സച്ചിന്‍ തെണ്ടുല്‍ക്കര്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിച്ചത്ര കാലം ക്രിക്കറ്റില്‍ തുടര്‍ന്നാല്‍, താന്‍ വീല്‍ച്ചെയറിലിരുന്ന് ബാറ്റ് ചെയ്യേണ്ടിവരുമെന്ന് പറഞ്ഞത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിങ്ങാണ്. ഞാന്‍ ദൈവത്തെക്കണ്ടു, ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞത് ഓസ്‌ട്രേലിയയുടെ ഓപ്പണറായിരുന്ന മാത്യു ഹെയ്ഡനും. സച്ചിനു ശേഷം കളി തുടങ്ങുകയും സച്ചിനേക്കാള്‍ മുന്നെ കളി നിര്‍ത്തുകയും ചെയ്ത ഈ രണ്ടു മഹാരഥന്മാരുടെയും വാക്കുകള്‍ ലിറ്റില്‍ മാസ്റ്ററുടെ സുദീര്‍ഘമായ കരിയറിന് കിട്ടാവുന്ന ഏറ്റവും നല്ല വാക്കുകളാണ്. 16-ാം വയസില്‍ അരങ്ങേറി 24 വര്‍ഷക്കാലത്തോളം ആ 22 വാര ദൂരത്തിനിടയില്‍ ചെലവിട്ട് ഒടുവില്‍ 2013-ല്‍ തന്റെ ഇഷ്ട കായിക ഇനത്തോട് വിടപറഞ്ഞ സച്ചിന് ബുധനാഴ്ച 51 വയസ് തികയുകയാണ്.

മറാത്തി കവിയും നോവലിസ്റ്റും കോളജ് അധ്യാപകനുമായിരുന്ന രമേഷ് തെണ്ടുല്‍ക്കറുടെയും ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥയായ രജനിയുടെയും മകനായി 1973 ഏപ്രില്‍ 24-ന് മുംബൈയിലെ ബാന്ദ്രയില്‍ ആണ് സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ജനനം. രമേഷ് തെണ്ടുല്‍ക്കറിന് സംഗീത സംവിധായകനായ സച്ചിന്‍ ദേവ് ബര്‍മനോടുള്ള ആരാധന കാരണമാണ് മകന് ആ പേരിട്ടത്.

വിനോദ് കാംബ്ലിക്കൊപ്പം 1988 ഫെബ്രുവരിയില്‍ തീര്‍ത്ത 664 റണ്‍സിന്റെ കൂട്ടുകെട്ടാണ് സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ എന്ന പ്രതിഭയെ ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തിലേക്ക് നീക്കിനിര്‍ത്തിയത്. ചെന്നൈയിലെ പേസ് ഫൗണ്ടേഷനില്‍ പേസ് ബൗളറാകാനെത്തിയ സച്ചിനെ ഡെന്നീസ് ലില്ലിയാണ് ബാറ്റിങ്ങിലേക്ക് തിരിച്ചുവിട്ടത്. സച്ചിന്റെ വിക്കറ്റുകള്‍ വീഴ്ത്തുന്നവര്‍ക്ക് ഓരോ രൂപ സമ്മാനം പ്രഖ്യാപിച്ച് രമാകാന്ത് അച്രേക്കര്‍ ആ ബാറ്റിങ് പ്രതിഭയെ വിളക്കിയെടുത്തു.

1988 ഡിസംബര്‍ 11-ന് ഗുജറാത്തിനെതിരേ സെഞ്ചുറി നേടിക്കൊണ്ട് റെക്കോഡുകളുടെ കളിക്കാലത്തിലേക്ക് സച്ചിന്‍ പ്രവേശിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മൂന്നക്കം കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍. രഞ്ജിയിലും ദുലീപ് ട്രോഫിയിലും ഇറാനി കപ്പിലും അരങ്ങേറ്റമത്സരങ്ങളില്‍ സെഞ്ചുറി. 1989 നവംബറില്‍ പാക്കിസ്താന്‍ പര്യടനത്തിന് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ വെറു 16 വയസ്സുകാരന്‍. കറാച്ചിയില്‍ പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും ഇളമുറക്കാരന്‍ അന്നും ഇന്നും സച്ചിന്‍ തന്നെ. അന്നുതുടങ്ങി 2013-ല്‍ മുംബൈയിലെ വാംഖഡെയില്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തോടെ പാഡ് അഴിക്കുന്നതിനിടയിലെ 24 വര്‍ഷത്തെ ഓരോ മുഹൂര്‍ത്തവും ക്രിക്കറ്റ് ചരിത്രത്തിലുണ്ട്. സച്ചിന്റെ കണക്കെഴുതാതെ അതിലെ ഒരുവര്‍ഷവും കടന്നുപോയിട്ടില്ല.

ടെസ്റ്റിലും ഏകദിനത്തിലും സച്ചിന്‍ തരംഗമായത് വളരെപ്പെട്ടന്നാണ്. കോഴ വിവാദത്തില്‍ ഉലഞ്ഞ ഇന്ത്യന്‍ ടീമിനെ അതില്‍നിന്ന് രക്ഷിച്ചെടുക്കുന്നതില്‍ ബാറ്റിങ് പ്രതിഭയുടെ പോരാട്ടങ്ങള്‍ നിര്‍ണായകമായി. സൗരവ് ഗാംഗുലിയെയും രാഹുല്‍ ദ്രാവിഡിനെയും പോലുള്ള കൂട്ടുകാരെ കിട്ടിയതോടെ സച്ചിന്‍, ഇന്ത്യന്‍ ക്രിക്കറ്റിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിച്ചു. ക്രിക്കറ്റ് മതവും സച്ചിന്‍ ദൈവവുമായി മാറിയത് വളരെപ്പെട്ടന്നാണ്. സച്ചിന്‍ തെണ്ടുല്‍ക്കറാവുകയായി പിന്നീട് ഇന്ത്യന്‍ ബാല്യത്തിന്റെ സ്വപ്നം.

ഒട്ടേറെ താരങ്ങള്‍ വരുന്നതിനും ക്രിക്കറ്റ് ഇന്ത്യയില്‍ പ്രചാരം നേടുന്നതിനും അദ്ദേഹത്തിന്റെ സാന്നിധ്യം സഹായകമായി. കാലത്തിനും പ്രായത്തിനും തളര്‍ത്താനാകാതെ സച്ചിന്റെ കരിയര്‍ അനസ്യൂതം മുന്നേറി. കാലം പോലും സച്ചിനു മുന്നില്‍ മഞ്ഞുപോലെ ഉറഞ്ഞുനിന്നുവെന്നാണ് ടൈം മാസിക വിശേഷിപ്പിച്ചത്. ഭൂമുഖത്തെ മറ്റെല്ലാ വസ്തുക്കളിലും കാലം അതിന്റെ പാടുകള്‍ പതിപ്പിച്ചപ്പോള്‍, ഒരാളെ മാത്രം ഒഴിവാക്കി.

നമുക്ക് ഒട്ടേറെ ചാമ്പ്യന്മാരുണ്ട്. ഒട്ടേറെ ഇതിഹാസങ്ങളുണ്ട്. എന്നാല്‍ നമുക്കൊരിക്കലും മറ്റൊരു സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉണ്ടായിരുന്നില്ല. ഇനി ഉണ്ടാവുകയുമില്ല-ടൈം അദ്ദേഹത്തെ വിശേഷിപ്പിച്ചതിങ്ങനെ.

2011 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിക്കുന്നതില്‍ അദ്ദേഹം നിര്‍ണായകമായി. തൊട്ടടുത്ത വര്‍ഷം ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരേ സെഞ്ചുറി നേടി കരിയറില്‍ 100 അന്താരാഷ്ട്ര സെഞ്ചുറികള്‍ എന്ന അനുപമനേട്ടം സച്ചിന്‍ കൈവരിച്ചു.

ഇപ്പോഴും ടെസ്റ്റിലെയും ഏകദിനത്തിലെയും റണ്‍വേട്ടയുടെ റെക്കോഡ് സച്ചിന്റെ പേരിലാണ്. ഏകദിനത്തില്‍ 18,426 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. രണ്ടാമതുള്ള മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ പേരിലുള്ളത് 14,234 റണ്‍സാണ്. നിലവില്‍ കളിക്കുന്നവരില്‍ വിരാട് കോലിയാണ് തൊട്ടുപിന്നാലെയുള്ളത്, 13,848 റണ്‍സ്.

ടെസ്റ്റില്‍ 15,921 റണ്‍സെന്ന സച്ചിന്റെ റെക്കോഡിന് വെല്ലുവിളിയായുള്ളത് ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ്. നിലവില്‍ 11,736 റണ്‍സുമായി പത്താം സ്ഥാനത്താണ് റൂട്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സിന്റെ റെക്കോഡും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരില്‍ തന്നെ. 34,357 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കുമാര്‍ സംഗക്കാര (28,016), റിക്കി പോണ്ടിങ് (27,483), വിരാട് കോലി (26,733), മഹേല ജയവര്‍ധനെ (25,957) എന്നിവരാണ് പട്ടികയിലെ ബാക്കിയുള്ളവര്‍.

49 ഏകദിന സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോഡ് കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പിനിടെ വിരാട് കോലി മറികടന്നിരുന്നു. എന്നാല്‍ ടെസ്റ്റിലെ 51 സെഞ്ചുറികളെന്ന അദ്ദേഹത്തിന്റെ റെക്കോഡ് ഇന്നും ആര്‍ക്കും തകര്‍ക്കാനാകാതെ നിലകൊള്ളുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന നാഴികക്കല്ല് പിന്നിട്ട ഏകതാരവും സച്ചിന്‍ തന്നെ. 80 സെഞ്ചുറികളുമായി കോലിയാണ് രണ്ടാം സ്ഥാനത്ത്.

1990-കളില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ അനിഷേധ്യ സാന്നിധ്യമായിരുന്നു സച്ചിന്‍. ഒരുപാട് പ്രതിഭാധനരായ താരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആ ദശകത്തില്‍ ആര്‍ക്കും തന്നെ സച്ചിന്റെ ഏഴയലത്തെത്താന്‍ സാധിച്ചിരുന്നില്ല. ഇതില്‍ തന്നെ 1996 മുതല്‍ 1999 വരെയുള്ള കാലഘട്ടത്തിലുള്ള സച്ചിന്റെ കുതിപ്പ് പകരംവെയ്ക്കാനാകാത്തതായിരുന്നു. ടെസ്റ്റില്‍ 3358 റണ്‍സും ഏകദിനത്തില്‍ 5359 റണ്‍സുമാണ് ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 14 ടെസ്റ്റ് സെഞ്ചുറികളും 20 ഏകദിന സെഞ്ചുറികളും ഈ കുറഞ്ഞകാലത്തിനിടെ ആ ബാറ്റില്‍ നിന്ന് പിറവിയെടുത്തു.