Photo: ANI

കൂടുതല്‍ റണ്‍സ്, കൂടുതല്‍ സിക്സ്, ഉയര്‍ന്ന ടോട്ടല്‍… അങ്ങനെയങ്ങനെ ബാറ്റിങ്ങില്‍ ഓരോ ഐ.പി.എലും പുതിയ റെക്കോഡുകള്‍ കുറിച്ചുകൊണ്ടിരിക്കുന്നു. ഒരു ടീമിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്നതില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം ഈ സീസണില്‍ രണ്ടുവട്ടം റെക്കോഡിട്ടു (277, 287). ഈ ഐ.പി.എലില്‍ മറ്റൊരു റെക്കോഡുകൂടി ഒരുങ്ങുന്നു. സെഞ്ചുറികളുടെ കാര്യത്തിലാണിത്.

ഒരു ഐ.പി.എല്‍. സീസണില്‍ കൂടുതല്‍ സെഞ്ചുറിവന്നത് 2023-ലായിരുന്നു, 12 എണ്ണം. 74 മത്സരങ്ങളിലാണിത്. ഇക്കുറി 39 മത്സരം പൂര്‍ത്തിയായപ്പോള്‍ ഒമ്പതു സെഞ്ചുറി പിറന്നുകഴിഞ്ഞു. ചൊവ്വാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സ്-ലഖ്നൗ സൂപ്പര്‍ ജയന്റ്സ് കളിയിലെ രണ്ട് ഇന്നിങ്സിലും സെഞ്ചുറിപിറന്നു. ആദ്യം ബാറ്റുചെയ്ത ചെന്നൈ സൂപ്പര്‍ കിങ്സിനുവേണ്ടി ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 60 പന്തില്‍ 108 റണ്‍സുമായി പുറത്താകാതെനിന്നപ്പോള്‍, മറുപടിബാറ്റിങ്ങില്‍ ലഖ്നൗവിനുവേണ്ടി 63 പന്തില്‍ 124 റണ്‍സുമായി പുറത്താകാതെനിന്ന മാര്‍ക്കസ് സ്റ്റോയ്നിസിന്റെ ഇന്നിങ്സ് ലഖ്നൗവിന് ത്രസിപ്പിക്കുന്ന ജയം നേടിക്കൊടുത്തു. ഇതില്‍ 13 ഫോറും ആറു സിക്സുമുണ്ട്. നിക്കോളാസ് പൂരന്‍ (15 പന്തില്‍ 34), ദീപക് ഹൂഡ (ആറുപന്തില്‍ 17*) എന്നിവരും തകര്‍ത്തടിച്ചതോടെ മൂന്നുപന്ത് ബാക്കിനില്‍ക്കെ ലഖ്നൗ ജയിച്ചു.

തിങ്കളാഴ്ച, മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്സ്വാളും (60 പന്തില്‍ 104*) സെഞ്ചുറിനേടിയിരുന്നു. ഇതോടെ, തുടര്‍ച്ചയായ മൂന്ന് ഇന്നിങ്സുകളിലും ഓരോ സെഞ്ചുറിയുണ്ടായി. മൂന്നും 160- ലേറെ സ്ട്രൈക്ക് റേറ്റിലാണെന്ന പ്രത്യേകതയുമുണ്ട്.

ഈ സീസണില്‍ രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്ലര്‍ രണ്ടു സെഞ്ചുറി നേടിയപ്പോള്‍ ട്രാവിസ് ഹെഡ് (സണ്‍റൈസേഴ്സ് ഹൈദരാബാദ്), സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത), വിരാട് കോലി (ബെംഗളൂരു), രോഹിത് ശര്‍മ (മുംബൈ) എന്നിവര്‍ ഓരോ സെഞ്ചുറിനേടി.

ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ രണ്ടു ടീമുകള്‍ 2022-ല്‍ ഐ.പി.എലില്‍ അരങ്ങേറ്റംകുറിച്ചതോടെ ടൂര്‍ണമെന്റിലെ ടീമകളുടെ എണ്ണം പത്തായി. മത്സരങ്ങളുടെ എണ്ണം 74 ആയി ഉയര്‍ന്നു. ഇതിനുശേഷം ആദ്യസീസണില്‍ (2022) നാലു സെഞ്ചുറി മാത്രമാണ് വന്നത്.