Photo: twitter.com/Inter_en/

മിലാന്‍: ഇറ്റാലിയന്‍ സീരി എ കിരീടം ഇന്റര്‍ മിലാന്. ലീഗില്‍ അഞ്ചുമത്സരം ശേഷിക്കെയാണ് ഇന്ററിന്റെ കിരീടവിജയം. മിലാന്‍ ഡെര്‍ബിയില്‍ ചിരവൈരികളായ എസി മിലാനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയതോടെയാണ് ഇന്റര്‍ തങ്ങളുടെ 20-ാം ഇറ്റാലിയന്‍ ലീഗ് കിരീടം സ്വന്തമാക്കിയത്. മിലാന്‍ ഡെര്‍ബിയില്‍ ഇന്ററിന്റെ തുടര്‍ച്ചയായ ആറാം ജയംകൂടിയായിരുന്നു ഇത്. 2020-21 സീസണിലായിരുന്നു ഇന്ററിന്റെ അവസാന ലീഗ് കിരീടം.

33 മത്സരങ്ങളില്‍ നിന്ന് 27 ജയവും അഞ്ച് സമനിലകളുമായി 86 പോയന്റോടെയാണ് ഇന്റര്‍ കിരീടത്തിന് അര്‍ഹരായത്. ലീഗില്‍ ഒരു മത്സരം മാത്രമാണവര്‍ പരാജയപ്പെട്ടത്. രണ്ടാമതുള്ള എസി മിലാനേക്കാള്‍ 17 പോയന്റ് ലീഡോടെയാണ് ഇന്റര്‍ കിരീടം ഉറപ്പിച്ചത്. 33 കളികളില്‍ നിന്ന് 69 പോയന്റ് മാത്രമുള്ള എസി മിലാന് ഇനി ഇന്ററിനെ മറികടക്കാനാകില്ല.

സാന്‍സിറോയില്‍ നടന്ന മിലാന്‍ ഡെര്‍ബിയില്‍ ഫ്രാന്‍സെസ്‌കോ അസെര്‍ബിയും മാര്‍ക്കസ് തുറാമുമാണ് ഇന്ററിനായി സ്‌കോര്‍ ചെയ്തത്. ഫികായോ തൊമോരിയുടെ വകയായിരുന്നു മിലാന്റെ ആശ്വാസ ഗോള്‍.

അവസാന നിമിഷങ്ങളില്‍ മത്സരം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ മിലാന്‍ താരങ്ങളായ തിയോ ഹെര്‍ണാണ്ടസ്, ഡേവിഡ് കലാബ്രിയ എന്നിവരും ഇന്റര്‍മിലാന്‍ താരം ഡെന്‍സെല്‍ ഡംഫ്രീസും ചുവപ്പുകാര്‍ഡ് കണ്ടു.

1967-72 കാലയളവിനുശേഷം ഇതാദ്യമായാണ് ഇറ്റാലിയന്‍ ലീഗില്‍ തുടര്‍ച്ചയായ ആറ് സീസണുകളില്‍ വ്യത്യസ്തമായ പരിശീലകര്‍ക്ക് കീഴില്‍ ടീമുകള്‍ കിരീടം നേടുന്നത്. 2019-ല്‍ മാസ്സിമിലാനോ അല്ലെഗ്രിക്കും 2020-ല്‍ മൗറീസിയോ സാറിക്കും കീഴില്‍ യുവെന്റസ് കിരീടം നേടി. 2021-ല്‍ ആന്റോണിയോ കോണ്ടെയിലൂടെ ഇന്റര്‍ കിരീടമണിഞ്ഞു. 2022-ല്‍ സ്‌റ്റെഫാനോ പിയോലിയായിരുന്നു എസി മിലാന്‍ കിരീടം നേടുമ്പോഴുള്ള പരിശീലകന്‍. 2023-ല്‍ ലൂസിയാനോ സ്‌പെല്ലെറ്റിയുടെ നാപ്പോളി കിരീടജേതാക്കളായി. ഇപ്പോഴിതാ സിമോണെ ഇന്‍സാഗിയിലൂടെ ഇന്റര്‍ വീണ്ടും കിരീടമണിഞ്ഞിരിക്കുന്നു.