Photo: twitter.com/thecricketgully
ദുബായ്: വരുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ അംബാസഡറായി ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. കഴിഞ്ഞ ദിവസം ഐസിസിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജൂണില്‍ വെസ്റ്റിന്‍ഡീസിലും യു.എസിലുമായാണ് ലോകകപ്പ്.
2008, 2012, 2016 ഒളിമ്പിക്‌സുകളില്‍ 100, 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ ബോള്‍ട്ട്, രണ്ടിനങ്ങളിലും ലോക റെക്കോഡിനുടമയാണ്. ”ക്രിക്കറ്റ് ജീവിതത്തിന്റെ ഭാഗമായി കരുതുന്ന കരീബിയന്‍ ദ്വീപില്‍ ജനിച്ചുവളര്‍ന്ന എനിക്ക് ലോകകപ്പിന്റെ അംബാസഡറാവുക എന്നത് അഭിമാനവും ആവേശവുമാണ്.” – ബോള്‍ട്ട് പറഞ്ഞു. ഈ ലോകകപ്പ് യു.എസില്‍ ക്രിക്കറ്റ് ജനപ്രിയമാകുന്നതിന്റെ തുടക്കമാകുമെന്നും ബോള്‍ട്ട് പ്രതികരിച്ചു.
വെസ്റ്റില്‍ഡീസില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ ഇതോടെ ബോള്‍ട്ടിന്റെ സാന്നിധ്യമുണ്ടാകും. യുഎസില്‍ ലോകകപ്പിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിലും മുഖാമുഖങ്ങളിലും ബോള്‍ട്ട് പങ്കെടുക്കും. ഗ്രൂപ്പ് ഘട്ടത്തിലെ 40 മത്സരങ്ങളില്‍ 16 എണ്ണവും യുഎസിലെ ഡാലസ്, ന്യൂയോര്‍ക്ക്, ഫ്‌ളോറിഡ എന്നിവിടങ്ങളിലെ വേദികളിലായാണ് നടക്കുക. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്താന്‍ മത്സരം ജൂണ്‍ ഒമ്പതിന് ന്യൂയോര്‍ക്കിലാണ്.
