Jio Cinema | Photo: Jio Cinema

രാജ്യത്തെ വിനോദ രംഗം കയ്യടക്കാനുള്ള പദ്ധതിയുമായി റിലയന്‍സ് ജിയോ സിനിമ. റിലയന്‍സ് ജിയോയുടെ സ്ട്രീമിങ് സേവനമായ ജിയോ സിനിമ പുതിയ പരസ്യ രഹിത പ്രീമിയം പ്ലാനുകള്‍ അവതരിപ്പിച്ചു. നെറ്റ് ഫ്‌ളിക്‌സ്, പ്രൈം വീഡിയോ ഉള്‍പ്പടെ ഉയര്‍ന്ന നിരക്കിലുള്ള പ്രീമിയം പ്ലാനുകള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമുകളെ വെല്ലുവിളിച്ചുകൊണ്ടാണ് പ്രതിമാസം 29 രൂപയില്‍ തുടങ്ങുന്ന പ്രീമിയം പ്ലാനുകള്‍ ജിയോ സിനിമ അവതരിപ്പിച്ചിരിക്കുന്നത്.

ഈ പ്ലാനുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല, 4കെ നിലവാരത്തില്‍ വീഡിയോകള്‍ ആസ്വദിക്കാം, ഓഫ്‌ലൈന്‍ ആയി ഉള്ളടക്കം ആസ്വദിക്കാം. സിനിമകള്‍, ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍, അന്താരാഷ്ട്ര ടെലിവിഷന്‍ സീരീസുകള്‍, കുട്ടികള്‍ക്കുള്ള പരിപാടികള്‍, ടിവി പരിപാടികള്‍ എന്നിവയെല്ലാം സ്മാര്‍ട് ടിവികള്‍ ഉള്‍പ്പടെ ഏത് ഉപകരണത്തിലും ആസ്വദിക്കാനാവും.

89 രൂപയുടെ ഫാമിലി പ്ലാനില്‍ നാല് സ്‌ക്രീനുകളില്‍ ഒരേ സമയം ജിയോ സിനിമ ഉപയോഗിക്കാനാവും. നിലവിലുള്ള ജിയോ പ്രീമിയം പ്ലാനുകള്‍ 89 രൂപയുടെ പ്ലാനിലേക്ക് ഓട്ടോമാറ്റിക് ആയി അപ്‌ഗ്രേഡ് ചെയ്യപ്പെടും. അതേസമയം ഐപിഎല്‍ പോലുള്ള കായിക വിനോദങ്ങള്‍ പരസ്യങ്ങളോടുകൂടി സൗജന്യമായി ആസ്വദിക്കാനാവും.

പീക്കോക്ക്, എച്ച്ബിഒ, പാരാമൗണ്ട്, വാര്‍ണര്‍ ബ്രോസ്.ഡിസ്‌കവറി തുടങ്ങിയ ആഗോള പ്രൊഡക്ഷന്‍ കമ്പനികളുടെ ഉള്ളടക്കങ്ങള്‍ ജിയോ സിനിമ പ്രീമിയം വരിക്കാര്‍ക്ക് ആസ്വദിക്കാനാവും. ഗെയിം ഓഫ് ത്രോണ്‍സ്, ഹൗസ് ഓഫ് ദി ഡ്രാഗണ്‍ ഉള്‍പ്പടെയുള്ള ഉള്ളടക്കങ്ങള്‍ ഇക്കൂട്ടത്തില്‍ പെടും. ഇവയുടെ ഇന്ത്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തവയും ലഭ്യമാണ്.