പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് എടുത്ത് കളഞ്ഞതാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തുടനീളം ബി.ജെ.പിയുടെ പ്രധാന പ്രചാരണങ്ങളിലൊന്ന്. അപ്പോഴും രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പിയോ അവരുടെ സഖ്യകക്ഷികളോ മത്സരിക്കാത്ത മൂന്ന് സീറ്റുകള്‍ ഉള്ളതും ജമ്മു കശ്മീരിലാണ്. അനന്ത്‌നാഗ്- രജൗറി, ശ്രീനഗര്‍, ബാരാമുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി. ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

അനന്ത്‌നാഗ്- രജൗറിയില്‍ മേയ് ഏഴിനാണ് വോട്ടെടുപ്പ്. ശ്രീനഗര്‍, മേയ് 13-നും ബാരാമുള്ള മേയ് 20-നും പോളിങ് ബൂത്തിലേക്കെത്തും. ഈ മൂന്ന് സീറ്റുകളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. 370-ാം വകുപ്പ് എടുത്ത് കളഞ്ഞ്, സംസ്ഥാന പദവിയില്‍നിന്ന് കേന്ദ്രഭരണപ്രദേശത്തിലേക്ക് തരംതാഴ്ത്തിയതിന് പിന്നാലെ നടക്കുന്ന ആദ്യലോക്‌സഭാ തിരഞ്ഞെടുപ്പാണ് 2024-ലേത്.

ജമ്മുവിലെ നാലു സീറ്റില്‍ ഉദ്ധംപുരിലും ജമ്മുവിലും ബി.ജെ.പി. സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇവിടെ രണ്ടിടത്തും 370-ാം വകുപ്പ് എടുത്ത് കളഞ്ഞതാണ് പ്രധാനപ്രചാരണായുധങ്ങളിലൊന്ന്. ‘370-ാം വകുപ്പിന്റെയും ജനങ്ങളെ ചൂഷണംചെയ്ത കുടുംബാധിപത്യ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റേയും നാഷണല്‍ കോണ്‍ഫറന്‍സിന്റേയും പി.ഡി.പിയുടേയും പിടിയില്‍നിന്ന് ജമ്മു കശ്മീരിന മോചിപ്പിച്ച’ പ്രധാനമന്ത്രിക്കുവേണ്ടിയാണ് പാര്‍ട്ടി ഇവിടെ വോട്ടുതേടുന്നത്.

370-ാം വകുപ്പ് എടുത്തുകളയുകയും സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കുകയും ചെയ്ത നടപടി താഴ്‌വരയിലെ ജനങ്ങളെ പാര്‍ട്ടിക്ക് എതിരാക്കിയെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. മൂന്ന് മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ സാന്നിധ്യം അത്തരം വികാരങ്ങളെ കൂടുതല്‍ വലുതാക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

അതേസമയം, തെറ്റിധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കാനാണ് മൂന്ന് മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍നിന്ന് പിന്മാറിയതെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു നേതാവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. പകരം മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കും. ജമ്മു കശ്മീരിലെ പ്രധാന പാര്‍ട്ടികളുമായെല്ലാം കൈകോര്‍ത്ത ചരിത്രം ബി.ജെ.പിക്കുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും സജ്ജാദ് ലോണിന്റെ ജമ്മു- കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സുമടക്കമുള്ള പാര്‍ട്ടികള്‍ക്ക് ബി.ജെ.പി. കൈകൊടുത്തിട്ടുണ്ട്.

370-ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ, കശ്മീരില്‍ ബി.ജെ.പിയെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ ചേര്‍ന്ന് ഗുപ്കാര്‍ മുന്നണി രൂപവത്കരിച്ചിരുന്നു. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും സഖ്യം പിരിഞ്ഞിരുന്നു. ഹിന്ദു ഭൂരിപക്ഷ ജമ്മു മേഖലയില്‍ ഈ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയാണ്. പി.ഡി.പി. അധ്യക്ഷ മെഹബൂബ മുഫ്തി മത്സരിക്കുന്ന മണ്ഡലമാണ് അനന്ത്‌നാഗ്- രജൗറി. ബാരാമുള്ളയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള മത്സരിക്കും.