകുമാര്‍. നിര്‍മാണത്തൊഴിലാളിയാണ്. ഭാര്യ: രാധ. മക്കള്‍: ശൈലനാഥ്, ശൈലശ്രീ. മരിച്ച കൃഷ്ണന്റെ ഭാര്യ ലക്ഷ്മി. ആകാശിന്റെ അമ്മ ഐശ്വര്യയാണ്. മരിച്ച സുധാകരന്‍ മണ്ഡപം മണാട്ടി കവലയില്‍ മില്ല് നടത്തുകയാണ്. സുധാകരന്റെ സഹോദരന്റേതാണ് കാര്‍. മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍.

അത്യാഹിതവിഭാഗത്തില്‍ കരളലയിക്കുന്ന കാഴ്ച

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തില്‍ കരളലയിക്കുന്ന കാഴ്ചയായിരുന്നു തിങ്കളാഴ്ച രാത്രി. ചെറുകുന്ന് പുന്നച്ചേരിയില്‍ നടന്ന കാറപകടത്തില്‍ മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ അത്യാഹിതവിഭാഗത്തിലാണ് കൊണ്ടുവന്നത്. അവിടെ പ്രത്യേകം തുണികെട്ടി മറച്ച് വെള്ളപുതപ്പിച്ച് അഞ്ചുപേരെയും കിടത്തിയിരുന്നു. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയാത്തതിനാല്‍ മോര്‍ച്ചറിയിലേക്ക് മാറ്റാനാകുമായിരുന്നില്ല.

ഒറ്റയ്ക്കും കൂട്ടായും പലരും വന്നുകണ്ടെങ്കിലും അവര്‍ക്കും തിരിച്ചറിയാന്‍ കഴിയാതെ ആകെ ആശയക്കുഴപ്പത്തില്‍ നില്‍ക്കുകയായിരുന്നു പോലീസ്. അപ്പോഴാണ് കരിവെള്ളൂര്‍ കൊഴുമ്മല്‍ പുത്തൂരിലെ അരക്കുളത്ത് പ്രകാശും അയല്‍വാസി ബാബുവും വന്നത്. അപകടത്തില്‍ മരിച്ച കൃഷ്ണന്റെ അയല്‍വാസികളായിരുന്നു ഇവര്‍. രാത്രി കൃഷ്ണന്റെ വീട്ടില്‍നിന്ന് നിലവിളി കേട്ട് ഓടിച്ചെന്നു ഇരുവരും. കൃഷ്ണന്റെ ഭാര്യയും മകന്‍ അജിത്തും അജിത്തിന്റെ ഭാര്യയും മറ്റും അലമുറയിട്ടുകരയുന്നതാണ് അവര്‍ കണ്ടത്. വിവരം തിരക്കിയപ്പോള്‍ കൃഷ്ണനും മറ്റും എന്തോ അപകടം പറ്റിയെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു നിലവിളി. എല്ലാവരെയും പരിയാരത്ത് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന് പറഞ്ഞു. ഉടന്‍ ബാബുവും പ്രകാശും അങ്ങോട്ടേക്ക് പുറപ്പെട്ടു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ കണ്ടു. ഏതാനുംപേര്‍ മരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇത് ആരൊക്കെയാണെന്ന് വ്യക്തമാക്കിക്കൊടുക്കാന്‍ ഇവര്‍ക്കും പ്രയാസം നേരിട്ടു. മരിച്ചവരെ കണ്ടാല്‍ തിരിച്ചറിയാനാകുമോയെന്ന് പോലീസ് തിരക്കി. കഴിയുമെന്ന് ഇരുവരും പറഞ്ഞു. അത്യാഹിതവിഭാഗത്തില്‍ മൃതദേഹങ്ങള്‍ കിടത്തിയിരുന്ന ഭാഗത്തേക്ക് പോലീസ് ഇവരെ കൊണ്ടുപോയി. ഇരുവരും ഒന്നേ നോക്കിയുള്ളൂ. നിത്യേന കാണുകയും വിവരങ്ങളും വിശേഷങ്ങളും കൈമാറുകയും ചെയ്തിരുന്നവര്‍ ചേതനയറ്റ് കിടക്കുന്നതുകണ്ട് ഇവര്‍ ഇരുന്നുപോയി. പോലീസ് അവരെ പുറത്തേക്ക് കൂട്ടിക്കൊണ്ടുവന്ന് സമാധാനിപ്പിച്ച് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. അങ്ങനെയാണ് മരിച്ചവരെ തിരിച്ചറിയാനായത്.

കെ.എസ്.ടി.പി. റോഡില്‍ അപകടം തുടര്‍ക്കഥ

ദേശീയപാത ഒഴിവാക്കി കണ്ണൂര്‍ യാത്ര സുഗമമാക്കാനാണ് 2018-ല്‍ കെ.എസ്.ടി.പി. റോഡ് തുറന്നത്. ദേശീയപാതയില്‍ യാത്രചെയ്യുന്നതിനേക്കാള്‍ ആറുകിലോമീറ്റര്‍ ദൂരം കുറഞ്ഞു കിട്ടുന്നതിനാല്‍ നിരവധി ആളുകളാണ് കെ.എസ്.ടി.പി. റോഡ് തിരഞ്ഞെടുക്കുന്നത്.

കെ.എസ്.ടി.പി. റോഡില്‍ ഇതിനോടകം 900-നടുത്ത അപകടങ്ങള്‍ നടന്നിട്ടുണ്ട്. നൂറിനടുത്ത അപകടമരണങ്ങളും.

അപകടം കുറയ്ക്കാനായി സെമിനാറുകള്‍ അടക്കമുള്ള ബോധവത്കരണ പരിപാടികള്‍ നടത്തിയിട്ടുണ്ടെങ്കിലും അപകടത്തിന്റെ എണ്ണം ഒട്ടും കുറയുന്നില്ല.

ഇപ്പോള്‍ ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഇഴഞ്ഞാണ് സഞ്ചരിക്കുന്നത്. കെ.എസ്.ടി.പി. റോഡില്‍ എത്തുമ്പോള്‍ പരമാവധി വേഗം ആര്‍ജിച്ചാണ് ഓടിക്കുന്നത്. വേഗം നിയന്ത്രിക്കുന്നതിനായി ക്യാമറകളുണ്ടെങ്കിലും അതും കാര്യക്ഷമമല്ല.