എം.വി. ജയരാജനും ഇ.പി. ജയരാജനും
കണ്ണൂർ: ഇ.പി. ജയരാജനും ബി.ജെ.പി. നേതാവ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിനയം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് കണ്ണൂർ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ജയരാജൻ. ബി.ജെ.പി. പ്രവേശനം എന്ന പച്ചനുണ പ്രചരിപ്പിക്കുന്നതിന് വേണ്ടി ഒരു കാര്യം വാർത്തയാക്കി എന്ന് മാത്രമെന്നും ഇ.പി.യുടെ പ്രസ്താവനകളൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി. പ്രവേശനം കോൺഗ്രസ് നേതാക്കന്മാർ നടത്തുന്നതും ഇ.പിയുമായി ബന്ധപ്പെട്ട പ്രശ്നവും തമ്മിൽ ഒരു താരതമ്യവും അർഹിക്കുന്നില്ല. കോൺഗ്രസിൽ നിന്ന് വ്യാപകമായി ബി.ജെ.പി. പ്രവേശം ഉണ്ടായി എന്ന വസ്തുത നിൽക്കുമ്പോൾ പച്ച നുണപ്രചരിപ്പിക്കുന്നതിന് വേണ്ടി ഒരു കാര്യം വാർത്തയാക്കി എന്ന് മാത്രം. തങ്ങളുടെ ബി.ജെ.പി. പ്രവേശത്തെ മറച്ചുപിടിക്കാനുള്ള നീക്കമായിരുന്നു. ബി.ജെ.പി. പ്രവേശം കോൺഗ്രസിന്റെ ദേശീയടിസ്ഥാനത്തിലുള്ള കാര്യമാണ് – എം.വി. ജയരാജൻ പറഞ്ഞു.
എ.കെ ആന്റണിയുടെ മകൻ ബി.ജെ.പിയിലേക്ക് പോയി എന്ന് മാത്രമല്ല, മകൻ മത്സരിച്ച മണ്ഡലത്തിൽ എ.കെ. ആന്റണി പ്രചാരണം പോലും നടത്താൻ തയ്യാറായില്ല. ഇതൊക്കെ തെളിയിക്കുന്നതത് കേവലം ഒറ്റപ്പെട്ട സംഭവമല്ല എന്നാണ്. ഇതിനെ മറ്റൊരു പച്ചനുണകൊണ്ട് മറച്ചു പിടിക്കാനുള്ള പാഴ്ശ്രമമാണ് തിരഞ്ഞെടുപ്പിന്റെ തലേന്ന് കെ.പി.പി.സി.സി. പ്രസിഡന്റ് നടത്തിയ വാർത്താ സമ്മേളനം – അദ്ദേഹം കൂട്ടിച്ചേർത്തു.
