മുഹമ്മദ് ഇർഫാനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ

കൊച്ചി: ബിഹാറില്‍നിന്ന്‌ കാറോടിച്ച് എറണാകുളത്തെത്തി സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ഇര്‍ഫാന്‍ ഉപയോഗിച്ചത് ഒരു സ്‌ക്രൂ ഡ്രൈവര്‍ മാത്രം. ആളുകളുള്ള വീടുകളില്‍ കയറി ആരുമറിയാതെ മോഷണം നടത്തുന്നതില്‍ വിദഗ്ധനാണ് ഇര്‍ഫാന്‍.

അതീവ സുരക്ഷയുള്ള പാര്‍പ്പിട മേഖലകളിലും മോഷണം നടത്തി മുങ്ങും. ഇന്റര്‍നെറ്റില്‍ പ്രദേശം തിരഞ്ഞ് കണ്ടെത്തിയ ശേഷം ബിഹാറില്‍നിന്ന് കാറെടുത്ത് പുറപ്പെടും. സമ്പന്നരുടെ കേന്ദ്രങ്ങളെക്കുറിച്ച് ആദ്യം പഠിക്കും. ഒരാഴ്ചവരെ സ്ഥലത്ത് തങ്ങിയ ശേഷമാകും വീട് കണ്ടെത്തുക.

സാഹചര്യങ്ങള്‍ അനുകൂലമായാല്‍ മതില്‍ ചാടി ഉള്ളിലെത്തും. മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് അടുക്കള ജനലിന്റെയോ വാതിലിന്റെയോ പൂട്ടുപൊളിച്ച് ഉള്ളിലെത്തി മോഷണം നടത്തും. ആഭരണങ്ങളാണ് കൂടുതല്‍ പ്രിയം. അര മണിക്കൂറില്‍ താഴെ സമയം കൊണ്ട് എത്ര സുരക്ഷയുള്ള ലോക്കറും തകര്‍ത്ത് ആഭരണങ്ങളുമായി സ്ഥലംവിടും. സംവിധായകന്‍ ജോഷിയുടെ വീട്ടിലും ഏതാണ്ട് അര മണിക്കൂറേ ഇര്‍ഫാന്‍ ചെലവഴിച്ചിട്ടുള്ളൂ.

ജോഷിയുടെ വീട്ടില്‍നിന്ന് അപഹരിച്ച മുഴുവന്‍ ആഭരണങ്ങളും കണ്ടെടുക്കാനായതും സംഭവം നടന്ന 15 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടിക്കാനായതും സിറ്റി പോലീസിന് അഭിമാനമായി.

മട്ടണ്‍ ബിരിയാണി കഴിച്ച്, മൂന്നുമതിലുകള്‍ ചാടിക്കടന്ന്…

കൊച്ചി: പനമ്പിള്ളി നഗറിലെ തലപ്പാക്കട്ടി ബിരിയാണി ഹൗസിലെ ഒരു ഒഴിഞ്ഞ ഇരിപ്പിടത്തിലിരുന്ന് ബിഹാറിന്റെ റോബിന്‍ ഹുഡ് വളരെ ലാഘവത്തോടെ പറഞ്ഞു: ‘ഇതായിരുന്നു ഞാനിരുന്ന സീറ്റ്. ദാ ആ നില്‍ക്കുന്നവര്‍ തന്നെയായിരുന്നു ഓര്‍ഡര്‍ എടുത്തത്. കഴിച്ചത് മട്ടണ്‍ ബിരിയാണി. മുന്നൂറു രൂപയായി ബില്‍. പണമായിട്ട് തന്നെയാണ് കൊടുത്തത്’.

കൊച്ചി സൗത്ത് എ.സി.പി. പി. രാജ്കുമാർ അപ്പോൾ ബിരിയാണി ഹൗസിലെ വെയ്റ്റർ സംഗീതയോട് ചോദിച്ചു: ‘നേരാണോ?’ സംഗീത പറഞ്ഞു: ‘നേരാണ് പക്ഷേ, പൈസ ഗൂഗിൾ പേയിലാണ് തന്നത്.’

അപ്പോൾ തന്നെ ഇർഫാൻ ഇടപെട്ടു: ‘ഏയ് ഞാൻ കാശുതന്നെയാണ് തന്നത്. എനിക്ക് ഗൂഗിൾപേ ഇല്ല. സർ, വേണമെങ്കിൽ ഇവിടത്തെ സി.സി.ടി.വി. നിങ്ങൾ നോക്കൂ…’

ഇതായിരുന്നു സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്ന് 1.20 കോടിയുടെ ആഭരണങ്ങൾ കവർന്ന രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവ് മുഹമ്മദ് ഇർഫാൻ.

ഇർഫാൻ പിന്നീട് പോയ സൗത്ത് പാലത്തിനു സമീപമുള്ള പെട്രോൾ പമ്പായിരുന്നു അടുത്ത സ്ഥലം. അവിടെ നിന്ന് 2000 രൂപയുടെ പെട്രോൾ അടിച്ച ശേഷമാണ് കാർ പാർക്ക് ചെയ്തത്. പിന്നീട് ക്രോസ് റോഡുകളിലൊന്നിലൂടെ നടന്ന് ജോഷിയുടെ വീടിരിക്കുന്ന ടെൻത് ക്രോസ് റോഡിലെ പത്ത് ബി ഭാഗത്തെത്തി. നടത്തിച്ചുതന്നെയാണ് പോലീസ് ഇർഫാനെ കൊണ്ടുവന്നത്. പോലീസിനെ കബളിപ്പിക്കാൻ നടത്തിയ വേഷംമാറലിന്റെ കഥ അവിടെ വെച്ച് ഇർഫാൻ വീശദീകരിച്ചു. മോഷണത്തിനായി കാറിൽ നിന്നിറങ്ങിവരുമ്പോൾ ധരിച്ചിരുന്നത് വെള്ള ടീഷർട്ടാണ്. അത് കളിസ്ഥലത്ത് ഊരിെവച്ച് ഉള്ളിലെ മെറൂൺ ടീഷർട്ടുമായി റോഡിന് ഇടതുവശത്തെ വീടുകളിലൊന്നിലേക്ക്.

ഏറ്റവും അറ്റത്തുള്ള മൂത്തൂറ്റ് ജോർജ് അലക്‌സാണ്ടറിന്റെ വീടിന്റെ മതിൽ ചാടി അകത്തേക്ക്. താമസമില്ലാത്ത അവിടെ പക്ഷേ, എല്ലാ ജനലുകൾക്കും ഗ്രിൽ ഉണ്ടായിരുന്നു. അതോടെ മോഷണശ്രമം ഉപേക്ഷിച്ച് തൊട്ടടുത്ത മതിലിനുള്ളിലെ ഡോ. ജോജി ജോൺ വർക്കിയുടെ തുണ്ടിപ്പറമ്പിൽ വീട്ടിൽ. അകത്തുകടക്കാനുള്ള പഴുതുകിട്ടാത്തതിനാൽ അവിടെയും പരാജയപ്പെട്ടു. മൂന്നാമത്തെ ശ്രമം ജോഷിയുടെ വീടിനോടു ചേർന്നുള്ള ജോയ് സി. അഗസ്റ്റിന്റെ വീട്ടിൽ. ഏറ്റവും ഒടുവിലാണ് ജോഷിയുടെ വീട്ടിലേക്ക് കയറിയത്.