Photo | twitter.com/IPL
ജയ്പുര്‍: പന്തുകൊണ്ട് സന്ദീപ് ശര്‍മയും സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാളും കളം വാണ സുന്ദരമായ കളി. രാജസ്ഥാനുവേണ്ടി ഈ ദ്വയങ്ങള്‍ റോയലായപ്പോള്‍ മുംബൈ ഇന്ത്യന്‍സിന് തോല്‍ക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. തകര്‍ച്ചയോടെ ആരംഭിച്ച മുംബൈയെ മധ്യ ഓവറുകളില്‍ കൈപ്പിടിച്ചെഴുന്നേല്‍പ്പിച്ച തിലക് വര്‍മയ്‌ക്കോ നേഹല്‍ വധേരയ്‌ക്കോ തോല്‍വിയില്‍നിന്ന് അവരെ രക്ഷിക്കാനാവുമായിരുന്നില്ല. സ്‌കോര്‍- മുംബൈ: 179/9 (20 ഓവര്‍). രാജസ്ഥാന്‍: 183/1 (18.4 ഓവര്‍). രാജസ്ഥാന് ഒന്‍പത് വിക്കറ്റിന്റെ ഉജ്ജ്വല ജയം.
നാലോവറില്‍ വെറും 18 റണ്‍സ് വിട്ടുനല്‍കി മുംബൈയുടെ അഞ്ച് താരങ്ങളെ തിരിച്ചയച്ച സന്ദീപ് ശര്‍മയുടെ മാസ് പ്രകടനമായിരുന്നു കളിയുടെ ആദ്യ പകുതിയില്‍ കണ്ടത്. രണ്ടാംപകുതിയില്‍ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ചുറിത്തികവാര്‍ന്ന മിന്നലാട്ടംകൂടിയായതോടെ മത്സരത്തിന്റെ അന്തിമ ഫലം രാജസ്ഥാനനുകൂലമായി. സീസണില്‍ ആദ്യമായി മികച്ച പ്രകടനം പുറത്തെടുത്ത ജയ്‌സ്വാള്‍ 60 പന്തില്‍നിന്ന് 104 റണ്‍സാണ് നേടിയത്. ഏഴ് സിക്‌സും ഒന്‍പത് ഫോറും ചേര്‍ന്നതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. മറുപുറത്ത് രണ്ടുവീതം സിക്‌സും ഫോറും ചേര്‍ത്ത് 28 പന്തില്‍ 38 റണ്‍സ് നേടിയ സഞ്ജു സാംസണുമുണ്ടായിരുന്നു.
സെഞ്ചുറി നേടിയ ശേഷം ബാറ്റും തലയും മേലോട്ടുയര്‍ത്തിയുള്ള ജയ്‌സ്വാളിന്റെ നെടുവീര്‍പ്പിടലും ഹെല്‍മെറ്റില്‍ നല്‍കിയ ചുംബനവും ആനന്ദച്ചിരിയും രാജസ്ഥാന്‍ ആരാധകരെ മാത്രമല്ല, ഇന്ത്യക്കാരെ മുഴുവന്‍ ആനന്ദപ്പെടുത്തിയിരിക്കണം. സീസണിലുടനീളം വലിയ ഫോമില്ലാതെ ഉഴറിയിരുന്ന തകര്‍പ്പന്‍ ബാറ്റര്‍ക്ക് ഇതെന്തു പറ്റി എന്നതായിരുന്നു എല്ലാവരുടെയും ആശങ്ക. ആ ശങ്ക മറികടന്നതിനൊപ്പം, ടീമിന്റെ വിജയത്തില്‍ ഭാഗവാക്കാന്‍ കഴിഞ്ഞതിലും ടി20 ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള സാധ്യത സജീവമാക്കാനും കഴിഞ്ഞതിന്റെ നിര്‍വൃതിയിലായിരുന്നു ജയ്‌സ്വാള്‍.
ജോഷ് ബട്‌ലറും ജയ്‌സ്വാളും ചേര്‍ന്ന് തകര്‍പ്പന്‍ മറുപടിയാണ് നല്‍കിയത്. ഹാര്‍ദിക് എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ രണ്ട് ഫോറുമായി ബട്‌ലര്‍ കളം നിറഞ്ഞു. പിന്നീടുവന്ന ജസ്പ്രീത് ബുംറയെ കാര്യമായി ഒന്നും ചെയ്തില്ല. നാലാം ഓവറില്‍ കുട്‌സിയെ ഒരു സിക്‌സും രണ്ട് ഫോറും പറപ്പിച്ച് തുടങ്ങിയതാണ് ജയ്‌സ്വാളിന്റെ മൂര്‍ച്ചയുള്ള ആക്രമണം. ബുംറ വീണ്ടുമെത്തി സ്വതസിദ്ധമായ ബൗളിങ് കാഴ്ചവെച്ചു.
തുഷാരയെറിഞ്ഞ ആറാം ഓവറില്‍ നേടിയത് 17 റണ്‍സ്. ബട്‌ലറും ജയ്‌സ്വാളും ചേര്‍ന്ന് രണ്ടുവീതം ഫോറുകള്‍. ഇതോടെ പവര്‍ പ്ലേ സ്‌കോര്‍ 61 (0) ആയി. പിന്നീട് രാജസ്ഥാനെ ആശങ്കയിലാഴ്ത്തി മഴയെത്തി. 40 മിനിറ്റിനുശേഷം വീണ്ടും തുടങ്ങി. പിയൂഷ് ചൗളയെറിഞ്ഞ എട്ടാം ഓവറില്‍ മികച്ച ഒരു ഗൂഗ്‌ളിയിലൂടെ ബട്‌ലര്‍ പുറത്തായി (25 പന്തില്‍ 35). തുടര്‍ന്നു ചേര്‍ന്ന ജയ്‌സ്വാള്‍ – സഞ്ജു സഖ്യം ജയിക്കുംവരെ ക്രീസില്‍ തുടരുകയായിരുന്നു.
ഇതിനിടെ പത്താം ഓവറില്‍ കേവലം 31 പന്തുകളില്‍ ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി നേടി തേരോട്ടം തുടര്‍ന്നു. ബുംറയെറിഞ്ഞ 15-ാം ഓവറില്‍ ജയ്‌സ്വാളിന്റെ ഒരു സിക്‌സും ഫോറും ഉള്‍പ്പെടെ 16 റണ്‍സ് ലഭിച്ചു രാജസ്ഥാന്. പതിനാറാം ഓവറില്‍ത്തന്നെ ജയ്‌സ്വാള്‍ 90 കടന്നിരുന്നു. തിലക് വര്‍മയെറിഞ്ഞ 19-ാം ഓവറില്‍ ആദ്യ പന്തില്‍ സിംഗിളെടുത്ത ജയ്‌സ്വാള്‍, തന്റെ രണ്ടാം ഐ.പി.എല്‍. സെഞ്ചുറി സ്വന്തമാക്കി. രണ്ടും മുംബൈക്കെതിരെയായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. നാലാംപന്തില്‍ ഫോറടിച്ച് ടീമിനെ ജയിപ്പിക്കുകയും ചെയ്തു.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തതായിരുന്നു ഹാര്‍ദിക്. അതിന്റെ ആനുകൂല്യം അശേഷംപോലും മുംബൈക്ക് ലഭിച്ചില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ബാറ്റിങ് തുടക്കം. പവര്‍പ്ലേയ്ക്കകത്തുതന്നെ മൂന്നുപേര്‍ നഷ്ടപ്പെട്ടു. മധ്യ ഓവറുകളിലെ റണ്ണൊഴുക്കിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ 179 റണ്‍സിലെത്തിച്ചു. നാലോവറില്‍ 18 റണ്‍സ് മാത്രം നല്‍കി മുംബൈയുടെ അഞ്ച് വിക്കറ്റുകള്‍ പിഴുത സന്ദീപ് ശര്‍മയാണ് മുംബൈയുടെ വലിയ ലക്ഷ്യം തകര്‍ത്തത്. പവര്‍ പ്ലേയില്‍ത്തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ മുംബൈക്ക് തിലക് വര്‍മയുടെ അര്‍ധ സെഞ്ചുറിയും (45 പന്തില്‍ 65) നേഹല്‍ വധേരയുടെ ഇന്നിങ്‌സും (24 പന്തില്‍ 49) ആണ് തുണയായത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് സന്ദീപ് ശര്‍മ നേടിയത്.
ആദ്യ ഓവറിലെ അഞ്ചാംപന്തില്‍ത്തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ വിക്കറ്റ് കളഞ്ഞു. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ അഞ്ച് പന്തില്‍ ഒരു സിക്‌സാണ് രോഹിതിന്റെ സമ്പാദ്യം. ബോള്‍ട്ട് ഇതോടെ മറ്റൊരു റെക്കോഡും കുറിച്ചു. ഐ.പി.എലില്‍ ആദ്യ ഓവറില്‍ ഏറ്റവും വിക്കറ്റ് വാരിക്കൂട്ടിയ താരം-26 പുറത്താക്കലുകള്‍.
രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ഇഷാന്‍ കിഷനെ സന്ദീപ് ശര്‍മയും മടക്കി. പന്ത് ബാറ്റില്‍ നേരിയ തോതില്‍ തട്ടി സഞ്ജുവിന്റെ കൈകളിലേക്ക്. നാലാം ഓവറില്‍ വീണ്ടുമെത്തിയ സന്ദീപ്, സൂര്യകുമാര്‍ യാദവിനെയും തിരികെ അയച്ചു. റോവ്മാന്‍ പവലിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ എട്ട് പന്തില്‍ 10 റണ്‍സാണ് സൂര്യകുമാറിന്റെ റണ്‍സ്.
ആറാം ഓവറെറിഞ്ഞ ആവേശ് ഖാനെ 18 റണ്‍സടിച്ചതൊഴിച്ചാല്‍ മറ്റു ത്രസിപ്പിക്കുന്ന നീക്കങ്ങളൊന്നും മുംബൈ ബാറ്റര്‍മാരുടെ ഭാഗത്തുനിന്നുണ്ടായില്ല. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് കളഞ്ഞ് നേടിയത് 45 റണ്‍സ്. സീസണിലെ മുംബൈയുടെ ഏറ്റവും ദുര്‍ബലമായ പവര്‍ പ്ലേ സ്‌കോര്‍. എട്ടാം ഓവറില്‍ പന്തെടുത്ത യുസ്‌വേന്ദ്ര ചാഹലും നേടി വിക്കറ്റ്. തകര്‍പ്പനടിയുമായി ക്രീസില്‍ നിലയുറപ്പിച്ചുവന്ന മുഹമ്മദ് നബിയെ സ്വയം ക്യാച്ച് ചെയ്ത് പുറത്താക്കുകയായിരുന്നു. 17 പന്തില്‍ 23 റണ്‍സാണ് സമ്പാദ്യം. ഇതോടെ ഐ.പി.എലില്‍ 200 വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ ബൗളറാവാനും യുസ്‌വേന്ദ്ര ചാഹലിന് കഴിഞ്ഞു.
തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ തിലക് വര്‍മയും നേഹല്‍ വധേരയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചു. എട്ടാം ഓവറില്‍ ഒരുമിച്ച ഈ കൂട്ടുകെട്ട് 17-ാം ഓവര്‍വരെ നീണ്ടു. 99 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയ സഖ്യത്തെ ട്രെന്റ് ബോള്‍ട്ട് എത്തിയാണ് പൊളിച്ചത്. സന്ദീപ് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി നേഹല്‍ വധേര പുറത്താകുമ്പോള്‍ 24 പന്തില്‍ 49 റണ്‍സായിരുന്നു സമ്പാദ്യം. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍ അരികെ വീണു.
തുടര്‍ന്നും ക്രീസില്‍ നിലയുറപ്പിച്ച തിലക് വര്‍മ അവസാന ഓവര്‍ എറിഞ്ഞ സന്ദീപ് ശര്‍മയ്ക്കു മുന്നില്‍ വീണു. റോവ്മാന്‍ പവലിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. 45 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 65 റണ്‍സാണ് തിലക് നേടിയത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 10 പന്തില്‍ 10 റണ്‍സെടുത്ത് ആവേശ് ഖാന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി.
19-ാം ഓവറിലെ ആദ്യ പന്തില്‍ തിലക് വര്‍മയെയും രണ്ടാം പന്തില്‍ ജെറാള്‍ഡ് കുട്‌സിയെയും അഞ്ചാം പന്തില്‍ ടിം ഡേവിഡിനെയും പുറത്താക്കിയാണ് സന്ദീപ് ശര്‍മ അഞ്ചു വിക്കറ്റ് നേട്ടത്തിലെത്തിയത്. നാല് ഓവറില്‍ വെറും 18 റണ്‍സ് വിട്ടുനല്‍കിയാണ് ഈ നേട്ടം. ട്രെന്റ് ബോള്‍ട്ട് രണ്ടും ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. മുംബൈക്കുവേണ്ടി ഹാര്‍ദിക് പാണ്ഡ്യയുടെ നൂറാമത്തെ ഐ.പി.എല്‍. മത്സരമാണ് ഇന്നലത്തേത്.
