പ്രധാനമന്ത്രി നരേന്ദ്രമോദി | Photo:AFP

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കേ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. എസ്.സി/എസ്.ടി-ഒബിസി വിഭാഗക്കാരില്‍നിന്ന് സംവരണം തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കാനുള്ള അജണ്ടയുള്‍പ്പെടെ കോണ്‍ഗ്രസിന്റേയും ഇന്ത്യ മുന്നണിയുടേയും പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന് എതിരായ പ്രചാരണമാണ് നടത്തേണ്ടതെന്ന് കത്തില്‍ മോദി ആവശ്യപ്പെട്ടു. മേയ് ഏഴിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രിയും ഗുജറാത്ത് പോര്‍ബന്ധറിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ മന്‍സൂഖ് മാണ്ഡവ്യ, മോദിയുടെ കത്ത് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചു. പ്രധാനമന്ത്രിക്ക് നന്ദിപറഞ്ഞ അദ്ദേഹം മോദി നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.

ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ലെന്നും ബി.ജെ.പിക്ക് കിട്ടുന്ന ഓരോ വോട്ടും കരുത്തുറ്റ സര്‍ക്കാരിനെ രൂപവത്കരിക്കാനും 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുമുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തുമെന്നും മോദി കത്തില്‍ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷം സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ആളുകളുടെയും ജീവിതത്തില്‍ ഗുണകരമായ മാറ്റംവരുത്താന്‍ സാധിച്ചു. പല ബുദ്ധിമുട്ടുകളും ഇല്ലാതാക്കാന്‍ കഴിഞ്ഞെന്നും മോദി കുറിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും ഇന്ത്യ മുന്നണിയുടേയും ഭിന്നിപ്പിക്കുന്നതും വിവേചനപരവുമായ ഉദ്ദേശങ്ങളെ വോട്ടര്‍മാര്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു.മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധമാണെന്നിരിക്കേ എസ്.സി/എസ്.ടി-ഒബിസി വിഭാഗക്കാരില്‍നിന്ന് സംവരണം തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കുകയാണ് അവരുടെ ഉദ്ദേശ്യം. ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം തട്ടിയെടുത്ത് വോട്ട് ബാങ്കിന് നല്‍കാനാണ് അവര്‍ ശ്രമിക്കുന്നത്, മോദി കത്തില്‍ പറയുന്നു.

12-സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 95-ലോകസ്ഭാ സീറ്റുകളിലേക്കാണ് മൂന്നാം ഘട്ടം വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 1351 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.