കൊല്ലം ലോക്‌സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥിയുടെ പ്രചാരണത്തിന്റെ ഭാഗമായി തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമല ചിന്നക്കടയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ കൃഷ്ണകുമാറിനെ പൊന്നാടയണിയിക്കുന്നു.

ഇടതുമുന്നണി പ്രവര്‍ത്തകരുടെ വ്യാജമൊഴിയുടെ അടിസ്ഥാനത്തില്‍, തന്നെ കേസില്‍ കുടുക്കിയതാണെന്ന് സനല്‍ ആരോപിച്ചു.

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തില്‍ നിരപരാധിയാണെന്ന അവകാശവാദവുമായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബി.ജെ.പി. മുളവന മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി സനല്‍കുമാര്‍.

ഇടതുമുന്നണി പ്രവര്‍ത്തകരുടെ വ്യാജമൊഴിയുടെ അടിസ്ഥാനത്തില്‍, തന്നെ കേസില്‍ കുടുക്കിയതാണെന്ന് സനല്‍ ആരോപിച്ചു. സ്ഥാനാര്‍ഥിക്ക് പരിക്കേറ്റ കുണ്ടറ മുളവനയിലെ സ്വീകരണയോഗത്തില്‍ ഇടതുപ്രവര്‍ത്തകര്‍ എത്തിയിരുന്നെന്നും ഇവരാകാം ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും സനല്‍ പറഞ്ഞു.

താക്കോല്‍ കൊണ്ടാണ് കൃഷ്ണകുമാറിന് പരിക്കേറ്റതെന്ന വാദത്തെപ്പറ്റി അറിയില്ല. തന്റെ കൈവശം താക്കോല്‍ ഉണ്ടായിരുന്നില്ല. അത് വാഹനത്തില്‍ത്തന്നെ വെച്ചിരിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളെപ്പറ്റി അറിയില്ലെന്നും സനല്‍ പറഞ്ഞു.

നോട്ടീസില്‍ ഒപ്പ് രേഖപ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ പോലീസുകാര്‍ കേസില്‍ കുടുക്കിയതാണെന്നും സനല്‍ കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ബി.ജെ.പി. മുളവന മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് വിനോദ്, ട്രഷറര്‍ ബാബുരാജ് എന്നിവരും പങ്കെടുത്തു.