Photo | AP

ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചരിത്രത്തില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ താരമായി രാജസ്ഥാന്‍ റോയല്‍സിന്റെ യുസ്‌വേന്ദ്ര ചാഹല്‍. ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ മുംബൈക്കെതിരേ നടന്ന മത്സരത്തിലാണ് ലെഗ് സ്പിന്നറുടെ റെക്കോഡ് നേട്ടം. മുംബൈയുടെ മുഹമ്മദ് നബിയെ സ്വന്തം പന്തില്‍ ക്യാച്ച് നേടി മടക്കിയാണ് റെക്കോഡിനുടമയായത്.

മുഹമ്മദ് നബിയെ പുറത്താക്കിയതോടെ, സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടി പര്‍പ്പിള്‍ ക്യാപ്പിനുടമയാവാനും യുസ്‌വേന്ദ്ര ചാഹലിന് കഴിഞ്ഞു. 13 വീതം വിക്കറ്റുകളുമായി ജസ്പ്രീത് ബുംറയ്ക്കും ഹര്‍ഷല്‍ പട്ടേലിനുമൊപ്പം ആദ്യ സ്ഥാനം പങ്കിടുന്നു. രാജസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റു നേടുന്ന മൂന്നാമത്തെ താരവുമാണ് ചാഹല്‍. 67 വിക്കറ്റുകളുമായി ഷെയിന്‍ വോണും 65 വിക്കറ്റുകളുമായി സിദ്ദാര്‍ഥ് ത്രിവേദിയുമാണ് മുന്‍പിലുള്ളത്.

2022 സീസണ്‍ മുതല്‍ രാജസ്ഥാനൊപ്പമുണ്ട് ചാഹല്‍. 2022-ല്‍ ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് രാജസ്ഥാന്‍ റോയല്‍സ് റണ്ണേഴ്‌സ് അപ്പായെങ്കിലും പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയത് ചാഹലായിരുന്നു. 17 മത്സരങ്ങളില്‍നിന്ന് 27 വിക്കറ്റുകളാണ് സീസണില്‍ സ്വന്തമാക്കിയിരുന്നത്.

കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോയെ മറികടന്നാണ് ചാഹല്‍ ഐ.പി.എലിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ കളിക്കാരനായത്. 152 മത്സരങ്ങളില്‍നിന്നാണ് ചാഹലിന്റെ 200 വിക്കറ്റ് നേട്ടമെങ്കില്‍ 161 മത്സരങ്ങളില്‍നിന്ന് 183 വിക്കറ്റുകളാണ് ചെന്നൈ താരമായിരുന്ന ഡ്വെയിന്‍ ബ്രാവോ നേടിയത്. 181 വിക്കറ്റുമായി പിയുഷ് ചൗളയും 174 വിക്കറ്റുമായി ഭുവനേശ്വര്‍ കുമാറും അടുത്തടുത്ത സ്ഥാനങ്ങളില്‍ തുടരുന്നു.