Photo | PTI

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് മുന്‍ താരം വീരേന്ദര്‍ സെവാഗ്. ഹാര്‍ദിക് പാണ്ഡ്യയോ സഞ്ജു സാംസണോ ഉള്‍പ്പെടാത്ത ടീമാണ് സെവാഗ് പ്രഖ്യാപിച്ചത്. അതേസമയം, രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി മിന്നും ഫോം തുടരുന്ന സന്ദീപ് ശര്‍മ സെവാഗ് പ്രഖ്യാപിച്ച ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റും സെവാഗും ചേര്‍ന്നുള്ള ഒരു പോഡ്കാസ്റ്റ് ഷോയിലാണ് സെവാഗിന്റെ അഭിപ്രായപ്രകടനം. ഹാര്‍ദിക്കിനു പകരമായി ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ശിവം ദുബെയെയോ റിങ്കു സിങ്ങിനെയോ കൊണ്ടുവരണമെന്നും സെവാഗ് നിര്‍ദേശിച്ചു. ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ്ങിനും മുകേഷ് കുമാറിനും പകരമായി സന്ദീപ് ശര്‍മയാണ് സെവാഗിന്റെ മറ്റൊരു കണ്ടെത്തല്‍.

ഹാര്‍ദിക് ഇന്ത്യയുടെ പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടുമെന്നും പക്ഷേ, തന്റെ പ്ലെയിങ് ഇലവനില്‍ ഹാര്‍ദിക്ക് ഉണ്ടായിരിക്കില്ലെന്നുമാണ് സെവാഗ് വ്യക്തമാക്കിയത്. ഐ.പി.എല്‍ സീസണില്‍ ബാറ്റിങ് രംഗത്തും ബൗളിങ് രംഗത്തും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഹാര്‍ദിക്കിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് സെവാഗ് തിരഞ്ഞെടുത്തത്. ഇന്ത്യയുടെ ലോകകപ്പ് ടീമിനെ ഏപ്രില്‍ 28-ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.