Photo | PTI

ഹൈദരാബാദ്: ഹൈദരാബാദിനെതിരേ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ ടോപ് സ്‌കോററായെങ്കിലും കോലിക്കെതിരെയുള്ള വിമര്‍ശനത്തിന് അറുതിയില്ല. എവേ മത്സരത്തില്‍ ഹൈദരാബാദിനെതിരേ നന്നായി തുടങ്ങിയ കോലി പവര്‍ പ്ലേ കഴിഞ്ഞതിനു പിന്നാലെ കൂടുതല്‍ പന്തുകളെടുത്ത് കളിച്ചതാണ് വിമര്‍ശനത്തിനാധാരം. മത്സരത്തില്‍ 43 പന്തില്‍ 51 റണ്‍സ് നേടി ബെംഗളൂരുവിന്റെ ടോപ് സ്‌കോററാണ് കോലി.

കോലിയും ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് തികവാര്‍ന്ന തുടക്കമാണ് ബെംഗളൂരുവിന് നല്‍കിയത്. ഇതിനിടെ ഡുപ്ലെസിസ് പുറത്തായി. അപ്പോഴും മറുവശത്ത് ആക്രമണ സ്വഭാവത്തോടെ കോലിയുണ്ടായിരുന്നു. മത്സരത്തിലെ ആദ്യ പന്തില്‍ത്തന്നെ ബൗണ്ടറി നേടിയാണ് കോലി തുടങ്ങിയത്. പാറ്റ് കമിന്‍സിന്റെ ഓവറില്‍ രണ്ട് ഫോറുകളും നേടി. പവര്‍പ്ലേയില്‍ 18 പന്തില്‍ 32 റണ്‍സെന്ന നിലയിലായിരുന്നു കോലി. ഒരു ഘട്ടത്തില്‍ 11 പന്തില്‍ 23 റണ്‍സായിരുന്നു.

പവര്‍പ്ലേ കഴിഞ്ഞതോടെ കോലിയുടെ ബാറ്റിന്റെ മൂര്‍ച്ചയും കുറഞ്ഞു. പിന്നീട് ഒരു ബൗണ്ടറി പോലും നേടാന്‍ കോലിക്കായില്ല. പവര്‍ പ്ലേയില്‍ 18 പന്തില്‍ 32 റണ്‍സ് എന്ന നിലയിലായിരുന്ന താരം പിന്നീടുള്ള 19 റണ്‍സ് നേടാനെടുത്തത് 25 പന്തുകള്‍. 15-ാം ഓവറില്‍ ജയ്‌ദേവ് ഉനദ്കട്ടിന്റെ പന്തില്‍ പുറത്താവുകയും ചെയ്തു. ഈ സമയത്ത് മറുവശത്ത് രജത് പാട്ടിദര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. പാട്ടിദറിന്റെ 19 പന്തില്‍ 50 റണ്‍സാണ് ബെംഗളൂരുവിന് രക്ഷയായത്.

ഈ മാസം അവസാനം ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കേ, കോലിയുടെ സ്‌ട്രൈക്ക് റേറ്റിലെ മന്ദഗതി സെലക്ടര്‍മാരെ കുഴക്കുമെന്നുറപ്പാണ്. പവര്‍പ്ലേയ്ക്കുശേഷമുള്ള കോലിയുടെ സമീപനം ഈ തരത്തിലാണെങ്കില്‍ അത് ഇന്ത്യന്‍ ടീമിന് ലോകകപ്പില്‍ ആശാസ്യമാവില്ല.

കോലിയുടെ ഈ പ്രകടനത്തെ ഒരു ആരാധകന്‍ വിശേഷിപ്പിച്ചത് സോഡാ കുപ്പിയോടാണ്. കോലി സോഡാ കുപ്പി പോലെയാണ്. തുറക്കുമ്പോള്‍ ഒരു ചീറ്റലുണ്ടാവുമെങ്കിലും പെട്ടെന്ന് കെട്ടടങ്ങുമെന്നാണ് അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്.

പവര്‍പ്ലേയില്‍ റേസിങ് കാറും അല്ലാത്തപ്പോള്‍ നാനോയുമാണെന്നാണ് മറ്റൊരു വിമര്‍ശനം.