അരുണാചലിൽ നിന്നുള്ള ദൃശ്യം | Photo: @ians_india

ഇറ്റാന​ഗർ: അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ദേശീയപാത 33-ൽ ഹുൻലിക്കും അനിനിക്കുമിടയിലുണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാത തകർന്നതായി അധികൃതർ അറിയിച്ചു. ദേശീയപാത തകർന്നതോടെ ചൈനയുമായി അതിർത്തി പങ്കിടുന്ന ദിബാം​ഗ് ജില്ല ഒറ്റപ്പെട്ടു. പ്രദേശത്തേക്കുള്ള റോഡ് ​ഗതാ​ഗതം പൂർണമായും തടസ്സപ്പെട്ടു.

നിലവിൽ ദിബാം​ഗ് താഴ്‌വരയില്‍ ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കും ക്ഷാമമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഹുൻലിക്കും അനിനിക്കുമിടയിൽ ദേശീയപാതയിൽ വ്യാപകമായ നാശനഷ്ടമുണ്ടായതായി അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു അറിയിച്ചു. ​ഗതാ​​ഗതം ഉടൻ പുനഃസ്ഥാപിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.