Apple Logo | Photo: Gettyimages

ആപ്പിള്‍ ഉപഭോക്താക്കളെ ആശങ്കയിലാക്കി പുതിയ ബഗ്ഗ്. ഉപഭോക്താക്കളുടെ ഉപകരണത്തില്‍ നിന്ന് ആപ്പിള്‍ ഐഡി അകാരണമായി ലോഗ് ഔട്ട് ആയതാണ് ആശങ്കയ്ക്കിടയാക്കിയത്. ലോഗ് ഔട്ട് ആയതിന് പിന്നാലെ പലര്‍ക്കും പാസ് വേഡ് മാറ്റാനുള്ള നിര്‍ദേശവും വന്നു. വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ക്കും ഈ പ്രശ്‌നം അനുഭവപ്പെട്ടിട്ടുണ്ട്. പലരും വീണ്ടും ലോഗിന്‍ ചെയ്യുന്നതിനായി പാസ് വേഡ് മാറ്റുകയും ചെയ്തു.

ഐഫോണ്‍, മാക്, ഐപാഡ് ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉപകരണങ്ങളില്‍ നിന്ന് ആപ്പിള്‍ ഐഡി ലോഗ് ഔട്ട് ആയതായി ഉപഭോക്താക്കള്‍ അറിയിച്ചതായി 9 ടു 5 മാക് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. തിരിച്ച് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അതിന് സാധിക്കാതെ എറര്‍ മെസേജ് കാണുകയും പാസ് വേഡ് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഗത്യന്തരമില്ലാതെ ഉപഭോക്താക്കള്‍ക്ക് പാസ് വേഡ് മാറ്റേണ്ടി വന്നു. ഐക്ലൗഡ് ഡ്രൈവ്, ഐമെസേജ്, ഫേസ്‌ടൈം എന്നിവയെയും പ്രശ്‌നം ബാധിച്ചു.

ഉപഭോക്താക്കള്‍ പലരും സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ എക്‌സില്‍ ഈ പ്രശ്‌നം നേരിട്ടതായി അറിയിച്ച് രംഗത്തെത്തി. പലരും ആപ്പിള്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനിടെയാണ് ആപ്പിള്‍ ഐഡി ലോഗ് ഔട്ട് ആയത്. ഫേസ് ടൈം കോളിനിടെ അക്കൗണ്ട് ലോഗ് ഔട്ട് ആയതായി ഒരു ഉപഭോക്താവ് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു.

ഇത്തരം സംഭവങ്ങള്‍ മെറ്റ ഉള്‍പ്പടെയുള്ള മറ്റ് കമ്പനികള്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. 2017 ല്‍ സമാനമായ അനുഭവം ആപ്പിള്‍ സേവനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അന്നും നിരവധി ആളുകളെ പ്രശ്‌നം ബാധിച്ചിരുന്നു.