Photo: twitter.com/infosfcb
ബാഴ്‌സലോണ: ക്ലബ്ബ് വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്. ബുധനാഴ്ച മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമുണ്ടായത്. ക്ലബ്ബ് പ്രസിഡന്റ് ജൊവാന്‍ ലപോാര്‍ട്ടയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. സാവി അടുത്ത സീസണിലും ടീമിനൊപ്പമുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ക്ലബ്ബ് വൈസ് പ്രസിഡന്റ് റാഫ യുസ്‌തെ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ മറ്റൊരു പരിശീലകനുമായും യാതൊരു ചര്‍ച്ചകളും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ജനുവരിയില്‍ സ്വന്തം മൈതാനത്ത് വിയ്യാറയലിനോട് 5-3ന് തോറ്റതിനു പിന്നാലെയാണ് സാവി താന്‍ ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചത്. അടുത്ത സീസണ്‍ അവസാനം വരെ കരാര്‍ ബാക്കിയുള്ളപ്പോഴായിരുന്നു ഇത്.
നിലവില്‍ ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് 11 പോയന്റ് പിറകില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പിഎസ്ജിയോട് തോറ്റുപുറത്താകുകയും ചെയ്തു. കോപ്പ ഡെല്‍ റേയില്‍ നിന്നും പുറത്തായി. എങ്കിലും മുന്‍ താരം കൂടിയായ സാവിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു.
2021-ലാണ് സാവി ബാഴ്സലോണ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. 2022-23 സീസണില്‍ ക്ലബ്ബിനെ ലാ ലിഗ കിരീടത്തിലേക്ക് നയിക്കാനും അദ്ദേഹത്തിനായി.
