സ്മൃതി ഇറാനി

ന്യൂഡല്‍ഹി: അമേഠി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനിരിക്കേ രാഹുല്‍ ഗാന്ധിക്കെതിരേ പരിഹാസവുമായി സിറ്റിങ് എംപി. സ്മൃതി ഇറാനി. റോബര്‍ട്ട് വദ്ര കണ്ണുവെച്ചതിനാല്‍ പണ്ട് ബസ്സുകളില്‍ സീറ്റുറപ്പിക്കാന്‍ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുല്‍ അമേഠി സീറ്റ് പിടിക്കേണ്ടിവരുമെന്ന് സ്മൃതി ഇറാനി പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് 15-വര്‍ഷമായി ചെയ്യാന്‍ സാധിക്കാത്തത് താന്‍ അഞ്ച് വര്‍ഷം കൊണ്ട് ചെയ്‌തെന്നും അവര്‍ പ്രതികരിച്ചു.റോബര്‍ട്ട് വദ്ര അമേഠിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്മൃതി ഇറാനിയുടെ പ്രതികരണം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മേയ് 20-നാണ് മണ്ഡലത്തിലെ വോട്ടെടുപ്പ്.

സഹോദരിയുടെ ഭര്‍ത്താവ് സീറ്റില്‍ കണ്ണുവെച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി എന്ത് ചെയ്യും? സാധാരണ ബസില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റില്‍ മറ്റാരും ഇരിക്കാതിരിക്കാന്‍ തൂവാല ഇടാറുണ്ട്. സഹോദരിയുടെ ഭര്‍ത്താവ് സീറ്റില്‍ കണ്ണുവെച്ചിട്ടുള്ളതിനാല്‍ രാഹുല്‍ ഗാന്ധിയും തൂവാലയിട്ട് സീറ്റ് പിടിക്കാനെത്തും. – സ്മൃതി ഇറാനി പറഞ്ഞു.

27-ദിവസം മാത്രമേ തിരഞ്ഞെടുപ്പിന് ബാക്കിയുള്ളൂ. പക്ഷേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇത് അഹങ്കാരമാണ്. രാഹുല്‍ ഗാന്ധിക്ക് 15-വര്‍ഷമായിട്ടും ചെയ്യാന്‍ സാധിക്കാത്തത് എനിക്ക് അഞ്ച് വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിച്ചു.- അവര്‍ പറഞ്ഞു.

യു.പിയില്‍ കോണ്‍ഗ്രസ് കോട്ടയായി കണക്കാക്കിയിരുന്ന മണ്ഡലമാണ് അമേഠി. 2019-ല്‍ രാഹുല്‍ ഗാന്ധി പരാജയപ്പെടുന്നതിന് മുമ്പ് തുടര്‍ച്ചയായി മൂന്ന് തവണ അദ്ദേഹം മണ്ഡലത്തില്‍ നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ മാതാപിതാക്കളായ സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നിലവില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നാണ് ജനവിധി തേടുന്നത്. അമേഠിയില്‍ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി പറയുന്നതിനനുസരിച്ച് ചെയ്യുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അമേഠിയില്‍ മത്സരിച്ചാല്‍ വന്‍ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ വിജയമുറപ്പാക്കുമെന്നാണ് റോബര്‍ട്ട് വദ്ര പറഞ്ഞത്.