നിലേഷ് കുംബാനി,Photo:twitter.com
അഹമ്മദാബാദ്: ബി.ജെ.പി. സ്ഥാനാര്‍ഥി എതിരില്ലാതെ ജയിച്ച ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ തെളിയുന്നത് നേരത്തേത്തന്നെ തയ്യാറാക്കിയ തിരക്കഥയുടെ സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന നിലേഷ് കുംഭാണി കുടുംബസമേതം നാടുവിട്ടിരിക്കുകയാണ്. കുംഭാണിയുടെ നാമനിര്‍ദേശപത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം നല്‍കിയ മൂന്നുപേരും കുംഭാണിയുടെതന്നെ ആളുകളാണ്. ഇവരില്‍ ജഗദീഷ് സാവലിയ അളിയനും ധ്രുവിന്‍ ധമേലിയ അനന്തരവനും രമേഷ് പൊലാര വ്യാപാരപങ്കാളിയുമാണ്. പത്രിക തള്ളിപ്പോയ ഡമ്മിസ്ഥാനാര്‍ഥി സുരേഷ് പഡസലയെ നിര്‍ത്തിയതും കുംഭാണിതന്നെ. ഒപ്പ് വ്യാജമാണെന്ന സത്യവാങ്മൂലങ്ങള്‍ ബി.ജെ.പി.ക്കാരനായ ഒരു നോട്ടറിയാണ് തയ്യാറാക്കിനല്‍കിയത്.
തിരക്കഥ ഇങ്ങനെ
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുംഭാണി പട്ടേല്‍ സമരസമിതി നേതാവായിരുന്നു. പട്ടേലുമാര്‍ കോണ്‍ഗ്രസിനെ തുണച്ച 2015-ലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന ഇയാള്‍ വാര്‍ഡ് കൗണ്‍സിലറായി ജയിച്ചു. ഒ.ബി.സി.ക്കാരനായ മുകേഷ് ദലാലിനെ നേരിടാന്‍ കോണ്‍ഗ്രസ് കുംഭാണിയെ രംഗത്തിറക്കി. എന്നാല്‍, കോണ്‍ഗ്രസിലും എ.എ.പി.യിലും പ്രവര്‍ത്തിച്ചിരുന്ന പഴയ പട്ടേല്‍ സമരനേതാക്കള്‍ ബി.ജെ.പി.യുമായി ധാരണയിലെത്തിയിരുന്നു. പത്രിക തള്ളിയതിനുപിന്നില്‍ ഗൂഢാലോചനയുള്ളതിനാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.
ബി.എസ്.പി.ക്കാരനെയും പൊക്കി
എട്ട് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചാലേ ബി.ജെ.പി. എതിരില്ലാതെ ജയിക്കുമായിരുന്നുള്ളൂ. ചെറുപാര്‍ട്ടികളിലെ മൂന്നുപേരെയും നാല് സ്വതന്ത്രരെയും പെട്ടെന്ന് പിന്‍വലിപ്പിക്കാനായി. ബി.എസ്.പി. സ്ഥാനാര്‍ഥി പ്യാരേലാല്‍ ഭാരതിയെ ഞായറാഴ്ച രാത്രി പാര്‍ട്ടിനേതൃത്വം വഡോദരയ്ക്കു മാറ്റി. പുതിയഫോണ്‍ നല്‍കുകയും പഴയഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ സൂറത്തിലെത്തിയ ഭാരതിയും പത്രിക പിന്‍വലിച്ചതോടെ ബി.ജെ.പി.യുടെ ‘ഓപ്പറേഷന്‍ കുംഭാണി’ പൂര്‍ണമായി.
