Photo | PTI
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. മാര്‍ക്കസ് സ്റ്റോയിനിസിന്റെ തകര്‍പ്പന്‍ സെഞ്ചുറി പ്രകടനമാണ് ലഖ്‌നൗവിനെ വിജയത്തിലെത്തിച്ചത്. 63 പന്തില്‍ ആറ് സിക്‌സും 13 ഫോറും ഉള്‍പ്പെടെ 124* റണ്‍സാണ് സ്‌റ്റോയിനിസ് നേടിയത്. മറുപുറത്ത് ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് സെഞ്ചുറി നേടിയെങ്കിലും (60 പന്തില്‍ 108*) ടീമിനെ വിജയത്തിലേക്ക് നയിച്ചില്ല. സീസണിലെ തകര്‍പ്പന്‍ ചേസിങ് വിജയങ്ങളിലൊന്നാണ് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ കണ്ടത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ചെന്നൈ ഗെയ്ക്‌വാദിന്റെ സെഞ്ചുറിയുടെയും ശിവം ദുബെയുടെ അര്‍ധസെഞ്ചുറിയുടെയും ബലത്തില്‍ ലഖ്‌നൗവിന് മുന്നില്‍ 211 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. മറുപടി തുടങ്ങിയ ലഖ്‌നൗവിന് സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ ചേര്‍ക്കുന്നതിനിടെത്തന്നെ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായി. ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെയാണ് വിക്കറ്റ്.
തുടര്‍ന്നെത്തിയ മാര്‍കസ് സ്‌റ്റോയ്‌നിസും കെ.എല്‍. രാഹുലും ചേര്‍ന്ന് ഭേദപ്പെട്ട നിലയില്‍ റണ്‍സുയര്‍ത്തി. അഞ്ചാം ഓവറില്‍ മുസ്താഫിസുറിന്റെ പന്തില്‍ ഗെയ്ക്‌വാദിന് ക്യാച്ച് നല്‍കി കെ.എല്‍. രാഹുലും മടങ്ങി. പിന്നീട് ദേവ്ദത്ത് പടിക്കലുമൊത്തായി സ്റ്റോയ്‌നിസിന്റെ നീക്കങ്ങള്‍. പടിക്കല്‍ പക്ഷേ, ഐ.പി.എലിനു വേണ്ട കളി കളിച്ചില്ല.
പത്താം ഓവറില്‍ പതിരണയുടെ പന്തില്‍ ബൗള്‍ഡായി പടിക്കല്‍ പുറത്താവുമ്പോള്‍ നേടിയ റണ്‍സ് 13. അതിനുവേണ്ടി എടുത്തതാവട്ടെ, 19 പന്തുകളും. അപ്പോഴും മറുതലയ്ക്കല്‍ സ്‌റ്റോയ്‌നിസ് മെച്ചപ്പെട്ട ഇന്നിങ്‌സ് കളിച്ചുകൊണ്ടിരുന്നു. അതിനിടെ ഒന്‍പതാം ഓവറില്‍ സ്‌റ്റോയ്‌നിസ് അര്‍ധ സെഞ്ചുറി കുറിച്ചിരുന്നു. 26 പന്തുകളില്‍നിന്നായിരുന്നു ഈ നേട്ടം.
പടിക്കല്‍ പുറത്തായതോടെ നിക്കോളാസ് പുരാനെത്തി. അതോടെ ടീമിന്റെ സ്‌കോര്‍ വേഗവും കൂടി. യഷ് താക്കൂര്‍ എറിഞ്ഞ 16-ാം ഓവറില്‍ പുരാനും സ്റ്റോയ്‌നിസും ചേര്‍ന്ന് നേടിയത് 20 റണ്‍സ്. 15-ാം ഓവറില്‍ 137 റണ്‍സ് എന്ന നിലയിലായിരുന്ന ലഖ്‌നൗ പിന്നീടുള്ള അഞ്ചോവറുകളില്‍ നേടിയത് 76 റണ്‍സ്. 17-ാം ഓവറില്‍ പുരാന്‍ പുറത്താകുമ്പോള്‍ വ്യക്തിഗത സമ്പാദ്യം 15 പന്തില്‍ 34 റണ്‍സ്. പിന്നീട് ദീപക് ഹൂഡയ്‌ക്കൊപ്പം ചേര്‍ന്ന് സ്റ്റോയ്‌നിസ് കളി ജയിപ്പിക്കുകയായിരുന്നു. ആറു പന്തില്‍ 17 റണ്‍സാണ് ദീപക് ഹൂഡ നേടിയത്.
അവസാന മൂന്നോവറുകളില്‍ വേണ്ടിയിരുന്നത് 47 റണ്‍സായിരുന്നു. മുസ്താഫിസുറിന്റെ 18-ാം ഓവറിലും പതിരണയുടെ 19-ാം ഓവറിലും ലഭിച്ചത് 15 വീതം റണ്‍സ്. ഇതോടെ അവസാന ഓവറില്‍ വേണ്ടത് 17 റണ്‍സ്. മുസ്താഫിസുറിനെ ആദ്യ പന്ത് തന്നെ സിക്‌സ് കടത്തിയും അടുത്ത പന്ത് ബൗണ്ടറി കടത്തിയും സ്‌റ്റോയ്‌നിസ് കളിതിരിച്ചു. അടുത്ത പന്ത് നോബോളും ഫോറും ആയതോടെ കളി പൂര്‍ണമായും ചെന്നൈയുടെ കൈയില്‍നിന്ന് പോയി. തുടര്‍ന്നുള്ള പന്തും സ്റ്റോയ്‌നിസ് ഫോര്‍ നേടിയതോടെ ലഖ്‌നൗ ജയം സ്വന്തമാക്കി. ഒപ്പം പോയിന്റ് പട്ടികയില്‍ ചെന്നൈയെ മറികടക്കാനുമായി.
ആദ്യ ഓവറില്‍ത്തന്നെ ചെന്നൈ തകര്‍ച്ച നേരിട്ടു. മാറ്റ് ഹെന്റിയെറിഞ്ഞ ഓവറില്‍ അജിങ്ക്യ രഹാനെ (മൂന്ന് പന്തില്‍ ഒന്ന്) പുറത്തായി. ആറാം ഓവറില്‍ ഡറില്‍ മിച്ചലിനെ ദീപക് ഹൂഡയുടെ കൈകളിലേക്ക് നല്‍കി യഷ് താക്കൂറും വേട്ടയ്ക്ക് തുടക്കമിട്ടു. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സാണ് ചെന്നൈ നേടിയത്. ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ ഒന്‍പതാം ഓവറില്‍ ഗെയ്ക്‌വാദ് അര്‍ധ സെഞ്ചുറി കുറിച്ചു. ഇതോടെ ഐ.പി.എലില്‍ ചെന്നൈക്കുവേണ്ടി ഏറ്റവുംകൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ ഓപ്പണറായി (17 തവണ) ഗെയ്ക്‌വാദ് മാറി.
12-ാം ഓവറില്‍ രവീന്ദ്ര ജഡേജ മടങ്ങി. മുഹ്‌സിന്‍ ഖാന്റെ പന്തില്‍ രാഹുലിന് ക്യാച്ചായി പുറത്താകുമ്പോള്‍ 19 പന്തില്‍ 16 റണ്‍സായിരുന്നു വ്യക്തിഗത സ്‌കോര്‍. പിന്നീട് ഗെയ്ക്‌വാദിനൊപ്പം ശിവം ദുബെയായി കൂട്ട്. ഇരുവരും ചേര്‍ന്ന് മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുത്തു എന്നതിനുപുറമേ ടീം സ്‌കോറിന്റെ ദ്രുതഗതിയിലുള്ള ചലനവും സാധ്യമാക്കി. അവസാന ഓവറിലെ മൂന്നാംപന്ത് വരെ ഈ കൂട്ടുകെട്ട് നീണ്ടു.
18-ാം ഓവറില്‍ യഷ് താക്കൂറിന്റെ മൂന്നും നാലും പന്തുകള്‍ യഥാക്രമം സിക്‌സും ഫോറും അടിച്ച് ഗെയ്ക്‌വാദ് തന്റെ സെഞ്ചുറി പൂര്‍ത്തിയാക്കി. മൂന്ന് സിക്‌സും 12 ഫോറും ചേര്‍ന്നതാണ് ഗെയ്ക്‌വാദിന്റെ ഇന്നിങ്‌സ്. 19-ാം ഓവറില്‍ ശിവം ദുബെയും അര്‍ധ സെഞ്ചുറി കടന്നു. മുഹ്‌സിന്‍ ഖാനെ സിക്‌സിനു പറത്തിക്കൊണ്ടുള്ള വീരോചിതമായ ഫിഫ്റ്റി പ്രവേശം. അവസാന ഓവറില്‍ ദുബെ റണ്ണൗട്ടായി പുറത്താകുമ്പോള്‍ 27 പന്തില്‍ 66 റണ്‍സായിരുന്നു സമ്പാദ്യം. ഏഴ് സിക്‌സും മൂന്ന് ഫോറും ചേര്‍ന്ന ഇന്നിങ്‌സ്. ഇരുവരും ചേര്‍ന്ന് 104 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
പിന്നീട് നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലെത്തിയ ധോനിക്ക് ഗെയ്ക്‌വാദ് അവസാന പന്ത് കൈമാറി. ഒരു ബൗണ്ടറിയിലൂടെ ധോനി ചെന്നൈ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ചെന്നൈക്കുവേണ്ടി ഗെയ്ക്‌വാദ് നേടുന്ന രണ്ടാമത്തെ സെഞ്ചുറിയാണിത്. മുരളി വിജയ്, ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ മാത്രമാണ് ഇതിനു മുന്‍പ് ചെന്നൈക്കുവേണ്ടി രണ്ട് സെഞ്ചുറി കുറിച്ചത്. ലഖ്‌നൗവിനായി മാറ്റ് ഹെന്റി, മുഹ്‌സിന്‍ ഖാന്‍, യഷ് താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
