Photo | PTI
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് വെള്ളിയാഴ്ച ബാറ്റര്‍മാരുടെ പൂരപ്പറമ്പായിരുന്നു. ആദ്യം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉഗ്ര താണ്ഡവം. പിന്നീട് പഞ്ചാബിന്റെ അത്യുജ്ജ്വലമായ മറുപടി. ടി20 ക്രിക്കറ്റില്‍ ചേസിങ് അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയത്തിന്റെ റെക്കോഡ് അങ്ങനെ പഞ്ചാബ് സ്വന്തമാക്കി. അതും എട്ട് ബോളുകള്‍ ബാക്കിനില്‍ക്കേ. ഐ.പി.എലിലെ റെക്കോഡും ഇതുതന്നെ. സുനില്‍ നരെയ്‌നും ഫില്‍ സാള്‍ട്ടും കൊളുത്തിയ തീ, ബെയര്‍സ്റ്റോയും പ്രഭ്‌സിമ്രാന്‍ സിങ്ങും ആളിക്കത്തിച്ചതോടെ ഈഡന്‍ ഗാര്‍ഡന്‍സ് അക്ഷരാര്‍ഥത്തില്‍ കത്തിജ്ജ്വലിച്ചു. സ്‌കോര്‍- കൊല്‍ക്കത്ത: 261/6 (20 ഓവര്‍). പഞ്ചാബ്: 262/2 (18.4 ഓവര്‍).
ജോണി ബെയര്‍സ്‌റ്റോയുടെ വെടിക്കെട്ട് സെഞ്ചുറിയും (48 പന്തില്‍ 108) പ്രഭ്‌സിമ്രാന്റെ തകര്‍പ്പന്‍ ഓപ്പണിങ്ങും (20 പന്തില്‍ 50) അവസാന ഓവറുകളിലെ ശശാങ്ക് സിങ്ങിന്റെ സിക്‌സ് പൂരവും (28 പന്തില്‍ 68) ആണ് പഞ്ചാബിനെ കളി ജയിപ്പിച്ചത്. നേരത്തേ കൊല്‍ക്കത്തയ്ക്കായി ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും (32 പന്തില്‍ 71) ഫില്‍ സാള്‍ട്ടും (37 പന്തില്‍ 75) മിന്നല്‍ ഫോം നടത്തിയെങ്കിലും ടീമിന്റെ ജയത്തിലേക്ക് നയിച്ചില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്കായി മിന്നും തുടക്കമാണ് സുനില്‍ നരെയ്‌നും ഫില്‍ സാള്‍ട്ടും നല്‍കിയത്. ഇരുവരും ചേര്‍ന്ന് പത്തോവറില്‍ 138 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 11-ാം ഓവറിലാണ് കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. അര്‍ധ സെഞ്ചുറികളുമായി നരെയ്‌നും സാള്‍ട്ടും മടങ്ങിയതോടെ പിന്നീട് വന്ന ബാറ്റര്‍മാര്‍ക്ക് കാര്യമായ പണികളൊന്നും എടുക്കേണ്ടിവന്നില്ല. ഫലത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 റൺസ്.
യഥാര്‍ഥ ബാറ്റിങ് പൂരം പക്ഷേ, കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. കൊല്‍ക്കത്ത ഉയര്‍ത്തിയ റണ്‍മലയിലേക്ക് ഒരു സങ്കോചവുമില്ലാതെ ബാറ്റുവീശുന്ന പഞ്ചാബ് ബാറ്റര്‍മാരെയാണ് രണ്ടാം പകുതിയില്‍ ക്രീസില്‍ കാണാനായത്. ജോണി ബെയര്‍സ്‌റ്റോയും പ്രഭ്‌സിമ്രാന്‍ സിങ്ങും വമ്പനടികളോടെ കളം വാണു. ഹര്‍ഷിത് റാണയെറിഞ്ഞ രണ്ടാം ഓവറില്‍ത്തന്നെ പ്രഭ്‌സിമ്രാന്റെ വക രണ്ട് സിക്‌സ്. അടുത്ത ഓവര്‍ എറിഞ്ഞ ചമീരയ്ക്ക് കിട്ടിയത് രണ്ടു വീതം സിക്‌സും ഫോറും. 23 റണ്‍സാണ് ഈ ഓവറില്‍ ചമീര വഴങ്ങിയത്. മൂന്നാം ഓവറായപ്പോഴേക്ക് പ്രഭ്‌സിമ്രാന്റെ സ്‌കോര്‍ 13 പന്തില്‍ 36.
ഈ സമയത്തൊക്കെ മറുവശത്ത് ബെയര്‍സ്റ്റോ കരുതലോടെ കളിച്ചു. ഇതിനിടെ 18 പന്തുകളില്‍നിന്ന് പ്രഭ്‌സിമ്രാന് അര്‍ധ സെഞ്ചുറി. പഞ്ചാബിനുവേണ്ടി അതിവേഗം സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമായി ഇതോടെ പ്രഭ്‌സിമ്രാന്‍ മാറി. പവര്‍ പ്ലേയിലെ അവസാന ഓവര്‍ മുതല്‍ ബെയര്‍സ്‌റ്റോയും തനിസ്വരൂപം കാണിച്ചുതുടങ്ങി. ഓവറില്‍ രണ്ടു സിക്‌സും മൂന്ന് ഫോറുമായി 24 റണ്‍സാണ് അനുകുല്‍ റോയ് വഴങ്ങിയത്. ഓവറിലെ അവസാന പന്തില്‍ പക്ഷേ, പ്രഭ്‌സിമ്രാന്‍ മടങ്ങി. റണ്ണൗട്ടായി മടങ്ങുമ്പോള്‍ 20 പന്തില്‍ 54 റണ്‍സായിരുന്നു സമ്പാദ്യം. അഞ്ച് സിക്‌സും നാല് ഫോറും ചേര്‍ന്ന ഇന്നിങ്‌സ്.
പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സാണ് പഞ്ചാബ് നേടിയത്. ഇതോടെത്തന്നെ കൊല്‍ക്കത്തയ്ക്ക് കടുപ്പമായി കാര്യങ്ങള്‍. പിന്നീട് റിലീ റൊസോയും ബെയര്‍സ്‌റ്റോയും ചേര്‍ന്നായി ബാറ്റിങ്. ഈ കൂട്ടുകെട്ട് ടീം സ്‌കോര്‍ 178 വരെയെത്തി. ഒന്‍പതാം ഓവറില്‍ ചക്രവര്‍ത്തിയെ സിക്‌സിനു പായിച്ച് ബെയര്‍സ്റ്റോ അര്‍ധ സെഞ്ചുറി കുറിച്ചു. 23 പന്തുകളില്‍നിന്നായിരുന്നു നേട്ടം. 10 പന്തില്‍ 12 റണ്‍സ് എന്ന നിലയിലായിരുന്ന ബെയര്‍സ്‌റ്റോ പിന്നീടുള്ള 13 പന്തുകള്‍ നേരിട്ട് അര്‍ധസെഞ്ചുറിയിലെത്തി.
പത്തോവറില്‍ പഞ്ചാബ് നേടിയത് 132 റണ്‍സ്. ആന്ദ്രെ റസലെറിഞ്ഞ 12-ാം ഓവറില്‍ മൂന്ന് സിക്‌സ് സഹിതം 24 റണ്‍സാണ് പഞ്ചാബ് അടിച്ചുകൂട്ടിയത്. ഇതിനിടെ 13-ാം ഓവറില്‍ റൂസോ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. 16 പന്തില്‍ 26 റണ്‍സായിരുന്നു സമ്പാദ്യം. പിന്നീടെത്തിയ ശശാങ്ക് സിങ്ങ്, ബെയര്‍സ്റ്റോയ്‌ക്കൊപ്പം ചേര്‍ന്ന് ടീമിനെ വിജയതീരത്തെത്തിച്ചു.
പഞ്ചാബ് 15-ാം ഓവറില്‍ത്തന്നെ 200 കടന്നു. 16-ാം ഓവറില്‍ ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയും പിറന്നു. കേവലം 45 പന്തുകളില്‍നിന്നാണ് നേട്ടം. അര്‍ധസെഞ്ചുറിക്ക് വേണ്ടിവന്നത് 23 പന്തുകളെങ്കില്‍ സെഞ്ചുറിയിലേക്കെത്താന്‍ പിന്നീട് 22 പന്തുകളേ എടുത്തുള്ളൂ. ഇതോടെ ഐ.പി.എലില്‍ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി ബെയര്‍സ്റ്റോ സ്വന്തം പേരില്‍ ചേര്‍ത്തു. 38 പന്തുകളില്‍ സെഞ്ചുറി നേടിയ ഡേവിഡ് മില്ലറുടെ പേരിലാണ് റെക്കോഡ്. 2020-ല്‍ 45 പന്തുകളില്‍ സെഞ്ചുറി കുറിച്ച മായങ്ക് അഗര്‍വാളും ബെയര്‍സ്റ്റോയ്‌ക്കൊപ്പമുണ്ട്.
ശശാങ്ക് വന്നതുമുതല്‍ത്തന്നെ തകര്‍പ്പനടികള്‍ തുടങ്ങിയിരുന്നു. ക്രീസില്‍ സിക്‌സുകളെക്കൊണ്ട് ആറാട്ട് നടത്തുകയായിരുന്നു ശശാങ്ക്. 14-ാം ഓവറില്‍ ചക്രവര്‍ത്തിക്കെതിരേ രണ്ടും 17-ാം ഓവറില്‍ ചമീരയ്‌ക്കെതിരേ മൂന്നും 18-ാം ഓവറില്‍ ഹര്‍ഷിത് റാണയ്‌ക്കെതിരേ രണ്ടും 19-ാം ഓവറില്‍ രമണ്‍ദീപിനെതിരേ ഒന്നും സിക്‌സുകള്‍ ഉള്‍പ്പെടെ നേടിയത് എട്ട് സിക്‌സുകള്‍. ടീമിന്റെ വിജയ റണ്‍ കുറിക്കുമ്പോള്‍ 25 പന്തില്‍ 60 റണ്‍സായിരുന്നു ശശാങ്കിന്റെ സമ്പാദ്യം. 47 പന്തില്‍ 107 റണ്‍സുമായി ബെയര്‍സ്റ്റോയും പുറത്താവാതെ നിന്നു. ഒന്‍പത് സിക്‌സും എട്ട് ഫോറും ചേര്‍ന്നതാണ് ബെയര്‍സ്‌റ്റോയുടെ ഇന്നിങ്‌സ്. ഒരു ടി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറന്ന റെക്കോഡും ഈ മത്സരത്തിന് തന്നെ-42 സിക്‌സ്.
കൊല്‍ക്കത്തയുടെ ഇന്നിങ്‌സ്
പഞ്ചാബ് കിങ്‌സിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത, ആദ്യ ഓവര്‍ മുതല്‍ തന്നെ ഉഗ്രസ്വഭാവം പൂണ്ടു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിന്റെയും സുനില്‍ നരെയ്‌ന്റെയും കിടിലന്‍ ഇന്നിങ്‌സാണ് കൊല്‍ക്കത്തന്‍ സ്‌കോറിന്റെ നെടുംതൂണ്‍.
ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നും ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് കിടിലന്‍ തുടക്കമാണ് നല്‍കിയത്. പത്തോവര്‍ കഴിയേണ്ടി വന്നു, ഈ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍. ആദ്യ പത്തോവറില്‍ ഇരുവരും ചേര്‍ന്ന് 137 റണ്‍സ് അടിച്ചെടുത്തു. ഇരുവരും പഞ്ചാബ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു.
മൂന്നാം ഓവറെറിഞ്ഞ ഹര്‍ഷല്‍ പട്ടേലിനെ ഫില്‍ സാള്‍ട്ട് നന്നായിത്തന്നെ കൈകാര്യം ചെയ്തു. രണ്ട് സിക്‌സും ഒരു ബൗണ്ടറിയും സഹിതം 18 റണ്‍സാണ് ഹര്‍ഷല്‍ വഴങ്ങിയത്. അടുത്ത ഓവറെറിഞ്ഞ കഗിസോ റബാദയെ നരെയ്‌നും നിലംപരിശാക്കി. ഈ ഓവറില്‍ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം നേടിയത് 21 റണ്‍സ്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ കൊല്‍ക്കത്ത 76 റണ്‍സ് നേടി.
എട്ടാം ഓവറില്‍ വീണ്ടുമെത്തിയ റബാദയെ സുനിലും സാള്‍ട്ടും ചേര്‍ന്ന് വീണ്ടും ആക്രമിച്ചു. വഴങ്ങിയത് 22 റണ്‍സ്. ഇതിനിടെ നരെയ്‌നാണ് ആദ്യം അര്‍ധ സെഞ്ചുറി കുറിച്ചത്. 23 പന്തിലാണ് ഫിഫ്റ്റി. ഒന്‍പതാം ഓവറില്‍ സാള്‍ട്ടും അര്‍ധ സെഞ്ചുറി കണ്ടെത്തി. 11-ാം ഓവറിലാണ് പഞ്ചാബിന് സുനില്‍ – സാള്‍ട്ട് സഖ്യത്തെ പൊളിക്കാന്‍ കഴിഞ്ഞത്.
രാഹുല്‍ ചാഹറിന്റെ പന്തില്‍ ബെയര്‍സ്റ്റോയ്ക്ക് ക്യാച്ച് നല്‍കി നരെയ്ന്‍ ആദ്യം മടങ്ങി (32 പന്തില്‍ 71). നാല് സിക്‌സും ഒന്‍പത് ഫോറും ഉള്‍പ്പെട്ട ഇന്നിങ്‌സ്. തുടര്‍ന്ന് വെങ്കടേഷ് അയ്യരും സാള്‍ട്ടും ചേര്‍ന്നായി ബാറ്റിങ്. 13-ാം ഓവറില്‍ സാള്‍ട്ടും മടങ്ങി. സാം കറനെ തുടര്‍ച്ചയായി രണ്ട് സിക്‌സടിച്ചശേഷമാണ് പുറത്തായത്. 37 പന്തില്‍ ആറുവീതം സിക്‌സും ഫോറും സഹിതം 75 റണ്‍സ് നേടി.
പിന്നീട് വന്ന ആന്ദ്രെ റസല്‍ 12 പന്തില്‍ 24 റണ്‍സ് നേടി പുറത്തായി. അര്‍ഷ്ദീപ് സിങ്ങിനായിരുന്നു വിക്കറ്റ്. 19-ാം ഓവറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മടങ്ങി. 10 പന്തില്‍ 28 റണ്‍സെടുത്ത അയ്യരുടെ വിക്കറ്റും അര്‍ഷ്ദീപിന് തന്നെ. 18-ാം ഓവറില്‍ അര്‍ഷ്ദീപിനെ അയ്യര്‍ മൂന്ന് സിക്‌സും ഒരു ഫോറും പറത്തി. ഓവറില്‍ ലഭിച്ചത് 24 റൺസ്.
പിന്നീടെത്തിയ റിങ്കു സിങ് അവസാന ഓവറില്‍ മടങ്ങി (അഞ്ച് റണ്‍സ്). കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് അവസാനിക്കുംവരെ വെങ്കടേഷ് അയ്യർ ഒരുവശത്ത് പുറത്താവാതെ നിലയുറപ്പിച്ചു. 22 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടി. പുറത്താവാതെ നിന്ന രമണ്‍ദീപ് സിങ് മൂന്ന് പന്തില്‍ ആറ് റണ്‍സെടുത്തു.
പഞ്ചാബിനുവേണ്ടി അര്‍ഷ്ദീപ് സിങ് നാലോവറില്‍ 45 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ക്യാപ്റ്റന്‍ സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. നാലോവറില്‍ സാം കറന്‍ വഴങ്ങിയത് 60 റണ്‍സ്. റബാദ മൂന്നോവറില്‍ 52 റണ്‍സും ഹര്‍ഷല്‍ പട്ടേല്‍ മൂന്നോവറില്‍ 45 റണ്‍സും വഴങ്ങി. നാലോവര്‍ എറിഞ്ഞ രാഹുല്‍ ചാഹര്‍ 33 റണ്‍സാണ് വഴങ്ങിയത്.
