Photo | twitter.com/ChennaiIPL

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോനി. പ്രായം 42-പിന്നിട്ടിട്ടും അതിന് മാറ്റമില്ല. ഐപിഎല്ലില്‍ അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ധോനി നിറഞ്ഞാടുകയാണ്. ധോനിയുടെ ഈ പ്രകടനത്തില്‍ ആരാധകര്‍ സന്തോഷത്തിലാണ്. അതേ സമയം ജൂണില്‍ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ ധോനി ഇടംനേടുമോ എന്ന ചര്‍ച്ചയ്ക്കും തുടക്കമായി. ആരാധകരും മുന്‍ താരങ്ങളുമുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.

രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഒരു ‘വൈല്‍ഡ്കാര്‍ഡ് എന്‍ട്രി’ വഴി ധോനി ടീമിലിടം പിടിക്കുമോ എന്നതിനെ സംബന്ധിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനും മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചും പങ്കുവെച്ച അഭിപ്രായങ്ങളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിലേക്ക് ഒരു ‘വൈല്‍ഡ്കാര്‍ഡ് എന്‍ട്രി’ വഴി എംസ് ധോനിയെ കാണാന്‍ സാധിച്ചേക്കുമെന്നാണ് ഫിഞ്ച് പറയുന്നത്. എന്നാല്‍ ലോകകപ്പില്‍ കളിക്കണമെന്ന താത്പര്യം ധോനി പ്രകടിപ്പിച്ചാല്‍ അദ്ദേഹത്തിന്റെ അവസരം ആരും നിഷേധിക്കില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

‘ട്വന്റി20 ലോകകപ്പ് കളിക്കണമെന്ന് അദ്ദേഹം പറഞ്ഞാല്‍ ആരും ആ അവസരം നിഷേധിക്കില്ല. ആര്‍ക്കും അതില്‍ പ്രശ്‌നമുണ്ടാകില്ല. വളരെ മികച്ച രീതിയിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്.- ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ധോനിയെ ലോകകപ്പിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെ സംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അങ്ങനെയൊരു തീരുമാനമെടുക്കാനായി അദ്ദേഹത്തെ ബോധ്യപ്പെടുത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയതാമെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പ്രതികരിച്ചത്.